കോഴിക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ, ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സോഷ്യൽ മീഡിയിൽ കടുത്ത സൈബർ അധിക്ഷേപങ്ങൾക്ക് വിധേയമാവുന്ന സമയമാണല്ലോ ഇത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുത്തതോടെ, ലളിത ജീവിതം നയിച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെ മകൾ, യുഎഇയിൽ ആഡംബര ജീവിതം നയിക്കുന്ന എന്ന പ്രചാരണമാണ് സൈബർ സഖാക്കൾ ഉയർത്തുന്നത്. അവർ ധരിക്കുന്ന വസ്ത്രങ്ങൾ ലക്ഷങ്ങൾ വില വരുന്ന ടോപ് ബ്രാൻഡുകൾ ആണെന്നും, വാച്ച് പോലും പത്ത് ലക്ഷത്തിന് മുകളിൽ വിലയുള്ളതാണെന്നും, ദിവസം അറുപതിനായിരം രൂപ വാടകയുള്ള ഹോട്ടൽ മുറിയിലാണ് താമസമെന്നും, ബെർത്ത് ഡേ പാർട്ടി പോലും സിനിമാ താരങ്ങൾ അടക്കം പങ്കെടുക്കുന്ന വൻ ഇവന്റ് ആണെന്നുമാണ് സൈബർ സഖാക്കൾ തള്ളിമറിക്കുന്നത്.

ഈ ആരോപണങ്ങൾ പലതും പെരുപ്പിച്ചതാണെന്നത് വേറെകാര്യം. പക്ഷേ അവർ പിതാവിന്റെ തണലില്ല വളർന്നത്. പഠിച്ച് നല്ല ജോലി വാങ്ങി അധ്വാനിച്ചാണ് ജീവിക്കുന്നത്. അച്ചു ഉമ്മൻ എന്ന മാനേജ്മെന്റ് ബിരുദാനന്തര ബിരുദധാരി, ലോക റാങ്കിംങ്ങിൽ മൂന്നാം സ്ഥാനത്തുള്ള പ്രമുഖ ബാങ്കായ സ്റ്റാൻഡേർഡ് ആൻഡ് ചാർട്ടേർഡ് ബാങ്കിന്റെ ഏഷ്യാ റിജിയന്റെ വൈസ് പ്രസിഡറാണ്. ലക്ഷങ്ങളാണ് അവരുടെ ശമ്പളം. ഭർത്താവ് ആവട്ടെ ദുബായിലെ ബിസിനസുകാരനും. വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന ഇവർ മോദിങ്ങ് രാഗത്തും സജീവമാണ്. അതിനായി അച്ചു ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത, ലക്ഷക്കണക്കിന് ആളുകൾ കണ്ട ചിത്രങ്ങളാണ് ഇപ്പോൾ വലിയ കാര്യമെന്ന മട്ടിൽ സിപിഎം പ്രചരിപ്പിക്കുന്നത്.

പക്ഷേ ഒരുകാര്യം വ്യക്തമാണ്. ആരുമായും മാസപ്പടി വാങ്ങിയല്ല അച്ചു ഈ നിലയിൽ എത്തിയത്. പക്ഷേ ഇതിനെ വിമർശിക്കുന്ന സിപിഎം നേതാക്കളുടെ മക്കളുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് നോക്കാം.

ജ്യോതിബസുവിന്റെ മകൻ വളർന്നതെങ്ങനെ?

ഇന്ന് വീണാ വിജയൻ ആരോപിതായ ഷെൽ കമ്പനികൾ ഉപയോഗിച്ച് കൺസൾട്ടൻസി കമ്പനികൾ ഉണ്ടാക്കുന്ന ആരോപണം ആദ്യ ഉയർന്നുവന്നത് ബംഗാളിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ജ്യോതിബസുവിന്റെ മകൻ ചന്ദൻ ബസുവിന് നേരയാണ്. വീണയുടെ വളർച്ചയുമായി ഏറെ സാമ്യമുള്ള അനുഭവം ആണ് ചന്ദൻ ബസുവിന്റെ കഥ. ഒരു കോളജ് ട്രോപ്പ് ഔട്ട് അയിരുന്നു ചന്ദൻ, തൊഴിലിനായി ഏറെ അലഞ്ഞു തിരിഞ്ഞ വ്യക്തിയായിരുന്നു. ബസു ആദ്യമായി മുഖ്യമന്ത്രിയായ 1977ൽ അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിന്നെ സിപിഎമ്മിന്റെ അധികാരക്കുത്തക വന്നതോടെ ചന്ദൻ ബസുവിന്റെ വളർച്ചയുടെ കാലമായി.

