കുമളി: യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം ലോക്കൽ സെക്രട്ടറി സ്വയം കുടുങ്ങി. ഇടുക്കി, കുമളിയിലാണ് സംഭവം. വിവരാവകാശ പ്രവർത്തകനായ കുമളി സ്വദേശി സജിമോൻ സലീമിനെതിരെയാണ് സി പി എം അമരാവതി ലോക്കൽ സെക്രട്ടറിയായ പി.രാജൻ ഇക്കഴിഞ്ഞ ജൂൺ മാസം പീരുമേട് പൊലീസ് സ്റ്റേഷനിൽ തന്നെ, പീരുമേട് സിവിൽ സ്റ്റേഷന് ഉള്ളിൽ വെച്ച് സജിമോൻ സലിം കയ്യേറ്റം ചെയ്തെന്നും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പീരുമേട് പൊലീസ് മുൻപാകെ മൊഴി നൽകി കേസ് എടുപ്പിച്ചത്.

രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ് സി എസ്ടി അട്രോസിറ്റീസ് വകുപ്പുകൾ ഉൾപ്പടെ ചേർത്ത് പീരുമേട് പൊലീസ് കേസ് എടുക്കുകയും തുടർന്ന് കേസ് പീരുമേട് ഡി വൈ എസ് പി ക്ക് കൈമാറുകയും ചെയ്തു. അന്നേ ദിവസം തന്നെ കുമളിയിൽ ആക്രി വ്യാപാരം നടത്തുന്ന സുബ്ബരാജ് എന്ന വ്യക്തിയും, തന്നെ പീരുമേട്ടിൽ വെച്ച് സജിമോൻ സലിം കയ്യേറ്റം ചെയ്തെന്നും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പീരുമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എസ് സി എസ്ടി അട്രോസിറ്റീസ് വകുപ്പുകൾ ഉൾപ്പടെ ചേർത്ത് പീരുമേട് പൊലീസ് കേസ് എടുത്തിരുന്നു.

സുബ്ബരാജ് കുമളി ടൗണിൽ സർക്കാർ ഭൂമി കയ്യേറി കെട്ടിടം പണിയുന്നതിനെതിരെ സജിമോൻ സലിം കുമളി പഞ്ചായത് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി സുബ്ബരാജ് നടത്തുന്ന കെട്ടിട നിർമ്മാണം നിർത്തിവെപ്പിച്ചിരുന്നു. കൂടാതെ സുബ്ബരാജ് കയ്യേറി വെച്ചിരിക്കുന്ന സർവേ നമ്പറിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ ഭൂമി അന്യായമായി കൈവശം വെച്ചിരിക്കുന്നതിന് സുബ്ബരാജിനെതിരെ റവന്യൂ വകുപ്പ് എൽ .സി കേസും എടുത്തിട്ടുള്ളതാണ്.

രാജനും, സുബ്ബരാജും നൽകിയ മൊഴികൾ പ്രകാരം രണ്ട് സംഭവങ്ങളും നടന്നത് 20 മിനിറ്റ് ഇടവേളയിലാണ്. ഇത്തരത്തിൽ തനിക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്ന് വിവരം ലഭിച്ച സജിമോൻ സലിം, തൊടുപുഴ ജില്ലാ കോടതിയിൽ ജാമ്യത്തിനായി അപേക്ഷ സമർപ്പിക്കുകയുണ്ടായി. എന്നാൽ ഇതിനിടയിൽ രാജൻ ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട ആൾ അല്ല എന്നും, അത് സംബന്ധിച്ച കേരള ഹൈക്കോടതി വിധി ഉണ്ടെന്നും സജിമോൻ സലിമിന് വിവരം കിട്ടി. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ 2015 തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയായി , ദളിത് സംവരണ സീറ്റിൽ മത്സരിച്ച് ജയിച്ച രാജന്റെ എതിർ സ്ഥാനാർത്ഥി കോൺഗ്രസ്സിലെ പൊൻരാജ് , രാജൻ ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളല്ലെന്നും , ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നും കാട്ടി പീരുമേട് മുൻസിഫ് കോടതിയിൽ ഇലക്ഷൻ കേസ് നൽകുകയും, കൂടാതെ രാജന്റെ ജാതി സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കിർത്താഡ്‌സിനും ( KIRTADS) പരാതി നൽകിയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.

