കോഴിക്കോട്: ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും അന്ധവിശ്വാസ മസ്തിഷ്‌ക്കങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല. ഇടക്കിടെ വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി ദിവ്യാദ്ഭുത വാർത്തകൾ പ്രചരിച്ചുകൊണ്ടേ ഇരിക്കും. കുരുങ്ങ് മനുഷ്യനും, മത്സ്യകന്യകയുമൊക്കെയായിരുന്നു നേരത്തെ ഇങ്ങനെ പ്രചരിച്ചിരുന്നത്. പക്ഷേ ഇപ്പോൾ അത് സൗദിയിലെ മൂന്ന് കണ്ണുകളുള്ള കുട്ടിയിലേക്ക് മാറുകയാണ്!

സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചുവെന്നും, അവന് മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുമെന്നുമാണ് വാട്സാപ്പ് 'കേശവമാമന്മാർ' അവകാശപ്പെടുന്നത്. 'പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ' എന്ന് പറഞ്ഞാണ് ഇത് വിശ്വാസികളുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും, കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നുവന്നും ഇതോടൊപ്പം വാർത്തയുണ്ട്.

പക്ഷേ മനുഷ്യന് ഒരിക്കലും മൂന്ന് കണ്ണുള്ള കുട്ടികൾ ഉണ്ടാവുകയില്ലെന്നും അഥാവാ ഉണ്ടായാൽ അത് ഒരു ജനിതക വൈകല്യമായേ കാണാൻ കഴിയൂ എന്നാണ് ശാസ്ത്രലേഖകർ പറയുന്നത്. ഇങ്ങനെ ഒരു കുഞ്ഞുണ്ടായാൽ അത് ലോകത്തിലെ പ്രമുഖ മാധ്യമങ്ങളൊക്കെ വാർത്തയാക്കും. പക്ഷേ ഇന്റർനെറ്റിൽ സേർച്ച് ചെയ്താൽ എവിടെയും അതുപോലെ ഒന്ന് കണ്ട് പിടിക്കാൻ കഴിയില്ല. നെറ്റിയിലെ മറുകിനെ കണ്ണാണെന്ന് വ്യാഖ്യാനിച്ച് മുമ്പ്, മധ്യപ്രദേശിലെ ഒരു കുഞ്ഞ് പരമശിവന്റെ അവതാരമാണെന്നും, തൃക്കണ്ണ് ഉള്ളവനാണെന്നും പ്രചാരണം വന്നിരുന്നു. എന്നാൽ ഇത് മറുകാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചതോടെ പ്രചാരണം കെട്ടടങ്ങി.

എന്നാൽ ഇപ്പോൾ വന്ന ഫോട്ടോയിൽ ഉള്ളത് മറുകല്ല ശരിക്കും ഒറിജിനൽ കണ്ണ് തന്നെയാണ്. എന്നാൽ ഇത് വെറും ഫോട്ടോഷോപ്പ് വർക്കാണെന്ന്, സമാനമായ വീഡിയോ നിർമ്മിച്ചുകൊണ്ട് തെളിയിക്കയാണ്, ശാസ്ത്ര പ്രചാരകനായ ശാസ്ത്രലോകം ബൈജുരാജ്. തന്റെ വീഡിയോയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. 'ഇത് കുറച്ച് മാസങ്ങൾക്ക് മുന്നേ വൈറലായ ഒരു വീഡിയോ ആണ്. ധാരാളം ആളുകൾ ഇത് അയച്ച് തന്നിട്ടുണ്ട്. അപ്പോഴേല്ലാം ഇത് ഗ്രാഫിക്സാണ് വീഡിയോ എഡിറ്റിങ്ങാണ് എന്ന് പറഞ്ഞ് ഒഴിവാക്കി. എന്നാൽ ഇപ്പോഴും ആളുകൾ ഇത് സ്ഥിരമായി അയച്ചുതന്നുകൊണ്ടേയിരിക്കുന്നു.

ഈ വീഡിയോ എഡിറ്റിങ്ങ് ഒരു മൊബൈൽ ആപ്പുവഴി ചെയ്യാവുന്നയാണ്. മൊബൈൽ ആപ്പ് ഞാൻ സെർച്ച് ചെയ്തു നോക്കി, പക്ഷേ കാണാൻ കഴിഞ്ഞില്ല. അതിനാൽ നമുക്ക് വീഡിയോ എഡിറ്റിങ്ങ് വഴി ഒന്ന് ചെയ്തു നോക്കാം. ഒരു കണ്ണ് കോപ്പി ചെയ്ത് നെറ്റിയിലേക്ക് ആഡ് ചെയ്തിരിക്കുന്നുവെന്നതാണ് ഇതിന്റെ രഹസ്യം. ഇത് ഫോട്ടോഷോപ്പിലെല്ലാം വളരെ എളുപ്പം ചെയ്യാം. എന്നാൽ വീഡിയോ എഡിറ്റിങ്ങിൽ ഇത് ചെയ്യാൻ കഴിയുമോ എന്ന് അറിയില്ല. പക്ഷേ നമുക്ക് ഇതൊന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് ചെയ്തുനോക്കാം.

സാധാരണ ഒരു സാധനം കോപ്പി ചെയ്തുവച്ചാൽ അതിന്റെ എഡ്ജസ് കൃത്യമായി കാണാം. ഇവിടെ ഇതിന്റെ എഡ്ജുകൾ ഹൈഡ് ചെയ്യുക എന്നതാണ് ശ്രമകരമായ ജോലി. അതിനായിട്ട് കുറച്ച് ടെക്ക്നിക്കുകൾ, ഉപയോഗിച്ച് നമുക്ക് എളുപ്പം ചെയ്യാമെന്നു പറഞ്ഞ് ബൈജുരാജ് തന്റെ ചിത്രത്തിൽ കണ്ണ് കോപ്പി പേസ്റ്റ് ചെയ്ത വീഡിയോ ഉണ്ടാക്കി കാണിക്കുകയാണ്. തുടർന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു. 'വേണമെങ്കിൽ കണ്ണിന്റെ വലിപ്പം കൂട്ടുകയോ, കുറക്കുകയോ ചെയ്യാം. എഡിറ്റ് ചെയ്യുന്ന സമയത്ത് കണ്ണ് തിരിക്കണമെങ്കിൽ തിരിക്കാം. ഇപ്പോൾ 90 ഡിഗ്രിവരെ തിരിച്ച് ശിവന്റെ കണ്ണുപോലെ ആക്കിയിരിക്കയാണ്. ''- ബൈജുരാജ് ചിത്രം കാണിച്ചുകൊണ്ട് വ്യക്തമാക്കുന്നു. അതായത് സൗദിയിലെ അദ്ഭുതബാലൻ എന്നത് ശുദ്ധ നുണമാത്രമാണെന്ന് ഇതോടെ തെളിയുകയാണ്.