തിരുവനനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ്എഫ്‌ഐ കടന്നു കയറ്റത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുമ്പോൾ ചാനലിനെ പിന്തുണച്ച് സാമൂഹ്യ നിരീക്ഷകൻ ഡോ. ആസാദ്. ഏഷ്യാനെറ്റിന്റെ വ്യാജവാർത്തയല്ല, ഏഷ്യാനെറ്റിനെതിരെ വ്യാജവാർത്താ കേസ് ചമയ്ക്കാനുള്ള ഗൂഢാലോചനയാണ് പൊളിഞ്ഞതെന്ന് ആസാദ് പറഞ്ഞു. എങ്ങനെയാണ് ആ ഗൂഢാലോചന നടന്നതെന്ന് വിശദീകരിക്കു കൊണ്ടാണ് ഡോ. ആസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത് വ്യാജവാർത്തയാണെന്ന് മാർച്ച് രണ്ടിനാണ് പരാതി ലഭിച്ചതെന്ന കാര്യമാണ് ആസാദ് ചൂണ്ടിക്കാട്ടിയത്. ഒരു ഇ മെയിൽ പരാതി പൊലീസ് സ്റ്റേഷനിൽ കിട്ടുന്നു. പിറകേ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പരാതി കിട്ടിയോ എന്ന് വിളിച്ച് അന്വേഷിക്കുന്നു. പിറ്റേദിവസം മുഖ്യമന്ത്രി നിയമസഭയിൽ വ്യാജവാർത്താ പരാതി കിട്ടിയതായി പറയുന്നു. മണിക്കൂറുകൾക്കകം ഏഷ്യാനെറ്റ് ഓഫീസിൽ എസ് എഫ് ഐ കടന്നു കയറുന്നു. ഡി വൈ എഫ് ഐ പ്രതിഷേധ സദസ്സുകൾക്ക് ആഹ്വാനം ചെയ്യുന്നുവെന്നും ആസാദ് കുറിക്കുന്നു.

ഡോ. ആസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഏഷ്യാനെറ്റിന്റെ വ്യാജവാർത്തയല്ല, ഏഷ്യാനെറ്റിനെതിരെ വ്യാജവാർത്താ കേസ് ചമയ്ക്കാനുള്ള ഗൂഢാലോചനയാണ് പൊളിഞ്ഞത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത് വ്യാജവാർത്തയാണെന്ന് മാർച്ച് രണ്ട് വ്യാഴാഴ്‌ച്ച ഒരു ഇ മെയിൽ പരാതി പൊലീസ് സ്റ്റേഷനിൽ കിട്ടുന്നു. പിറകേ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പരാതി കിട്ടിയോ എന്ന് വിളിച്ച് അന്വേഷിക്കുന്നു. പിറ്റേദിവസം മുഖ്യമന്ത്രി നിയമസഭയിൽ വ്യാജവാർത്താ പരാതി കിട്ടിയതായി പറയുന്നു. മണിക്കൂറുകൾക്കകം ഏഷ്യാനെറ്റ് ഓഫീസിൽ എസ് എഫ് ഐ കടന്നു കയറുന്നു. ഡി വൈ എഫ് ഐ പ്രതിഷേധ സദസ്സുകൾക്ക് ആഹ്വാനം ചെയ്യുന്നു. പരാതി കൊടുത്ത ആളെ നേരിട്ടു കിട്ടാതെ പൊലീസ് കുഴയുന്നു. എഫ് ഐ ആറിടാൻ ആ മൊഴി വേണമല്ലോ.