എൺപതുകളിൽ ബിസ്‌കറ്റ് ഫാക്ടറിയും റിയൽ എസ്റ്റേറ്റ് കമ്പനികളും ചന്ദൻ കെട്ടിപ്പൊക്കിയത് പിതാവിന്റെ സ്വാധീനം ഉപയോഗിച്ചായിരുന്നു. ഈ ആരോപണം ഉയർന്നപ്പോൾ അതിനെ ന്യായീകരിച്ച് നടന്നവരാണ് കേരളത്തിലെയും ബംഗാളിലേയും സി പി എം നേതാക്കൾ. സിഐടിയുവിന്റെ നിരന്തര സമരങ്ങൾ കൊണ്ട് വ്യവസായങ്ങൾ ബംഗാളിൽ പൂട്ടിപ്പോവുന്ന കാലത്താണ് ചന്ദൻ ബാസുവിന്റെ ബിസിനസ് തഴച്ച് വളർന്നത്. 40 കൊല്ലം മുമ്പ് വൻകിട ക്ലബ് കളിലും, ആഡംബര ഹോട്ടലുകളിലും അടിച്ചു പൊളിച്ച് ജീവിക്കുന്ന ചന്ദൻ ബാസുവിനെക്കുറിച്ച് വന്ന കഥകൾക്ക് കണക്കില്ല.

സുഭബ്രത ബസു എന്നാണ് ചന്ദൻ ബസുവിന്റെ യഥാർത്ഥ പേര്. സംസ്ഥാന സെക്രട്ടേറിയറ്റിലെ റൈറ്റേഴ്‌സ് ബിൽഡിംഗിലെ ഓഫീസിൽ, ധോത്തിയും കുർത്തയും ധരിച്ച് പിതാവ് ഫയലുകൾ മുഴുകന്ന സായാഹ്നങ്ങളിൽ, സഫാരി സ്യൂട്ട് ധരിച്ച മകൻ വിലകൂടിയ സിഗറ്റുകൾ വലിച്ച് കോക്ക്ടെയിൽ പാർട്ടികളിൽ സ്‌കോച്ച് വിസ്‌ക്കി കഴിക്കയാണെന്ന് ബംഗാളിലെ പത്രങ്ങൾ എഴുതി. അന്ന് ഈ പത്രങ്ങളെ ബൂർഷ്വാ പാത്രങ്ങൾ എന്ന് വിളിച്ച് കളിയാക്കുകയാണ് സിപിഎം ചെയ്തത്. കമ്യൂണിസം എന്ന് പറയുന്നത് പാരമ്പര്യമായി കിട്ടുന്ന ഒരു സാധനം അല്ലെന്നും തന്റെ മകൻ കഠിനാധ്വാനം ചെയ്താണ് വളർന്നത് എന്നുമാണ് ജ്യോതി ബസു പറഞ്ഞത്. പക്ഷേ കാര്യങ്ങൾ ഒന്നും അങ്ങനെയായിരുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു. ബ്രിട്ടാനിയ ബിസ്‌ക്കറ്റ് കമ്പനിയുടെ വിതരണാവകാശം ചന്ദന് കിട്ടിയതും, സർക്കാർ നിയന്ത്രണത്തിനുള്ള ധനകാര്യസ്ഥാപനങ്ങളിൽനിന്ന് അദ്ദേഹത്തിന് ലക്ഷങ്ങൾ വായ്പ കിട്ടിയതുമെല്ലാം പിതാവിന്റെ സ്വാധീനം കൊണ്ടുതന്നെയാണെന്ന് വ്യക്തമാണ്.

കൊൽക്കത്തയിലെ പാർക്ക് ഹോട്ടലിന്റെ ഉടമ ജിത് പോൾ, ഇന്ദിരാഗന്ധിയുടെ വിശ്വസ്ഥനായ വ്യവയായി അമിൻചന്ദ് പ്യാരേലാൽ, കോൺഗ്രസ് എംപി കമൽനാഥ് എന്നിവരൊക്കെ ചന്ദന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഇവരുടെ പല കമ്പനികളിൽ നിന്നും ചന്ദന്റെ കമ്പനിയിലേക്ക് പണം ഒഴുകിയെന്ന് ആരോപണം ഉയർന്നതാണ്. പക്ഷേ പാർട്ടി അതൊന്നും പരിഗണിച്ചില്ല. ബംഗാളിൽ സിപിഎം നിഷ്‌ക്കാസനം ചെയ്യപ്പെട്ടപ്പോൾ അന്ന് ചന്ദൻ ബാസവിന്റെ ഷെൽ കമ്പനികളെകുറിച്ച് വിവരം കിട്ടുന്നത്.

