കോഴിക്കോട്: സംസ്ഥാനത്തെങ്ങും തെരുവുനായകൾ ദിനേന നൂറുകണക്കിന് പേരെ കടിക്കുമ്പോഴും കോഴിക്കോട് ജില്ലയിൽ എസ് പി സി എ (സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ)യുടെ പ്രവർത്തനം നിലച്ചിട്ട് നാലു മാസം. ഈ സൊസൈറ്റിയുടെ അമരക്കാരനായ ഇൻസ്പെക്ടറും സഹായിയും വിരമിച്ചതോടെയായിരുന്നു എസ് പി സി എയുടെ പ്രവർത്തനം നിലച്ചത്. എന്നാൽ ഇതുവരെയും പുതിയ നിയമനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ചതായാണ് അധികൃതർ പറയുന്നതെങ്കിലും നിയമനം എപ്പോൾ നടക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

കടിയേൽക്കുന്ന ആളുകളുടെ എണ്ണം വർധിക്കുമ്പോൾ സ്വാഭാവികമായും തെരുവുനായകളെ ആക്രമിക്കാനുള്ള ത്വരയും മനുഷ്യരിൽ വർധിക്കുമെന്നത് അതിന്റെ സ്വാഭാവിക പരിണാമമാണ്. ഈ അവസ്ഥയിലാണ് എസ് പി സി എയുടെ പ്രസക്തി. എന്നാൽ ജില്ലയിൽ ഇത് പ്രവർത്തിക്കുന്നില്ലെന്നത് നായകളും മനുഷ്യനും തമ്മിലുള്ള സംഘർഷം വർധിപ്പിക്കും. കടിയേൽക്കുന്നതുമായി ബന്ധപ്പെട്ട് നായകളെ അവ ഉപദ്രവിച്ചിട്ടില്ലെങ്കിലും ആക്രമിക്കുന്ന പ്രവണത മനുഷ്യർ പ്രകടിപ്പിക്കുമ്പോൾ സമാനമായ ആക്രമണ ത്വര നായകളിലും സൃഷ്ടിക്കപ്പെടും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നായകൾ കൂട്ടത്തോടെ ചാവുന്ന വാർത്തകളും ഇപ്പോൾ കൂടിയിട്ടുണ്ട്. മിക്കപ്പോഴും ഉപദ്രവത്തിൽ പൊറുതിമുട്ടിയവരാണ് ഇതിന് പിന്നിൽ. ആരോഗ്യകരമായ ബന്ധം നായകൾ ഉൾപ്പെടെയുള്ള ജീവികൾക്കും മനുഷ്യർക്കുമിടയിൽ സൃഷ്ടിക്കുന്നതിനും നിർണായകമായ പങ്കായിരുന്നു എസ് പി സി എ വഹിച്ചുകൊണ്ടിരുന്നത്. ജില്ലയിൽ ശരാശരി നൂറിനും ഇരുനൂറിനും ഇടയിൽ ആളുകൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.

കാൽനടയായി പുറത്തിറങ്ങേണ്ടി വരുന്ന സ്ത്രീകളും കുട്ടികളുമെല്ലാം ഭീതിയോടെയാണ് വീടുകൾക്ക് പുറത്തേക്കിറങ്ങുന്നത്. അത്യാവശ്യങ്ങൾക്കല്ലാതെ പ്രായമായവരും കുട്ടികളും പുറത്തിറങ്ങാത്ത സ്ഥിതിയാണ് ജില്ലയുടെ മിക്കയിടങ്ങളിലും. കോഴിക്കോട് മെഡിക്കൽ കോളജിൽ ശരാശരി അറുപത് പേരെങ്കിലും ദിനേന ചികിത്സക്കായി എത്തുന്നുണ്ട്. ജില്ലയിലെ ജനറൽ ആശുപത്രിയായ ബീച്ചിൽ മുപ്പതോളം പേർ ചികിത്സക്കെത്തുന്നതായും വിവരമുണ്ട്. ഇതിന് പുറമേ താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള ആതുരാലയങ്ങളിലും ജനം നായകളുടെ കടിയേറ്റ് എത്തുന്നുണ്ട്.