കൂടാതെ എതിർ സ്ഥാനാർത്ഥി നൽകിയ പരാതി അന്വേഷിച്ച കിർത്താഡ്‌സ് രാജൻ ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളല്ലെന്നും, ക്രിസ്ത്യൻ സാംബവ വിഭാഗത്തിൽ ഉൾപ്പെട്ട ആളാണെന്നും കണ്ടെത്തി രാജനെതിരെ നടപടി സ്വീകരിച്ചിരുന്നു.കിർത്താഡ്‌സിനെതിരെ നടപടിക്കെതിരെ രാജൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാജന്റെ ഹർജി തള്ളിയ കോടതി കണ്ടെത്തൽ ശെരിവെക്കുകയും രാജൻ ക്രിസ്താനിയാണെന്ന് പറയുകയും ചെയ്തു. രാജനെതിരെയുള്ള ഹൈക്കോടതി ഉത്തരവ് സംഘടിപ്പിച്ച സജിമോൻ സലിം തന്റെ അഭിഭാഷകൻ വഴി ടി ഉത്തരവ് പീരുമേട് ഡി വൈ എസ് പി ഓഫീസിൽ എത്തിച്ചു നൽകുകയും ചെയ്തു. രാജന്റെ ജാതി സർട്ടിഫിക്കറ്റിനായി പീരുമേട് താലൂക് തഹസിൽദാർക്ക്, ഡി വൈ എസ് പി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കുമളി വിലേജ് ഓഫീസർ നടത്തിയ അന്വേഷണത്തിലും രാജൻ ക്രിസ്ത്യൻ മതാചാരം പ്രകാരമാണ് ജീവിക്കുന്നത് എന്നും, രാജനെതിരെ ഹൈക്കോടതി ഉത്തരവുണ്ടെന്നും റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ തഹസീൽദാർ, രാജൻ ക്രിസ്ത്യൻ സാംബവൻ എന്ന സർട്ടിഫിക്കറ്റാണ് പൊലീസിന് നൽകിയത്.

തഹസീൽദാർ നൽകിയ റിപ്പോർട്ടിന്റെയും, ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ പൊലീസ് തൊടുപുഴ ജില്ലാ കോടതിയിൽ രാജന്റെ കേസിൽ എസ് സി എസ് ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടില്ല എന്ന റിപ്പോർട്ട് നൽകുകയുണ്ടായി. തുടർന്ന് ജാമ്യക്കാരുമായി ജില്ലാ കോടതിയിൽ ഹാജരായ സജിമോൻ സലീമിന് ഇരു കേസുകളിലും കോടതി ജാമ്യം അനുവദിച്ചു.

തനിക്കെതിരെ ഇത്തരത്തിലുള്ള ഒരു കോടതി ഉത്തരവ് നിലനിൽപ്പുണ്ട് എന്നുള്ള വിവരം പൊലീസിൽ നിന്നും മനപ്പൂർവം മറച്ചുവച്ചാണ് രാജൻ കേസ് എടുപ്പിച്ചത്. താൻ ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട ആൾ അല്ലാ എന്ന് പുറം ലോകം അറിഞ്ഞാൽ പഞ്ചായത് മെമ്പറായിരുന്ന കാലയളവിൽ ഓണറേറിയം ഇനത്തിൽ അഞ്ച് വർഷം താൻ കൈപ്പറ്റിയ ലക്ഷകണക്കിന് രൂപയും, മറ്റ് ആനുകൂല്യങ്ങളും തിരികെ സർക്കാരിലേക്ക് നൽകേണ്ടിവരും എന്നതിനാലുമാണ് രാജൻ താൻ ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട ആൾ അല്ല എന്നുള്ള വിവരം മറച്ചുവെച്ചത്.

സർക്കാർ ഭൂമി കയ്യേറി കെട്ടിടം പണിയുന്ന സുബ്ബരാജിനെ സഹായിക്കാനാണ് ചില സി പി എം നേതാക്കളുടെ ഒത്താശയോടെ ഇത്തരത്തിൽ ഒരു കള്ളക്കേസ് എടുപ്പിച്ചത്. കൂടാതെ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി, തമിഴ് വംശജനായ രാജൻ ചില തമിഴരോടൊപ്പം മുല്ലപ്പെരിയാർ ഡാമിൽ തൊഴിലാളികളുടെ വേഷത്തിൽ അതിക്രമിച്ചു കയറിയതിന് മുല്ലപ്പെരിയാർ പൊലീസ് കേസ് എടുത്തിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജിമോൻ സലിം പോസ്റ്റ് ചെയ്തതും രാജന് വിരോധത്തിന് കാരണമായി. തനിക്കെതിരെ വ്യാജ കേസ് നൽകിയ രാജനും, സുബ്ബരാജിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സജിമോൻ സലിം പറഞ്ഞു.