കൊച്ചി: മലയാളത്തിൽ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ലെന മോഹൻകുമാർ. നായികയായും, സഹനടിയായയും, അമ്മ വേഷത്തിലും വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുന്ന ഈ നടി സ്‌ക്രീനിനു പുറത്ത് തന്റെ സ്റ്റൈലും ശരീര സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന മോട്ടിവേറ്ററുമായി അറിയപ്പെടുന്നതുണ്ട്. ലെന യാത്രകളും പുതിയ ജീവിത പരീക്ഷണങ്ങളും പലപ്പോഴും വാർത്തയായിട്ടുമുണ്ട്.

'ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകവും ലെനയുടേതായി അടുത്തിടെ പുറത്തിറങ്ങി. ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയലിനെ കുറിച്ചുമാണ് ലെന പുസ്തകത്തിൽ സംസാരിക്കുന്നത്. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിലാണ് അവർ തന്റെ പുസ്തകം ഒരുക്കിയിരിക്കുന്നത്. ബാല്യകാല സുഹൃത്തായ അഭിലാഷ് കുമാറിനെയാണ് ലെന വിവാഹം ചെയ്തിരുന്നത്. ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നൂ. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ലെന പിന്നീട് ആത്മീയ പാതയിലേക്ക് തിരിയുകയായിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ലെനയ്ക്ക് വന്ന മാറ്റങ്ങൾ പ്രകടമാണ്.

ഇതേക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ലെന പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ ആവുകയാണ്. കടുത്ത അശാസ്ത്രീയതയും അന്ധവിശ്വാസവുമാണ് ലെന പ്രചരിപ്പിക്കുന്നത് എന്നാണ് വിമർശനം ഉയരുന്നത്.

കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസി

ഒരാൾക്ക് പല ജന്മങ്ങളുണ്ടെന്നും കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും ലെന പറയുന്നു. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്ന് പറഞ്ഞ ലെന, അറുപത്തിമൂന്നാം വയസിൽ ടിബറ്റിൽ വച്ചായിരുന്നു മരിച്ചതെന്നും പറയുന്നു. അതിനാലാണ് ഈ ജന്മത്തിൽ താൻ മൊട്ടയടിക്കുകയും ഹിമാലയത്തിലേക്ക് പോകുകയും ചെയ്തതെന്ന് ലെന വ്യക്തമാക്കുന്നു. ആത്മീയ കാര്യത്തിൽ സിനിമയിൽ തന്നെ സ്വാധീനിച്ചത് മോഹൻലാൽ ആണെന്നും ലെന പറഞ്ഞു.

'ആത്മീയ കാര്യത്തിൽ സിനിമയിൽ സ്വാധീനിച്ചിട്ടുള്ളത് ലാലേട്ടൻ ആണ്. എല്ലാ ആഗ്രഹങ്ങളും എഴുതി വയ്ക്കുന്നൊരു ശീലമുണ്ടായിരുന്നു. അതിൽ ഒന്നാണ് ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത്. അങ്ങനെ 2008 ഡിസംബർ അവാസാനം ആയപ്പോൾ എനിക്കൊരു കോൾ വന്നു. ഗിന്നസ് ബുക്കിലേക്കുള്ള എൻട്രിക്ക് വേണ്ടി ലാലേട്ടൻ ഹീറോ ആയെത്തുന്ന പടം ചെയ്യാൻ ആഗ്രഹിക്കുന്നു. ഇരുപത്തി നാല് മണിക്കൂറിൽ ആ പടം ചെയ്യാൻ പറ്റുമോ എന്നാണ് നോക്കുന്നത്. പടത്തിന്റെ പേര് ഭഗവാൻ എന്നും അവർ പറഞ്ഞു. അങ്ങനെ ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചു. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ച് ഓഷോയുടെ കറേജ് എന്ന പുസ്തകം വായിച്ചോണ്ടിരിക്കയാണ്. ആ വേളയിൽ എന്റെ മുന്നിലൂടെ ലാലേട്ടൻ പോകുകയാണ്. മോഹൻലാൽ എന്താണ് വായിക്കുന്നതെന്ന് ചോദിച്ച് പുസ്തകമെടുത്ത് തുറന്നു നോക്കി. ഓഷോയെ വായിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഓഷോയെ കുറിച്ചുള്ള വായനയ്ക്ക് 'ദി ബുക്ക് ഓഫ് സീക്രട്ട്' എന്ന പുസ്തകം വായിക്കാനും അദ്ദേഹം പറഞ്ഞു. അന്നു തന്നെ ആ പുസ്തകം വാങ്ങിച്ചു. രണ്ടര വർഷം ആ പുസ്തകവുമായി സമയം ചെലവഴിച്ചു. എന്റെ ജീവിതം പൂർണമായി തന്നെ മാറി', എന്നാണ് ലെന പറഞ്ഞത്.

