തിരുവനന്തപുരം : ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞന്ന പേരിൽ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച മേയർ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് മുൻസഹപ്രവർത്തകൻ ശരത്. തൊഴിലാളി എന്തെന്നും അവരുടെ അവകാശമെന്തെന്നും മിനിമം ധാരണ വേണം, ഇപ്പോഴായിരുന്നെങ്കിൽ പട്ടിണി സമരം നടത്തിയ എകെജിയെയും ഇവർ പിടിച്ച് സസ്പെന്റ് ചെയ്യുമായിരുന്നു. അൽപന് ഐശ്വര്യം കിട്ടിയാൽ.....ഇങ്ങനെയാണ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ കാലം മുതൽ ആര്യരാജേന്ദ്രനൊപ്പം ചേർന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു ശരത്. തദ്ദേശതിരഞ്ഞെടുപ്പിൽ ആര്യാരാജേന്ദ്രന് വേണ്ടി മുടവന്മുകൾ വാർഡിൽ പ്രചാരണത്തിന് മുൻനിരയിലും ശരത്തുണ്ടായിരുന്നു. അടുത്തിടെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംഘടനാ പ്രവർത്തനരംഗത്ത് നിന്ന് ശരത്ത് മാറി നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ശുചീകരണ തൊഴിലാളികൾക്കെതിരായ മേയറുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പഴയ സഹപ്രവർത്തകന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. അതേസമയം പാർട്ടിക്കുള്ളിലും മേയറുടെ നടപടിയിൽ അതൃപ്തി ഉയർന്നിട്ടുണ്ട്.

സംഭവത്തിന്റെ വസ്തുത അറിയാതെ ഏകപക്ഷീയമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് പരാതി ലഭിച്ചിട്ടുണ്ട്. സിഐടിയുവിന്റെ നേതൃത്വത്തിൽ കോർപറേഷനിൽ പ്രതിഷേധ പ്രകടനവും നടന്നു. കോർപറേഷന്റെ ചാല സർക്കിളിൽ ശനിയാഴ്ചയാണ് സംഭവം. ഓണാഘോഷത്തിൽ ശുചീകരണത്തൊഴിലാളികളെ പങ്കെടുപ്പിക്കാതെ ഹെൽത്ത് ഇൻസ്പെക്ടർ ഇവരെ ശുചീകരണത്തിന് അയച്ചു. മുഷിഞ്ഞ വസ്ത്രങ്ങളുമായി തിരികെ എത്തിയ ജീവനക്കാർ ഭക്ഷണം കഴിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് മാലിന്യത്തിൽ തള്ളുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദമായത്.

തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും കോർറേഷൻ റിപ്പോർട്ട് വാങ്ങുകയും അതിന്റെ അടിസ്ഥാനത്തിൽ ഏഴു സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്യാനും മറ്റുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനും മേയർ ഉത്തരവിട്ടു. ശുചീകരണ തൊഴിലാളികളായ എ.ശ്രീകണ്ഠൻ, സന്തോഷ്, സുജാത, ജയകുമാരി,വിനോദ് കുമാർ, രാജേഷ്, ബിനുകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സദ്യ മാലിന്യ കുപ്പയിൽ കളഞ്ഞത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമുണ്ടായി.

തുടർന്ന് നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ ചാല സർക്കിളിലെ എച്ച്.ഐയോട് ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. മേയറുടെ ഓഫീസിലും സെക്രട്ടറിക്കും അഡിഷണൽ സെക്രട്ടറിക്കും ചെയർപേഴ്സൺ റിപ്പോർട്ട് കൈമാറി. എച്ച്.ഐയുടെ അന്വേഷണ റിപ്പോർട്ടിലും സെക്രട്ടറിതല അന്വേഷണത്തിലും ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.

മറ്റുള്ളവർക്കൊപ്പം ആഘോഷത്തിൽ പങ്കെടുപ്പിക്കാതെ ജോലിക്ക് അയക്കുകയും മടങ്ങിയെത്തിയപ്പോൾ ഔദാര്യം പോലെ നൽകിയ ഭക്ഷണം കഴിക്കാൻ ആത്മാഭിമാനം അനുവദിക്കാത്തതിനെ തുടർന്നുള്ള ജീവനക്കാരുടെ വികാരം മനസിലാക്കാതെ ശുചീകരണത്തൊഴിലാളികളെ ക്രൂശിക്കുന്നത് ഇടതുപക്ഷത്തിന്റെ മേയർക്ക് ചേർന്നതല്ലെന്നാണ് പ്രധാന വിമർശനം.

