കോഴിക്കോട്: കേരളത്തിലെ അറിയപ്പെടുന്ന ദലിത് ചിന്തകനും, എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ ടി എസ് ശ്യാംകുമാറിനെതിരെ ഹിന്ദുത്വവാദികളുടെ കൂട്ട സൈബര്‍ ആക്രമണം. മതരാഷ്ട്രവാദികളായ, ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വ ആയ മാധ്യമം പത്രത്തില്‍ കര്‍ക്കിടകം ഒന്ന് മുതല്‍ രാമായണ വ്യാഖ്യാനമെന്ന പേരില്‍ ശ്യാം കുമാര്‍ എഴുതുന്ന കോളം, ഹിന്ദുക്കളെയും രാമനെയും അവഹേളിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

എന്നാല്‍ അംബേദ്ക്കറെറ്റ് നിലപാടുകള്‍ക്ക് അനുസരിച്ചുള്ള സ്വതന്ത്രമാണ് പഠനമാണ് തന്റേതെന്നും, ഒരു മതത്തെയും അപമാനിച്ചിട്ടില്ല എന്നുമാണ് വിവാദം സംബന്ധിച്ച് ഡോ ശ്യാംകുമാര്‍ പ്രതികരിക്കുന്നത്. കുറച്ചുവര്‍ഷം മുമ്പ് ഡോ എം എം ബഷീര്‍, മാതൃഭൂമി പത്രത്തില്‍, കര്‍ക്കിടകമാസത്തില്‍ തുടര്‍ച്ചയായി എഴുതിയ രാമായണ കോളവും, സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു.

മതമൗലികവാദികള്‍ക്ക് ഒപ്പം ചേര്‍ന്ന് ഹിന്ദുമതത്തെ ആക്ഷേപിച്ച, ഡോ ശ്യാം കുമാറിനെതിരെ കേസ് എടുക്കണമെന്നും സംഘപരിവാര്‍ ആവശ്യപ്പെടുന്നുണ്ട്. 'രാമായണം വിമര്‍ശനത്തിനതീതമല്ലെന്നും എന്നാല്‍ രാമായണമാസം തന്നെ വേണമായിരുന്നോ വിമര്‍ശനം' എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ചോദിക്കുന്നു. റമദാന്‍ മാസത്തില്‍ ഖുര്‍ആനെ വിമര്‍ശിക്കാനും എല്ലാവര്‍ക്കും ആളെക്കിട്ടുമെന്നും ശശികല തന്റെ ഫേസ്്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പത്രം മനപൂര്‍വം ഹിന്ദുക്കളെ അവഹേളിക്കുന്നതിനായി ശ്യാംകുമാറിനെ വിലക്കെടുത്തിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ വി ബാബു ആരോപിച്ചു. അഡ്വ. ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലേഖനത്തെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തി. മാധ്യമത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന്, ബിജെപി നേതാവ് അഡ്വ ബിഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, ഇപ്പോള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. ടി എസ് ശ്യാംകുമാര്‍ പ്രതികരിച്ചു. 'ഹിന്ദുക്കളെയും രാമനെയും അവഹേളിക്കുന്നു എന്ന് മാത്രമാണ് വിമര്‍ശകര്‍ പറയുന്നത്. ഞാന്‍ കൃത്യമായി വാല്മീകി രാമായണത്തിലെയും എഴുത്തച്ഛന്‍ രാമായണത്തിലെയും ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് എഴുതിയ ലേഖന പരമ്പരയെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. വിമര്‍ശനം ഉന്നയിക്കുന്നവരാരും താന്‍ ഉദ്ധരിച്ച വരികളോ ശ്ലോകങ്ങളോ തെറ്റാണെന്നോ അതിനെ അങ്ങനെയല്ല വ്യാഖ്യാനിക്കേണ്ടത് എന്നോ പറഞ്ഞിട്ടില്ല. എഴുത്തച്ഛന്‍ പറഞ്ഞിരിക്കുന്ന കാര്യം മാത്രമാണ് ഞാന്‍ ലേഖനത്തിലും പറഞ്ഞിട്ടുള്ളു. എഴുത്തച്ഛന്റെ തത്വചിന്തയെ കുറിച്ച് എഴുതിയ ലേഖനത്തില്‍ നിരവധി ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നുണ്ട് അതൊന്നും എഴുത്തച്ഛന്റെ രാമായണത്തില്‍ ഇല്ലാത്തതാണെന്ന് ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് പറയാന്‍ സാധിക്കുമോ?'- ശ്യാംകുമാര്‍ ചോദിക്കുന്നു.

വളരെ ചെറുപ്പം മുതല്‍ സംസ്‌കൃതവും വേദവും ജ്യോതിഷവുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുകയും കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയ വ്യക്തികൂടിയാണ് ടി എസ് ശ്യാം കുമാര്‍. 'രാമനെ ഏറ്റവും നീചമായ മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ചത് ഡോ. ബി ആര്‍ അംബേദ്കറാണ്. 'റിഡില്‍സ് ഓഫ് രാമ ആന്‍ഡ് കൃഷണ' എന്ന പുസ്തകത്തിലാണ് അംബേദ്കര്‍ ഈ പ്രയോഗം നടത്തിയത്. അതുപോലെ അംബേദ്കര്‍ ഹിന്ദുത്വത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി എഴുതിയ പുസ്തകമാണ് 'റിഡില്‍സ് ഓഫ് ഹിന്ദുയിസം. വേദത്തെയും ശാസ്ത്രത്തെയും ഡയനാമൈറ്റ് വച്ച് തകര്‍ക്കണമെന്നാണ് അംബേദ്കര്‍ പറഞ്ഞത്. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ?"- ഡോ ശ്യാം കുമാര്‍ ചോദിക്കുന്നു. കേസുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറയുന്നു.

അതിനിടെ, ഡോ ടി.എസ് ശ്യാംകുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകളും ദലിത് സംഘടനകളും രംഗത്ത് എത്തുന്നുണ്ട്. ഏത് ഹിന്ദുത്വ ഭീഷണിയും നേരിട്ട് ഡോ ശ്യാംകുമാറിനെ സംരക്ഷിക്കുമെന്ന് ദളിത് സമുദായ മുന്നണി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.എസ്.ഡി.എസ്, എ.കെ.സി.എച്ച്.എം.സ്, കെ.സി.എസ്, ചക്ളിയ- അരുന്ധതിയാര്‍ സമുദായ സഭ , ദളിത് വിമന്‍ കളക്ടീവ് എന്നീ സംഘടകള്‍ വിഷയത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.