ശക്തമായ അവബോധം ഈ വിഷയത്തിൽ ഉണ്ടാവുമ്പോഴും നായയുടെ കടിയേറ്റിട്ടും അതിനെ നിസാരമായി തള്ളിക്കളയുന്ന സംഭവങ്ങളും ജില്ലയിൽ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ചും വളർത്തുനായകളിൽ നിന്ന് കടിയേൽക്കുന്ന സംഭവങ്ങളിൽ. കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം കടിച്ചനായക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ചികിത്സിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പറയുന്നു.

മാലിന്യങ്ങൾക്കൊപ്പം കുന്നുകൂടുന്ന മാംസാവശിഷ്ടങ്ങൾ നായകളെ മനുഷ്യരെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നു. തെരുവിലും വഴിയോരങ്ങളിലുമെല്ലാം അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങളാണ് തെരുവുനായകൾ പെറ്റുപെരുകുന്നതിനും അവ മനുഷ്യരെ ആക്രമിക്കുന്നതിനും ഇടയാക്കുന്നത്. പ്രത്യേകിച്ചും മാലിന്യങ്ങൾക്കൊപ്പം പൊതുസ്ഥലത്ത് തള്ളുന്ന കോഴിയവശിഷ്ടങ്ങളും അറവ്മാലിന്യങ്ങളും ഭക്ഷിച്ച് മാംസത്തോട് അതിയായ ആസക്തിയുണ്ടാവുന്നതാണ് വിശക്കുമ്പോൾ മനുഷ്യരെ പ്രകോപനമില്ലാതെ ആക്രമിക്കാൻ നായകൾക്ക് പ്രേരണയാവുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

പതിവായി ലഭിക്കുന്ന ചോരച്ചൂരുള്ള മാംസം ലഭിക്കാതെയാവുമ്പോഴാണ് മനുഷ്യരെ തെരുവുനായകൾ ഭക്ഷണത്തിനായി ലക്ഷ്യമിടുന്നത്. നായകളെ വന്ധ്യംകരിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളിലും നായകൾക്ക് വളരെ എളുപ്പം കണ്ടെത്തി ഭക്ഷിക്കാനും കഴിയുന്ന രീതിയിൽ മാംസാവശിഷ്ടങ്ങൾ ജലാശയങ്ങളിലും ഓടകളിലും പൊതുസ്ഥലങ്ങളിലും തള്ളുന്നത് അവസാനിപ്പിച്ചാലെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനാവൂ.

നായകളെ കൊല്ലുന്നതിനെതിരേ മൃഗസ്നേഹികൾ പ്രതിഷേധവുമായി നിലകൊള്ളുമ്പോൾ ഇത്തരം പ്രതിഷേധക്കാർ എന്തുകൊണ്ടാണ് ഭക്ഷണത്തിനായി സാധുമൃഗങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ കശാപ്പുചെയ്യുന്നതിനെ എതിർക്കാതിരിക്കുന്നതെന്നാണ് തെരുവുനായ ശല്യത്താൽ ദുരിതത്തിലായവരിൽ ഒരു വിഭാഗം ചോദിക്കുന്നത്. ജില്ലയിലെ വന്ധ്യംകരണ പദ്ധതി പാളിയതും തെരുവുനായകളുടെ എണ്ണം ഭയാനകമാംവിധം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.

തെരുവുനായ ശല്യം സുരക്ഷാ പ്രശ്നമായി രൂപാന്തരപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയം പഠിക്കാൻ കോർപറേഷൻ സെക്രട്ടറിയും കൗൺസിലർമാരും രണ്ട് വെറ്റിനറി ഡോക്ടർമാരും ഉൾപ്പെട്ട 10 അംഗ സമിതിക്ക് രൂപംനൽകിയിരിക്കയാണ് കോഴിക്കോട് കോർപറേഷൻ. കമ്മിറ്റികളും പഠനങ്ങളുമല്ല പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് നഗരവാസികൾ അഭിപ്രായപ്പെടുന്നത്.