ജാതകം നിങ്ങളുടെ ബ്ലൂ പ്രിന്റാണ്

അതിനിടെ ലെന പറയുന്നത് അശാസ്ത്രീയതയാണെന്നും വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. അഭിമുഖത്തിൽ ലെന ഇങ്ങനെ പറയുന്നു. -'പരമ്പാരഗത രീതികളിലേക്ക് പോകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു. മൺചട്ടികളിലാണ് ഇപ്പോൾ പാചകം ചെയ്യുന്നത്. കാരണം അയേണിന്റെ കുറവുണ്ടായിരുന്നു. ഇതേക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. അപ്പൂപ്പനും അമ്മൂയുമെല്ലാം ചെയ്ത രീതികൾ പിന്തുടരാനാണ് എല്ലാവരും പറയുന്നത്. മരങ്ങളും പച്ചക്കറികളുമാെക്കെ നട്ടുപിടിക്കുകയും ഒരു വീട് വെക്കുകയും ചെയ്യുന്നുണ്ടെന്നും ലെന വ്യക്തമാക്കി.

'നമുക്ക് മനസില്ല. നെർവ് സിസ്റ്റമാണുള്ളത്. തലച്ചോറിന്റെ മൂന്ന് സെറ്റുകളാണുള്ളത്. ഹൃദയത്തിലുള്ള ഫീലിങ് ബ്രെയ്ൻ, ഇമോഷണൽ ബ്ലെയ്ൻ, കൊഗ്നിറ്റീവ് ബ്രെയ്ൻ എന്നിവയാണ് നമുക്കുള്ളത്. ഈ മൂന്ന് ബ്രെയ്നുകളും കൂടെയാണ് മനസിലേക്ക് കണക്ടാകുന്നത്. മനസ് ഇന്റർനെറ്റ് പോലെയൊരു സാധനമാണ്. നിങ്ങളുടേതല്ല. നിങ്ങൾക്ക് അതിലേക്ക് സാധനങ്ങൾ അപ്ലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യാം. എല്ലാവരുടെയും പൊതുസ്വത്താണ്. മൃഗങ്ങളും മനസിലേക്ക് കാര്യങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ട്.''- ലെന പറയുന്നു. ഈ ഇന്റർനെറ്റിന് പുറത്ത് ജീവിതമുണ്ട്. 'യു ഡോണ്ട് ഹാവ് എ മൈൻഡ്' എന്ന പുസ്തകമാണ് താൻ അടുത്തതായി എഴുതാൻ പോകുന്നതെന്നും ലെന വ്യക്തമാക്കി.

ജീവിതത്തിലെ എല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടതാണെ്. ജാതകം നിങ്ങളുടെ ബ്ലൂ പ്രിന്റാണ്. എന്റെ ജാതകത്തിൽ ചിലപ്പോൾ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുമെന്ന് ഉണ്ടായിരുന്നു. അത് ശരിയാണ്. ഞാൻ കുട്ടികൾ വേണ്ടെന്ന് വെച്ചു. കല്യാണ യോഗമുണ്ട്, സന്യാസ യോഗമുണ്ട് എന്നൊക്കെയുണ്ടാകും. അതിൽ നിങ്ങൾ ഏത് തെരഞ്ഞെടുക്കുന്നു എന്നത് നിങ്ങളുടെ ഫ്രീൽ വിൽ ആണ്. അതിനാൽ യോഗം ജീവിതത്തിന്റെ ബ്ലൂ പ്രിന്റാണ്. - ലെന ചൂണ്ടിക്കാട്ടി.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ എപ്പോഴും ആ നായിക കരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഞാൻ ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞ് കൊണ്ടിരുന്നത്. ആന്റി ഡിപ്രസന്റുകൾ കഴിച്ച് ബുദ്ധിമുട്ടിലായിരുന്നു. 2017 വരെയുള്ള തന്റെ ജീവിതത്തിൽ മാനസികമായി ഒരുപാട് വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ലെന പറഞ്ഞു. ഇന്നത്തെ യുവ തലമുറ പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യയാണ് പരിഹാരം എന്ന് ചിന്തിക്കുന്നു. അതല്ല പരിഹാരം. പ്രശ്നങ്ങളെ ആസ്വദിക്കണം.