'പൊതുബോധത്തെ തച്ചു ഉടക്കുന്ന സമരരീതികൾ ആണ് എക്കാലത്തും കമ്മ്യൂണിസ്റ്റ്ക്കാർ ചെയ്തിട്ടുള്ളത്. അങ്ങനെ സമരംചെയ്തു പ്രതിഷേധിച്ച തൊഴിലാളികളെ, അതും ഏറ്റവും പ്രകടമായി വർഗ്ഗ വിവേചനം നേരിടുന്ന ശുചീകരണതൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചത് തീർത്തും അപലപനീയമാണ്. അതും ഒരു കമ്മ്യൂണിസ്റ്റ് മേയർ, പ്രതിഷധിച്ചതിന്റെ പേരിൽ തൊഴിലാളികളെ പിരിച്ചു വിടുന്നു എന്നത് അങ്ങേയറ്റം നിരാശയുളവാക്കുന്നുണ്ട്. ഇനി ഭക്ഷണം വേസ്റ്റ് ആക്കി, അതിന്റെ പേരിൽ പട്ടിണികിടക്കുന്നവരെ അപമാനിച്ചു എന്നതാണ് നിങ്ങളുടെ മനോവിഷമം എങ്കിൽ - അതൊരു അളിഞ്ഞ വലതുപൊതുബോധമാണ്.

നമ്മളാരും ഭക്ഷണം വേസ്റ്റ് ആക്കുന്നതുകൊണ്ടല്ല നാട്ടിൽ പട്ടിണി ഉണ്ടാവുന്നത്... ലോകത്ത് പട്ടിണി ഉണ്ടാവുന്നത്, സർക്കാരുകളുടെ, ഭരണാധികാരികളുടെ തെറ്റായ രാഷ്ട്രീയനയങ്ങൾ മൂലമാണ്. ഈക്വൽ ആൻഡ് ഫെയർ ഡിസ്ട്രിബൂഷൻ ഓഫ് റിസോഴ്സസ് നടപ്പിലാവാത്തതുകൊണ്ടാണ് പട്ടിണി ഉണ്ടാവുന്നത്. സമ്പത്ത് ഒരുഭാഗത്തു മാത്രം കുമിഞ്ഞുകൂടുന്നതുകൊണ്ടാണ് പട്ടിണി ഉണ്ടാകുന്നത് - ഭരണകൂടങ്ങളുടെ തെറ്റായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നയങ്ങളുടെ ബൈ പ്രോഡക്റ്റ് ആണ് പട്ടിണി! ഒരു കമ്മ്യൂണിസ്റ്റ്ക്കാരന് ഇതാരും പറഞ്ഞുമനസിലാക്കി തരേണ്ട ആവശ്യമില്ല.

നിങ്ങൾ കഴിച്ചുമതിയായി ബാക്കിവെച്ചു കളയുന്ന ഭക്ഷണം വെറൊരാളുടെ പട്ടിണി മാറ്റാൻ ഉള്ളതായിരുന്നു എങ്കിൽ അതിന്റെ കുറ്റബോധവും പാപഭാരവും പെറേണ്ട യാതൊരു ബാധ്യതയും നിങ്ങൾക്കില്ല. നിങ്ങൾ കഴിച്ചത് ബാക്കിവന്നത് കഴിക്കാൻ ഉള്ള ആളുകൾ അല്ല അനാഥകുട്ടികളും അഗതിമന്ദിരത്തിലെ ആളുകളും.

മേയർ ആര്യക്ക് കിട്ടിയ കയ്യടികൾ എല്ലാം, അറിഞ്ഞോ അറിയാതെയോ തൊഴിലാളിവിരുദ്ധതക്ക് കിട്ടിയ കയ്യടികൂടിയാണ്. പിരിച്ചുവിട്ട താത്കാലിക തൊഴിലാളികളെ എത്രയും പെട്ടന്ന് തിരിച്ചെടുത്തു മേയർ പറ്റിയ തെറ്റ് തിരുത്തണം' എന്നിങ്ങനെ നീളുകയാണ് മേയർക്കെതിരായ വിമർശനങ്ങൾ. മേയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായെന്ന് പാർട്ടിയിലെ ചില നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇതോടെ പാർട്ടി ആര്യാ രാജേന്ദ്രനിൽ നിന്ന് ഇക്കാര്യത്തിൽ വിശദീകരണം തേടിയേക്കും.