സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒന്നാണ് കർണ്ണാടകയിലെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇറക്കിയ ഒരു പോസ്റ്റർ. മാർക്സിനും ടിപ്പുവിനും ഗാന്ധിക്കും ചെഗുവേരക്കും അംബേദ്ക്കറിനുമൊപ്പം അമ്പും വില്ലുമായി നിൽക്കുന്ന രണ്ടു ദൈവങ്ങളുടെയും ചിത്രമുണ്ട്. അത് രാമ-ലക്ഷണന്മാർ ആണെന്നാണ് പലരും കരുതിയത്. അയോദ്ധ്യയിലെ രാമേക്ഷേത്ര പ്രതിഷ്ഠയെയൊക്കെ ശക്തമായ വിമർശിച്ച സിപിഎം, പക്ഷേ കർണ്ണാടകയിൽ പോലും വോട്ടിനായി രാമനെ ഉപയോഗിക്കയാണെന്ന് വിമർശനം വന്നു. കന്നഡ മാർക്സിറ്റുകളുടെ ശ്രീരാമപ്രേമം എന്ന രീതിയിലൊക്കെ ഇത് വ്യാഖ്യാനിക്കപ്പെട്ടു.

എന്നാൽ ഇത് സത്യമായിരുന്നില്ല. രാമ-ലക്ഷമന്മാരുടെതല്ല, മറിച്ച് നമ്മുടെ മുത്തപ്പനെപ്പോലെ തുളുനാട്ടിലെ ഒരു ഗ്രോത്ര ദൈവങ്ങളുടെ ചിത്രമാണ് അത്. കോട്ടിയും ചെന്നയ്യയും എന്നാണ് ആ ദൈവങ്ങളുടെ പേര്.

തുളു ഇതിഹാസത്തിലെ ദൈവം

തുളു ഇതിഹാസത്തിലെ ഇരട്ട സഹോദരന്മാരാണ് കോട്ടിയും ചെന്നയ്യയും. ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂക്കിലെ പതുമലയാണ് കോട്ടിയുടെയും ചെന്നയ്യയുടെയും ജന്മസ്ഥലം. സാമൂഹ്യ പരിഷ്‌കർത്താക്കളായാണ് ഇവർ അറിയപ്പെടുന്നത്. ഈ വീരന്മാരുടെ കഥ ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പാണ്. ഏകദേശം എ ഡി 1556 മുതൽ 1591 വരെയാണ് ഇവരുടെ ജീവിതകാലമായി കകണക്കാക്കുന്നത്. തുളുനാട്ടിലെ ദൈവശക്തി ജനതയിലെ, ദേയി ബൈദെതിയുടെ മക്കളായാണ് കോട്ടിയും ചെന്നയ്യയും ജനിച്ചത്. സഹോദരങ്ങളുടെ വീരകൃത്യങ്ങൾ കാരണം, അവരെ ജനം ആരാധിച്ചു. സംരക്ഷകരായി ഓർമ്മിച്ചു.

ഇവർ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അവരെ സംരക്ഷിക്കാൻ വേണ്ടി പോരാടിയാണ് ഇവർ മരിച്ചത്. യെന്മൂറിനടുത്തുള്ള ഒരു പോരാട്ടത്തിലാണ് ഇവർ മരിച്ചത്. ഗരാഡി 'ജിംനേഷ്യം' എന്ന് വിളിക്കപ്പെടുന്ന സ്മാരക ക്ഷേത്രങ്ങൾ തുളുനാട്ടിലുടനീളം ഇവരുടെ പേരിൽ നിർമ്മിച്ചിട്ടുണ്ട്. ഇവരെ കുറിച്ചു സിനിമകളും ഡോകുമെന്ററികളും വന്നിട്ടുണ്ട്. ഇപ്പോഴും ഇവരെ ആരാധിക്കുന്ന തുളു സമൂഹങ്ങളെ കാണാം. ഇവരുടെ ഓർമ്മക്കായി കർക്കലയിൽ ഒരു തീം പാർക്കും സ്ഥാപിച്ചിട്ടുണ്ട്. ഈ ഇരട്ട സഹോദരങ്ങളാണ് ഡിവൈഎഫ്ഐയുടെ യുടെ പോസ്റ്ററിൽ ഉള്ള അമ്പും വില്ലും ഏന്തിയവർ.

കോട്ടിയും ചെന്നയ്യയുടെയും ജീവിതത്തെ ആസ്പദമാക്കി കന്നഡ , തുളു ഭാഷകളിൽ 'കോട്ടി ചെന്നയ്യ' എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. 2007-ൽ തുളു ഭാഷയിൽ നിർമ്മിച്ച 'കൊട്ടി ചെന്നയ്യ' ചിത്രം, 54ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിലെന്ന് നേടിയിരുന്നു. കന്നഡ ചാനലായ ഡിഡി ചന്ദനയിൽ ഈ കഥ സീരിയലുമായി. 2019-ൽ 'ദേയി ബൈദേതി ' എന്ന പേരിൽ തുളു ഭാഷയിൽ മറ്റൊരു സിനിമയും ഇറങ്ങിയിട്ടുണ്ട്.