ബംഗാളിന്റെ തനിയാവർത്തനം

ഇപ്പോൾ വീണ വിജയന്റെ കാര്യത്തിലും, ചന്ദൻ ബസുവിന്റെ കാര്യത്തിലെ തനിയാവർത്തനമാണ് കാണുന്നത്. പഠിക്കാൻ മോശമായിരുന്ന വീണ, അമൃതാനന്ദമയിയുടെ കോയമ്പത്തൂരിലെ കോളിൽ അഡ്‌മിഷൻ എടുത്തതൊക്ക, എങ്ങനെയാണെന്ന് ബെർലിൻ കുഞ്ഞനന്തൻ നായരുടെ പുസ്തകത്തിലൊക്കെ പലതവണ വന്നതാണ്. സ്വാശ്രയ കോളജിനെതിരെ പ്രസംഗിച്ചിരുന്ന പിണറായി വിജയന്റെ മകൾ, സ്വാശ്രയ കോളജിൽ പഠിച്ചാണ് പിന്നെ രവി പിള്ളയുടെ കമ്പനിയിൽ എത്തുന്നതും, സ്പ്രിങ്‌ളർ കരാറിൽ വരെ വിവാദമായ എകസ്ലോജിക്ക് കമ്പനിയുടെ ഉടമയായതും, ഇപ്പോൾ കരിമണൽ കർത്തയുടെ മാസപ്പടി ഡയറിയിൽവരെ എത്തിയതും.

പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോഴാണ് വീണയുടെ കമ്പനി ലാഭത്തിലാവുന്നത്. ഇപ്പോൾ ഒരു സേവനവും കൊടുക്കാതെ കരിമണൽ കർത്തയുടെ അടക്കമുള്ള കമ്പനികൾ വീണക്ക് മാസപ്പടി കൊടുക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്. ബംഗാളിൽ സംഭവിച്ചതിന്റെ തനിയാവർത്തനം കേരളത്തിലും ഉണ്ടാവുന്നു. വെറു തേർഡ് ക്ലാസ് ബിരുദം മാത്രമുള്ള പിണറായിയുടെ മകൻ വിവേക് കിരൺ ബർമ്മിഹാം യൂണിവേഴ്‌സിറ്റിയിൽ പഠിച്ചതെങ്ങനെ എന്ന് ചോദിക്കരുത്. ഈ വിവേക് കിരണിന്റെ ഭാര്യ ഭർത്താവ് പ്രകാശൻ, എ ഐ ക്യാമറ അഴിമതിയിലും വിവാദ പുരുഷനാവുന്നു.

ജ്യോതിബാസുവിന്റെ അത്ര എത്തിയില്ലെങ്കിലും ഇ കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന 1996- 2001 കാലത്ത മകൻ കൃഷ്ണകുമാറിന്റെ പരസ്യക്കമ്പനിക്കുവേണ്ടി വഴിവിട്ട സഹായം ഉണ്ടായി എന്ന് ആരോപണമുണ്ട്. അക്കാലത്താണ് കേരളത്തിൽ വ്യാജ മദ്യ- സ്പിരിറ്റ് ലോബി ശക്തി പ്രാപിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വരെ മദ്യ രാജാവ് മണിച്ചന്റെ പക്കൽ നിന്ന് സൗകര്യങ്ങളും പണവും പറ്റിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ മണിച്ചന്റെ ബെൻസ് കാർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മണിച്ചന്റെ മാസപ്പടി ഡയറിയിൽ വന്ന പേരുകാരെല്ലാം സിപിഎം നേതാക്കളായിരുന്നു. മണിച്ചനും കൂട്ടരും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് മാരായ സിർപുർക്കർ, സിറിയക്ക് ജോസഫ് എന്നിവർ 2011 ഏപ്രിൽ നാലിന് പുറപ്പെടുവിച്ച വിധി നായനാർ സർക്കാരിനെ എതിരായുള്ള കുറ്റപത്രമായിരുന്നു. 'മണിച്ചനെപ്പോലുള്ള ഒരാൾക്ക് വ്യാജ മദ്യത്തിന്റെ ഒരു സാമ്രാജ്യം കെട്ടിപ്പെടുക്കാൻ സാധിച്ചത് അന്നത്തെ ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊലീസും ചേർർന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിൻബലം കൊണ്ടാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിപിഎമ്മിലേക്ക് ഈ രീതിയിൽ അഴിമതി വന്നത് അക്കാലത്താണെന്ന് പരക്കെ വിമർശനമുണ്ട്.