ശരീരത്തിൽ മസിലുകൾ ഉണ്ടാകുന്നത് ജിമ്മിൽ പോയി വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോഴാണ്. 15 വർഷത്തോളം ഞാൻ ജീവിതത്തിൽ മാനസികമായി പോരാട്ടമായിരുന്നു. അതുകൊണ്ട് താൻ ശക്തയാവുകയാണ് ചെയ്തതെന്നും ലെന തുറന്ന് പറഞ്ഞു. ജീവിതം ശരിക്കും തുടങ്ങുന്നത് മുപ്പതിന് ശേഷമാണ്. നാൽപതുകളിലാണ് നമ്മുടേതായ ജീവിതം ജീവിക്കുന്നുള്ളൂയെന്നും ലെന അഭിപ്രായപ്പെട്ടു.

ലെനക്ക് വേണ്ടത് മനഃശാസ്ത്ര ചികിത്സയോ?

നടി ലെനയുടെ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നു. മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈഗ്രൈനേക്കുറിച്ചും ലെന നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് വിമർശനം. മനഃശാസ്ത്രത്തിൽ ബിരുദാന്തര ബിരുദമുള്ള അഭിനേത്രിയാണ് ലെന. ഒരു ശാസ്ത്രം പഠിച്ച വ്യക്തിയുടെ ശബ്ദമല്ല ലെനയുടേത് എന്നാണ് വിമർശനം. ലെനക്ക് എന്തോ അപൂർവ മാനസിക രോഗം ഉണ്ടെന്നും അവർക്കാണ് ചികിത്സ വേണ്ടതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ലെനയുടെ പ്രസ്താവനകൾക്കെതിരെ ഡോക്ടർ സിജെ ജോൺ ചെന്നക്കാട്ട് പങ്കുവച്ച കുറിപ്പ് ചർച്ചയായി മാറുകയാണ്. ആ കുറിപ്പ് ഇങ്ങനെയാണ്- 'അഭിനേത്രി ലെനയുടെ ഒരു ഇന്റർവ്യൂവിനെ കുറിച്ച് പറയും മുമ്പേ ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ. ഡിഗ്രി കഴിഞ്ഞു ക്ലിനിക്കൽ സൈക്കോളജി കൂടി ഉൾപ്പെടുന്ന രണ്ട് വർഷ ബിരുദാനന്തര ബിരുദം നേടിയാൽ മാത്രം മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്‌ററ് ആവില്ല. അതിന് ചികിത്സാ സാഹചര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിലെ രണ്ട് വർഷ പി ജി അനന്തര പഠനം വേണം.

സൈക്കോളജിയിലും ക്ലിനിക്കൽ സൈക്കോളജിയിലും എം എ യോ, എം എസ്സിയോ ഉള്ളവർക്ക് കൗൺസെല്ലിങ് പോലെയുള്ള മനഃശാസ്ത്ര ചികിത്സകൾ തീർച്ചയായും ചെയ്യാം. ചില ആശുപത്രികളിൽ സൈക്കോളജിസ്റ്റെന്ന തസ്തികയിൽ നിയമിക്കാറുമുണ്ട്. അവർ പഠിക്കുന്ന സിലബസ്സിൽ ശാസ്ത്ര വിരുദ്ധ പ്രചരണം നടത്തണമെന്ന് പഠിപ്പിക്കുന്നുമില്ല. എന്നാൽ മനഃശാസ്ത്രത്തിൽ ബിരുദാന്തര ബിരുദമുള്ള അഭിനേത്രിയായ ലെന മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈഗ്രൈനേക്കുറിച്ചും ന്യൂ ഇന്ത്യൻ സ്പ്രസ്സിലെ ഇന്റർവ്യൂയിൽ ഒത്തിരി അബദ്ധങ്ങൾ വിളമ്പുന്നുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ കുഴപ്പം പിടിച്ചതാണെന്നാണ് ഒരു നിരീക്ഷണം.

ലെന മാഡം കൊളസ്ട്രോൾ വാല്യൂവിന്റെ നോർമൽ ശാസ്ത്ര ലോകം കുറച്ചതിനെ വിമർശിക്കുന്നു. എൽ. ഡി. എൽ, എച്ച്. ഡി. എൽ തുടങ്ങിയ ലിപിഡ് പ്രൊഫൈൽ വക ഭേദങ്ങളെ കുറിച്ച് പറയാതെ കൊളസ്ട്രോൾ വാല്യൂവിനെകുറിച്ച് മാത്രം പുലമ്പുന്നു. സ്റ്റാറ്റിൻ ഹൃദ്രോഗ നിയന്ത്രണത്തിൽ സൃഷ്ടിച്ച പ്രതിരോധത്തെ കുറിച്ചുള്ള പഠനങ്ങൾ ശ്രദ്ധിക്കാൻ പോകുന്നുമില്ല. ഞാൻ പ്രശസ്ത. അതുകൊണ്ട് ഞാൻ പറയുന്നത് ശാസ്ത്രമെന്ന ഈഗോയിൽ അഭിരമിക്കുന്നു.

മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റം പറയുന്ന സിനിമാ ശൈലിയിൽ തന്നെയാണ് ലെനയും. ആത്മഹത്യാ ചിന്തയെ ബുൾ ഷിറ്റ് എന്ന് പരിഹസിക്കുന്നത് ശ്രദ്ധിക്കുക. ഇത് സൈക്കോളജിസ്റ്റിന്റെ ഭാഷയല്ല. ഒരു ശാസ്ത്രം പഠിച്ച വ്യക്തിയുടെ ശബ്ദമല്ല ഇത്. രോഗ നിയന്ത്രണം വന്ന പലരും ഇതൊക്കെ കേട്ട് മരുന്ന് നിർത്തി കൂടുതൽ രോഗാവസ്ഥയിലേക്ക് വഴുതി വീഴുന്നത് നിത്യ സംഭവമാണ്. ലെനയുടെ വാചകമടി കേട്ട് കുറച്ച് പേർ കഷ്ടപ്പെടട്ടെ.

കിഡ്‌നി പോകും, ബ്രെയിൻ പോകും, കരൾ പോകുമെന്നൊക്കെ ഒരു നിരക്ഷരയെ പോലെ വിളിച്ച് കൂവുന്നുണ്ട്. ഇതൊക്കെ കുറെ കാലം കഴിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ട് കിഡ്‌നി പോകാതെ, അഭിനയിക്കാൻ പ്രാപ്തി നൽകുന്ന തലച്ചോറോടെ, ആരോഗ്യത്തോടെ മാഡം ഇപ്പോഴും നില നിൽക്കുന്നുണ്ടല്ലോ? സന്തോഷം. ഈഗോ ഇല്ലാതായാൽ മൈഗ്രൈൻ ഇല്ലാതാകുമെന്നതാണ് അഭിനേത്രിയുടെ പക്ഷം. അശാസ്ത്രീയത സിനിമാ ഡയലോഗ് പോലെ പറഞ്ഞിട്ട് ഒടുവിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണം മരുന്ന് നിർത്താനെന്നൊരു ഡിസ്‌ക്ളൈമർ നൽകിയിട്ടുമുണ്ട്. എന്ത് പറയാനാണ്?

സെലിബ്രിറ്റികൾ പൊതു ബോധത്തിലേക്ക് ഇട്ട് കൊടുക്കുന്ന ആശയക്കുഴപ്പങ്ങളിൽ മനം മടുത്തു ഇടുന്ന പോസ്റ്റാണിത്. ലെന ഒരു പ്രതീകം മാത്രം. വീഡിയോ ലിങ്ക് കമന്റിൽ കൊടുക്കുന്നുണ്ട്. കേട്ട് രസിക്കുക. ഇത് കേട്ട് എല്ലാ ഔഷധങ്ങളും നിർത്തുന്നവർ നിർത്തട്ടെ. മരുന്ന് കഴിക്കണമെന്ന് നിർദ്ദേശിക്കുന്ന വേളകളിൽ ഈ സൂക്തം വിശ്വസിച്ചു എതിർക്കട്ടെ. ഇമ്മാതിരി വർത്തമാനങ്ങൾ പറഞ്ഞ് ആധുനീക ചികിത്സയിൽ നിന്നും അകന്ന് നടന്ന ഒരു സിനിമാ പ്രമുഖൻ രോഗം കലശലായപ്പോൾ മൃത പ്രായനായി ആശുപത്രിയിൽ കയറുകയും രക്ഷപ്പെടുകയും ചെയ്ത സംഭവം കേരളം കണ്ടിട്ടുണ്ട്.

കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസിയായിരുന്നുവെന്ന് ഇതേ ഇന്റർവ്യൂവിന്റെ വേറെ ഭാഗത്തിൽ തറപ്പിച്ചു പറയുന്ന ലെന മികച്ച അഭിനേത്രി തന്നെ. ചികിത്സകയെന്ന നിലയിലുള്ള കേമത്തം ഇത് വരെ കേട്ടിട്ടില്ല. അത് ഇനി കൂടുതൽ തെളിയട്ടെ'- ഇങ്ങനെയാണ് ഡോക്ടർ സിജെ ജോൺ ചെന്നക്കാട്ട് കുറിപ്പ് അവസാനിപ്പിക്കുന്നത്. മറ്റ് നിരവധി ജനകീയ ആരോഗ്യ പ്രവർത്തകരും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും ലെനയെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ നടിയാവട്ടെ ഇത്തരം ട്രോളുകളോട് പ്രതികരിച്ചിട്ടുമില്ല.