കോഴിക്കോട്: കേരളത്തിൽ ഏറെ ജനപ്രീതിയുള്ള ഒരു ടെലിവിഷൻ ഷോയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന, 'കിടിലം' എന്ന പരിപാടി. നൃത്തവും അക്രോബാറ്റിക്സും, ചേർന്നുകൊണ്ട് വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളാണ് ഇവിടെ നടക്കാറുള്ളത്. ഇതിൽ ജഡ്ജസായി എത്തിയ നവ്യാനായർ ഈയിടെ ട്രോളിൽ നിറഞ്ഞിരുന്നു. കിടലത്തിന്റെ ഒരു പെർഫോമസിന് ശേഷം 'ചില വലിയ സന്യാസിമാരൊക്കെ ഇന്റേണൽ ഓർഗൻസ് ഒക്കെ എടുത്ത് പുറത്തിട്ട് ക്ലീൻ ചെയ്യും അത്രേ.. സത്യമായിട്ടും... ഇങ്ങനെ കേട്ടിട്ടുണ്ട് ഞാൻ. അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതൽ അറിയത്തില്ല..'' എന്ന നവ്യ യുടെ കമന്റാണ് ട്രോൾ മഴക്ക് ഇടയാക്കിയത്.

വേദിയിൽ വിധികർത്താവായി ഒപ്പം ഉണ്ടായിരുന്ന നടൻ മുകേഷ്, ആ സമയത്തുതന്നെ നവ്യയെ ട്രോളുകയും ചെയ്തു. 'ഉണ്ട് ഉണ്ട്.. ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒരു ദിവസം സെക്കൻഡ് ഷോ കഴിഞ്ഞ് കൊല്ലത്ത് നിന്ന് വഴിയിൽ കൂടി ഇങ്ങനെ വന്നപ്പോ മൂന്ന് സന്യാസിമാര്.. വെളിയിൽ ഇന്റേണൽ ഓർഗൻസ് കഴുകി കൊണ്ടിരിക്കുന്നു. സത്യമാ...' എന്നാണ് മുകേഷിന്റെ കൗണ്ടർ. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

അതിനുശേഷം ഈ ശിവരാത്രിയിൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്ത പുതിയ കിടിലത്തിലെ ഒരു എപ്പിസോഡാണ് ഇപ്പോൾ, അന്ധവിശ്വാസ പ്രചാരണം എന്നപേരിൽ വലിയ ചർച്ചയാവുന്നത്. അതാണ് യോഗ വഴി കിട്ടിയ മൂന്നാം കണ്ണ്.

കണ്ണ് കെട്ടി കാണുന്നത് എങ്ങനെ?

ആ എപ്പിസോഡിൽ 'കണ്ണുതുറന്ന് എന്താക്കെ ചെയ്യുമോ അതൊക്കെ കണ്ണുകെട്ടി ചെയ്യുമെന്ന്' അവകാശപ്പെടുന്ന തമിഴ്‌നാട്ടിലെ തൃഷ എന്ന 9 ാംക്ലാസുകാരിയുടെ പ്രകടനങ്ങളാണ് ഏറെ ചർച്ചയായത്. 70 വേൾഡ് റെക്കോർഡുകൾ സ്വന്തമായി ഉണ്ടെന്ന് അവകാശപ്പെടുന്ന കുട്ടി അമ്മക്ക് ഒപ്പമാണ് പരിപാടിക്ക് എത്തിയത്. രണ്ട് യൂണിവേഴ്സിറ്റികളിൽ നിന്ന് തനിക്ക് ഹോണററി ഡോക്ടറേറ്റ് ഉണ്ട് എന്നും തൃഷ അവകാശപ്പെടുന്നു. കുഞ്ഞുനാളിലെ മുത്തശ്ശിയിൽനിന്ന് യോഗ പഠിച്ചതിലുടെയാണ് കുട്ടിക്ക് ഈ കഴിവുകൾ കിട്ടിയത് എന്നാണ് കൂടെ വന്ന അമ്മ പറയുന്നത്.

തുടർന്ന് തൃഷയുടെ കണ്ണ്കെട്ടിക്കൊണ്ട്, ചില പ്രകടനങ്ങൾ നടത്തുന്നു. പരിപാടിയുടെ വിധികർത്താക്കളായ റിമി ടോമിയും, പിഷാരടിയും, നവ്യാനായരും, തൃഷ കെട്ടാൻ ഉപയോഗിക്കുന്ന ഐ മാസ്‌ക്കാർ പരിശോധിക്കുന്നുണ്ട്. ഒട്ടുകാണാൻ പറ്റുന്നില്ല എന്ന് ഇവർ ഉറപ്പുവരുത്തിയതിന് ശേഷമാണ് കുട്ടി പ്രകടനങ്ങളിലേക്ക് കടക്കുന്നത്. റിമിയും, നവ്യയും, പിഷാരടിയും ആംഗ്യങ്ങളായി കാണിക്കുന്നതൊക്കെ അതേപോലെ കുട്ടിയും കണ്ണുകെട്ടിക്കൊണ്ട് കാണിക്കുന്നു. കൈവിരൽ മടക്കി പറയുന്ന അക്ഷരങ്ങൾ കൃത്യമായി പറയുന്നു. അതുപോലെ ബോർഡിൽ എഴുതിയ അക്ഷരങ്ങൾ വായിക്കുന്നു. ഇത് കണ്ട് അമ്പരന്നു നിൽക്കാണ് വിധികർത്താക്കൾ. രമേഷ് പിഷാരടിയും, റിമിടോമിയും നവ്യാനായരും ഒരുപോലെ വാ പൊളിച്ച് എന്ത് അദ്ഭുതം എന്നാണ് പറയുന്നത്.