മക്കൾ എല്ലാവരും ഉന്നതങ്ങളിൽ

കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും സൃഷ്ടിച്ച ആരോപണങ്ങൾക്ക് കൈയും കണക്കുമില്ല. പഠിക്കാൻ മോശമായ ഇവർക്കൊക്കെ എങ്ങനെ വലിയ കമ്പനികളിലൊക്കെ ജോലികിട്ടി എന്നതും വ്യക്തമാണ്. ബിനോയിയുടെ ബീഹാരി ബാർ ഡാൻസറുമായുള്ള ലൈംഗിക അപവാദവും, ബിനീഷിന്റെ ജയിൽവാസവും വാർത്തകളിൽ ഇടംപിടിച്ചത് എത്രയോ തവണ.

ബന്ധു നിയമങ്ങളും ഒരുപാട് ഇതിനിടെ നടന്നു. വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ പി കെശ്രീമതിയുടെ പേഴ്സണൽ സ്റ്റാഫിൽ സ്വന്തം മരുമകളെ നിയമിച്ചത് വൻ വിവാദമായിരുന്നു. ശ്രീമതിയുടെ മകൻ സുധീറിന്റെ ഭാര്യ ധന്യ എം. നായരെയാണ് അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി നിയമിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സുധീർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസ് ലിമിറ്റഡിന്റെ എംഡിയായതും വൻ വിവാദമായി. മാധ്യമങ്ങൾ ആഘോഷിച്ച ചിറ്റപ്പൻ വിവാദം മറക്കാൻ കഴിയില്ല. ബന്ധുക്കളെ സ്വന്തം വകുപ്പിൽ നിയോഗിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീലും പഴി കേട്ടു. നിരവധി മറ്റ് വകുപ്പുകളിലും സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റിയിട്ടുണ്ട്.

പ്രമുഖ സിപിഎം നേതാക്കളുടെ മക്കൾ ഏറെയും ഒരുകാലത്ത് അവർ പരിഹസിച്ചിരുന്നു സാമ്രാജ്യത്വ രാജ്യങ്ങളിൽ ആണെന്നം സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അണികൾ വെട്ടി മരിക്കുമ്പോൾ തങ്ങളുടെ മക്കളെ നേതാക്കൾ സുരക്ഷിതരാക്കി. മന്ത്രി എ.കെ.ബാലന്റെ രണ്ടു മക്കളും വിദേശ വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ്. ബാലന്റെ ഭാര്യ പികെ ജമീല മുൻ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. ബാലന്റെ ഒരു മകൻ നവീൻ ബാലൻ പാരിസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറാണ് . രണ്ടാമത്തെ മകൻ നിഖിൽ ബാലൻ നെതർലൻഡ്സിലാണ് പഠിച്ചത്. ധനമന്ത്രി തോമസ് ഐസക്കിന്റെ രണ്ടു പെൺമക്കളും അമേരിക്കയിലാണ്. മക്കളെ കാണാൻ തോമസ് ഐസക്ക് അമേരിക്കൻ യാത്ര നടത്താറുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.ജെ.തോമസിന്റെ മകൾ ലണ്ടനിലാണ്. ഇ പി ജയരാജന്റെ രണ്ട് മക്കൾക്കും ഗൾഫ് ബന്ധങ്ങളുണ്ടെന്നാണ് വാർത്തയിലുള്ളത്. ഗൾഫിലെ പ്രമുഖ ബിസിനസുകാരനൊപ്പമാണ് ഇ പിയുടെ ഒരു മകനായ ജെയ്‌സൺ ജോലി ചെയ്യുന്നത്. മറ്റൊരു മകനായ ജിതിനും ഗൾഫിൽ ബിസിനസ് ബന്ധങ്ങളുണ്ട്. കണ്ണൂരിൽ ഇ പിയുടെ മകന്റെ സ്ഥാപനത്തിനുവേണ്ടി കുന്നിടിക്കുന്നതും നേരത്തെ വൻ വിവാദമായിരുന്നു.

ഇങ്ങനെയുള്ള സിപിഎം ആണ് സ്വന്തമായി പഠിച്ച് വളർന്ന് നല്ല ജോലി കണ്ടെത്തി വിദേശത്ത് ജീവിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. ബസ്സിന് കല്ലെറിയാനും, തീവെക്കാനും, നിൽക്കാതെ നന്നായി പഠിച്ചിരുന്നെങ്കിൽ നിങ്ങൾക്കും അച്ചു ഉമ്മനെപ്പോലെയാവാം എന്നാണ്, കോൺഗ്രസ് സൈബർ വിങ് ഇതിന് മറുപടിയായി പറയുന്നത്.