ലണ്ടന്‍: കഴിഞ്ഞയാഴ്ച ലോകത്തെ ഏതാണ്ട് സ്തംഭനത്തിന്റെ അടുത്തെത്തിച്ച ഐ ടി പിഴവിന് കാരണക്കാരായ ക്രൗഡ്‌സ്‌ട്രൈക്ക് വീണ്ടും വിവാദത്തില്‍ ആവുകയാണ്. എയര്‍ലൈന്‍സുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ച പിഴവിന് ക്ഷമാപണം നടത്തിക്കൊണ്ടാണ് കമ്പനി ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 10 ഡോളറിന്റെ ഊബര്‍ ഈറ്റ് വൗച്ചറുകള്‍ നല്‍കിയാണ് കമ്പനി ക്ഷമാപണം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച, ആഗോള തലത്തില്‍ തന്നെ 85 ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയ പിഴവിനെ കുറിച്ച് തങ്ങളുടെ ബിസിനസ്സ് പങ്കാളികള്‍ക്ക് കമ്പനി ഈമെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്. ഈ പിഴവ് കാരണം അധിക ജോലി ചെയ്യേണ്ടി വന്നതായി സമ്മതിക്കുന്നു എന്നാണ് ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ നന്ദി പ്രദര്‍ശിപ്പിക്കുന്നതിനായി നിങ്ങളുടെ അടുത്ത കാപ്പിയോ, രാത്രിയിലെ സ്നാക്ക്‌സോ ഞങ്ങളുടെ വക ആയിരിക്കുമെന്നും കമ്പനി പറയുന്നു. 10 ഡോളര്‍ ക്രെഡിറ്റ് ലഭിക്കുവാന്‍ ആവശ്യമായ കോഡും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഇത് ഒരു അപഹാസ്യമായ പ്രവൃത്തി ആയിട്ടാണ് ചിലരെങ്കിലും കാണുന്നത്. ഒരു റെഡിറ്റ് ഉപഭോക്താവ് എഴുതിയിരിക്കുന്നത് ഇത് വെറും കോമാളിത്തരമാണ് എന്നാണ്. ഒരു കപ്പ് കാപ്പിയൊ അല്ലെങ്കില്‍ ഊബര്‍ ഈറ്റ്‌സ് ക്രെഡിറ്റോ, അനാവശ്യമായ അദ്ധ്വാനം മൂലം നഷ്ടമായ പതിനായിരങ്ങള്‍ക്കോ, നഷ്ടപ്പെട്ട ഉപഭോക്തൃ വിശ്വാസത്തിനോ പകരമാവില്ല എന്നാണ് ക്രൗഡ്‌സ്‌ട്രൈക്കിന്റെ പങ്കാളി എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി ലിങ്ക്ഡിനില്‍ കുറിച്ചത്.

പിഴവിന്റെ ആഘാതം നിലനിന്ന സമയത്ത് തങ്ങളെ സഹായിച്ച പങ്കാളികള്‍ക്ക് വൗച്ചര്‍ നല്‍കിയ കാര്യം ക്രൗഡ്‌സ്‌ട്രൈക്കും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ചിലര്‍ ഈ വൗച്ചര്‍ സ്വീകരിച്ചിട്ട് അത് പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയുമായി സമൂഹമാധ്യമങ്ങളില്‍ വരുന്നുമുണ്ട്. ഉപയോഗ നിരക്ക് വര്‍ദ്ധിച്ചതിനാല്‍ യൂബര്‍ ആ വൗച്ചറുകളെ വ്യാജം എന്ന് വിലയിരുത്തി തള്ളുകയാണെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് പറയുന്നു. ഈ പിഴവുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ പരിഹാരം ക്രൗഡ്‌സ്‌ട്രൈക്കില്‍ നിന്നും ആവശ്യപ്പെടാന്‍ ഉപഭോക്താക്കളും, ഇതുമൂലം ദുരിതമനുഭവിച്ചവരും ആലോചിക്കുന്നതിനിടയിലാണ് വൗച്ചറുമായി കമ്പനി എത്തുന്നത്.