നിയമസഭയിലേക്കുള്ള ചോദ്യം ആഴ്‌ച്ചകൾക്കുമുമ്പേ തയ്യാറാക്കണം. ആ ചോദ്യം പരാതി കൊടുക്കും മുമ്പേ തയ്യാറാക്കിയ വൈഭവം വാഴ്‌ത്തപ്പെടണം. പി വി അൻവറിന് അങ്ങനെ ചില കഴിവുകളുണ്ട്. അതു കണ്ടറിയാനും പ്രോത്സാഹിപ്പിക്കാനും എപ്പോഴും മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ട്. പല നിലയ്ക്കും ആ ഐക്യത്തിന്റെ ബലം ഇനിയും കേരളം അറിയാൻ പോകുന്നതേയുള്ളു. വാർത്തയിലെ ബൈറ്റ് പരമ്പരയിൽ എങ്ങനെ ഉപയോഗിക്കുന്നു, വാർത്ത തന്നെ ദീക്ഷിക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും എന്തൊക്കെ എന്നതിൽ അഭിപ്രായഭേദങ്ങൾ കാണും.

പത്രധർമ്മം ലംഘിക്കപ്പെട്ടോ എന്നു പരിശോധിക്കുകയുമാവാം. എന്നാൽ ഒരു വാർത്ത വ്യാജവാർത്തയാണ് എന്ന് ആരോപിക്കാൻ ആവശ്യമായ തെളിവു വേണം. അതുണ്ടെങ്കിൽ നിയമപരമായി നേരിടുകയും വേണം. തെറ്റായ കാമ്പെയിൻ നടത്തി എന്തു നേട്ടമാണ് സൈബർസേനകൾ ഉണ്ടാക്കുക? ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു വി ജോണിനെതിരെയുള്ള കള്ളക്കേസും ഇപ്പോഴത്തെ പരാതിയും അസഹിഷ്ണുതയുടെ വിളംബരമാണ്. മുതലാളിത്ത മാധ്യമങ്ങളുടെ സകല താൽപ്പര്യങ്ങൾക്കും വഴങ്ങുന്നവരാണ് തങ്ങൾക്കു വഴങ്ങാത്ത മാധ്യമങ്ങൾക്കു നേരെ അക്കാരണംകൊണ്ടു മാത്രം ചാടിയിറങ്ങുന്നത്. അത് ലജ്ജാകരമാണ്.

ഏഷ്യാനെറ്റ് കൊണ്ടുവന്ന വാർത്ത വാസ്തവമാണെന്ന് അതിൽ അഭിമുഖം നൽകിയ ഇരയും ഇരയുടെ പിതാവും പറഞ്ഞതു നാം കേട്ടു. ആ കേസ് നില നിൽക്കുന്നതായി മുഖ്യമന്ത്രിക്കും നിയമസഭയിൽ പറയേണ്ടിവന്നു. പിന്നെയും എന്ത് വ്യാജവാർത്തയുടെ പേരു പറഞ്ഞാണ് ഇളകിയാട്ടം? കേന്ദ്ര ഫാഷിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റ് വേഷങ്ങൾ ആ നിലയ്ക്ക് മികച്ച പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്. അത് എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന വിധം ആടിത്തിമർക്കുന്നത് നന്നായി. ഇനി മറ്റ് സംശയമൊന്നും വേണ്ടല്ലോ.
ആസാദ്

അതേസമയം എസ്എഫ്‌ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജ്യണൽ ഓഫീസിൽ അതിക്രമമുണ്ടായത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സംഘം ഓഫീസിലേക്ക് ഇരച്ചെത്തുകയും തടയാൻ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തള്ളിമാറ്റി നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയുമായിരുന്നു. ഓഫീസിനുള്ളിൽ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറോളം ഓഫീസ് പ്രവർത്തനങ്ങൾ തടസപെടുത്തുകയും ചെയ്തു. ചാനൽ ഓഫീസിനുള്ളിലെ ഇവരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഓഫീസിൽ ബഹളം വച്ച പ്രവർത്തകരെ കൂടുതൽ പൊലീസെത്തിയാണ് നീക്കിയത്. അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്. അന്യായമായ കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഓഫീസി്‌നറെ പ്രവർത്തനങ്ങൾ തടസപ്പടുത്തിയെന്നും പ്രഥമവിവര റിപ്പോർട്ടിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ് എഫ് ഐ അതിക്രമത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കിയിട്ടുണ്ട്.