കാസർകോട് : ആരുമില്ലാത്തവർക്ക് ആശ്രയമാണ് സാമൂഹിക പ്രവർത്തക ദയാബായി. കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്റർ എന്ന ലക്ഷ്യത്തോടെയാണ് ദയാബായി ആഴചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് നിരാഹാരം കിടന്നത്. ആദ്യം സർക്കാർ തിരിഞ്ഞു നോക്കിയില്ല. പിന്നീട് സമരത്തിന്റെ കരുത്ത് മനസ്സിലാക്കി മന്ത്രിമാർ ഓടിയെത്തി. എല്ലാം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. ഇതിനിടെ ദയാബായിക്ക് മോഷണത്തേയും നേരിടേണ്ടി വന്നു.

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ, സമരപ്പന്തലിൽ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി ദയാബായി പറയുന്നു. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടതത്രേ. ഒക്ടോബർ 12നാണു മോഷണം നടന്നത്. ഈ പണത്തിനൊപ്പമുള്ള രേഖകൾ വിലപ്പെട്ടതാണെന്ന് ദയാബായി പറയുന്നു. ഈ രേഖകൾ കണ്ടെത്താൻ സഹായിക്കണമെന്നാണ് അവരുടെ അഭ്യർത്ഥന.

കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു നിരാഹാരം നടത്തുന്നതിനിടെയായിരുന്നു സംഭവം. സംഘാടകർ പറഞ്ഞതിനാലാണ് പരാതി നൽകാതിരുന്നതെന്നും ദയാബായി പറഞ്ഞു. നഷ്ടമായ പണത്തെക്കാളും ആ രേഖകളാണു തിരിച്ചു കിട്ടേണ്ടത്. ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറി ഉൾപ്പെടെയാണു നഷ്ടപ്പെട്ടത്. അതിനു ജീവനെക്കാൾ വിലയുണ്ട്-ദയാബായി പറയുന്നു. ആ ഫോൺ നമ്പരുകൾ കിട്ടാൻ വേണ്ടിയാണ് ഈ അഭ്യർത്ഥന.

കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതിൽപ്പെട്ടതാണു പഴ്‌സിലെ പണമെന്നും അവർ പറഞ്ഞു. നിരാഹാരത്തിനിടെ വൈകിട്ട് 4ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് പണമടങ്ങിയ ബാഗ് അവിടെ ഉണ്ടായിരുന്നു. അവാർഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്‌സിലുണ്ടായിരുന്നു. തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിനു തന്റെ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ?-ദയാബായി ചോദിക്കുന്നു. ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസുകാർ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോൾ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ല ദയാബായി പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടത്തിയ സമരം താൽക്കാലിമായി അവസാനിപ്പിക്കുകയായിരുന്നു ഒക്ടോബറിൽ ദയാബായി. മന്ത്രിമാർ നൽകിയ നാരാങ്ങാനീര് കുടിച്ചാണ് ദയാബായി നിരാഹാരം അവസാനിപ്പിച്ചത്. നിലവിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നു. എയിംസ് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകേണ്ടതുണ്ടെന്ന് ദയാബായി പ്രതികരിച്ചു. പതിനേഴ് ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി സമരം നടത്തിയത്.

കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ജില്ലയിൽ ആശുപത്രി സംവിധാനങ്ങൾ പരിമിതമാണ്. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. ഡേ കെയർ സെന്ററുകളും ഫലപ്രദമായി നടക്കുന്നില്ല. മതിയായ ചികിത്സകിട്ടാതെ ഇരുപതോളം പേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ദുരിതമേഖലയിലെ ദിനപരിചരണകേന്ദ്രങ്ങളിൽ 18 വയസ്സുവരെമാത്രമാണ് പരിചരണം ലഭിക്കുന്നത്. 18 കഴിഞ്ഞാൽ ഇവർ വീടുകളിൽത്തന്നെ കഴിയേണ്ട അവസ്ഥയാണ്. സന്നദ്ധകൂട്ടായ്മ നടത്തുന്ന 'സ്‌നേഹവീട്' മാത്രമാണിപ്പോൾ ആശ്വാസം. എല്ലാ പഞ്ചായത്തിലും പരിചരണകേന്ദ്രങ്ങളും പാലിയേറ്റീവ് കെയർ യൂണിറ്റും സ്ഥാപിക്കണമെന്നതായിരുന്നു സമരത്തിലെ ഒരാവശ്യം. പുതിയ രോഗികളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകളും 2017 മുതൽ മുടങ്ങിയിരിക്കുകയാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.