കൊച്ചി : ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടി. പള്ളിയിലെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ പൊട്ടിവീണു. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയിൽ തുടരുന്നതിനിടെയായിരുന്നു രാവിലെ പത്ത് മണിയോടെ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി. ഫലത്തിൽ ക്രിസ്മസ് തലേന്ന് ക്രൈസ്തവ സഭയിലെ തർക്കം പൊലീസിന് വീണ്ടും തലവേദനയായി. ജനുവരിയിലെ സിനഡ് വരെ ഏകീകൃത കുർബാന വേണ്ടെന്നാണ് വിമതരുടെ നിലപാട്.

വൈദികർ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടെ എതിർപക്ഷം അൾത്താരയിൽ കയറി സംഘർഷമുണ്ടാക്കുകയും ബലിപീഠവും മേശയും തള്ളിമാറ്റുകയുമായിരുന്നു. വിളക്കുകളും മറ്റും മറിച്ചിട്ടു. ഇതിനിടെയിലും വൈദികർ കുർബാന തുടർന്നു. തിരുവോസ്തി കയ്യിൽ എടുത്തുപിടിച്ചാണ് വൈദികർ കുർബാന അർപ്പിച്ചത്. തുടക്കത്തിൽ ഇരുവിഭാഗത്തിനും മധ്യേ പൊലീസും നിലയുറപ്പിച്ചും. വൈദികരെ അൾത്താരയിൽ നിന്ന് തള്ളിപ്പുറത്താക്കാനുള്ള ശ്രമം കൈവിട്ടപ്പോൾ പൊലീസ് ഇടപെട്ടു. 20 മിനിറ്റോളം നീണ്ട സംഘർഷത്തിനൊടുവിൽ അൾത്താരയിൽ നിന്ന് പൊലീസ് എല്ലാവരേയും ഇറക്കി. പള്ളിയിൽ തുടരുന്ന വിശ്വാസികളെയും വൈദികരെയും ഇറക്കി പള്ളിയിൽ സമാധാനം തിരിച്ചു പിടിച്ചു. പള്ളിക്ക് പുറത്ത് വൈദികരും വിശ്വാസികളും വാക്കുകളിലൂടെ ഏറ്റുമുട്ടുകയും ചെയ്തു.

ഇന്നലെ വൈകിട്ട് ആറു മണിയോടെ മൂന്ന് വൈദികർ ജനാഭിമുഖ കുർബാന നടത്തുന്നതിനിടെ അഡ്‌മിനിസ്ട്രേറ്റർ ഫാ.ആന്റണി പൂതവേലിൽ അൾത്താരയിൽ കയറിയതോടെയാണ് സംഘർഷത്തിന് തുടക്കം. തുടർന്ന് ഇരുപക്ഷവും പരസ്പരം വാക്കുതർക്കമുണ്ടായി. രണ്ട് സ്ത്രീകൾ അൾത്താരയിൽ കയറുകയും കുർബാന വസ്തുക്കൾ എടുത്തുമാറ്റുകയും വൈദികരെ അസഭ്യം പറയുകയും ചെയ്തു. ഇവരെ ഒരു വിഭാഗം വിശ്വാസികളും അസഭ്യം പറഞ്ഞു. ചെയ്തു. പൊലീസ് ഇടയ്ക്കു നിന്നതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഈ സമയമെല്ലാം പള്ളിയിൽ കുർബാന തുടർന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉണ്ടായത്. ഇതോടെ എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് പൊലീസ് നടപടി. ഇരുപക്ഷത്തെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ബലപ്രയോഗത്തിലേക്ക് കടക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. ക്രമസമാധാന വിഷയമുണ്ടായാൽ ഇടപെടും. പള്ളിയിലെ സംഘർഷം ഒഴിവാക്കും. പള്ളി പൂട്ടില്ല. ഡിസിപിയുമായി ചർച്ച നടത്തിയിട്ട് പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ നടപടി എടുക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും പൊലീസ് പറഞ്ഞു. ക്രിസ്മസ് കാലത്ത് പള്ളി അടച്ചിടരുതെന്ന ആവശ്യമാണ് വിശ്വാസികൾ പറയുന്നത്. എന്നാൽ അതിന് കഴിയാത്ത സാഹചര്യമാണുള്ളത്. വൻ പൊലീസ് സന്നാഹവും സ്ഥലത്തു ക്യാംപ് ചെയുകയാണ്. വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ഒരുവിഭാഗം ആരോപിച്ചു. പള്ളി അടച്ചുപൂട്ടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും വൈദികർ പറഞ്ഞു. പൊലീസ് പിച്ചിയും തള്ളിയും മാറ്റിയെന്നും വൈദികൻ ആരോപിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ ഹൈക്കോടതി ജംഗ്ഷനിലെ ബിഷപ്പ് ഹൗസിന് സമീപമാണ് ബസലിക്ക. ജനാഭിമുഖ കുർബാന അർപ്പിച്ചിരുന്ന ഇവിടെ ഇന്നലെ വൈകിട്ട് ആറരയോടെ ഫാ. ജോസ് ചോലിക്കര, ഫാ. സണ്ണി കളപ്പുരയ്ക്കൽ, ഫാ. ജോസഫ് കുരീക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ ജനാഭിമുഖ കുർബാന ആരംഭിച്ചു. ഏതാനും മിനിറ്റുകൾക്കകം ഫാ. ആന്റണി പൂതവേലി പൊലീസ് സംരക്ഷണത്തിൽ ബസലിക്കയിൽ എത്തുകയായിരുന്നു. പരിഷ്‌കരിച്ച കുർബാനയെ അനുകൂലിക്കുന്ന അദ്ദേഹം അൾത്താരയ്ക്ക് അഭിമുഖമായി ജനാഭിമുഖ കുർബാന അർപ്പിക്കുന്നവർക്ക് മുമ്പിലെത്തി നിലയുറപ്പിച്ചു. കുർബാനയുടെ അവസാനംവരെ തുടർന്ന അദ്ദേഹം പരിഷ്‌കരിച്ച കുർബാനപ്രകാരം നിശ്ചിതസമയങ്ങളിൽ അൾത്താരയ്ക്ക് അഭിമുഖമായും എതിരായും നിലയുറപ്പിച്ചു.

പരിഷ്‌കരിച്ച കുർബാന ജനാഭിമുഖമായും തുടർന്ന് അൾത്താര അഭിമുഖമായുമാണ് അർപ്പിക്കുന്നത്. കുർബാനയ്ക്കുശേഷം ഇരുവിഭാഗവും രാത്രി വൈകിയും ബസലിക്കയിൽ തുടർന്നു.ഫാ. ആന്റണി പൂതവേലിക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവുപ്രകാരം പൊലീസ് സംഘം പള്ളിയിലും പരിസരത്തും കാവൽ തുടരുകയാണ്.