തുടർന്ന് സംസാരിക്കവേ ചെറുപ്പത്തിൽ യോഗ പ്രാക്്ടീസ് ചെയ്യുന്നതുകൊണ്ടാണ് തനിക്ക് ഈ സിദ്ധി കിട്ടിയത് എന്നും യോഗയും പ്രാണായാമവും വഴി മൂന്നാംകണ്ണ് തുറന്നതാന്നെും കുട്ടി പറയുന്നു. ഇതുകേട്ടതോടെ അമ്പരന്ന് ഇരിക്കയാണ് ഈ താരങ്ങൾ.

അകക്കണ്ണിന്റെ ശാസ്ത്രം

എന്നാൽ ഇത് വെറും സിമ്പിൾ മാജിക്ക് ആണ് എന്നാണ് ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നത്. മഴവിൽ മനോരമയുടെ യൂട്യൂബ് പ്രമോ വീഡിയോക്ക് താഴെ അവർ ഇക്കാര്യം എഴുതുന്നുണ്ട്. അകക്കണ്ണ് അഥവാ എക്സറെ ഐയ്സ് എന്ന് പറയുന്നത്, അരനുറ്റാണ്ടുമുമ്പേ തന്നെ ലോകവ്യാപകമായി പ്രചാരത്തിലുള്ള മാജിക്കാണ്. യു ട്യൂബിൽ ഒന്ന് സേർച്ച് ചെയ്ത് നോക്കിയാൽ ഇതിന്റെ നിരവധി വീഡിയോകൾ കാണാം. മജീഷ്യൻ പിസി സർക്കാർ മുതൽ ഗോപിനാഥ് മുതുകാട് വരെയുള്ളവർ ഈ രീതി പലതവണ സ്റ്റേജിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ട്കാരനായ പ്രദീപ് ഹൂഡിനോ എന്ന മജീഷ്യൻ ഒരു പരിധികൂടി കടന്ന് കണ്ണുകെട്ടിക്കൊണ്ട്, തിരക്കേറിയ റോഡിൽ ബൈക്ക് ഓടിക്കുകവരെ ചെയ്തു. പക്ഷേ അവർ ആരും ഇത് അദ്ഭുത സിദ്ധിയാണെന്ന് അവകാശപ്പെട്ടിട്ടില്ല.

ഇനി എന്താണ് ഇതിന്റെ രഹസ്യം എന്ന് നോക്കാം. സ്വന്തമായി രാജ്യം ഉണ്ടാക്കിയ സ്വാമി നിത്യാന്ദനയുടെ ചില ശിഷ്യകൾ ഇതേ രീതി ദൈവ ശക്തിയായി പയറ്റിയിരുന്നു. കറുത്ത ഐ മാസ്‌ക്കാർ കൊണ്ട് മുഖം മറച്ചശേഷം, സറ്റേജിലൂടെ നടന്ന് ഓഡിയൻസിന്റെ വസ്ത്രത്തിന്റെ നിറം വരെ ഇവർ പറയും. ഇത് വലിയ ഒരു അദ്ഭുതമായി പ്രചരിക്കപ്പെട്ടതോടെ, ശാസ്ത്രപ്രചാരകനും, മജീഷ്യനുമായ ഫാസിൽ ബഷീർ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

പ്രത്യേകമായി ക്രിയേറ്റ് ചെയ്ത ഐ മാസ്‌ക്കർ ആണ് ഇവർ ഉപയോഗിക്കുന്നതെന്ന ഡെമോ സഹിതം ഫാസിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടുലെയർ ഉള്ള കട്ടിയുള്ള കറുത്ത തുണികൊണ്ടാണ് മാസ്‌ക്ക് ഉണ്ടാക്കുന്നത്. ഒന്ന് വലിച്ച് മാറ്റുമ്പോൾ സുതാര്യമാവും. ആളുകൾക്ക് കാണിച്ച് കൊടുക്കുക, ചരട് വലിക്കാത്ത മാസ്‌ക്കർ ആണ്. അപ്പോൾ ഒന്നും കാണാൻ കഴിയില്ല. പിന്നീട് കൈയടക്കത്തോടെ മാസ്‌ക്ക് കെട്ടുന്ന ഒരു ചരട് വലിക്കുമ്പോൾ എല്ലാം സുതാര്യമാവും.

പി സി സർക്കാർ ഇന്ത്യൻ മാജിക്ക് ട്രിക്ക്, എന്ന പേരിൽ ഇത് വർഷങ്ങൾക്ക് മുമ്പേ തന്നെ അവതരിപ്പിച്ചിരുന്നു. മൈദമാവ് പരത്തി തൂവാലക്ക് മുന്നിൽവെച്ച് അതുകൊണ്ട് കണ്ണുകെട്ടിയാണ് അദ്ദേഹം പരിപാടി നടത്തിയിരുന്നത്. എന്നാൽ ഇത് ഇപ്പോഴും പലയിടത്തും ദിവ്യാദ്ഭുതമെന്ന പേരിൽ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടുന്നു.

ഏതാനും മാസം മുമ്പ് കേരളത്തിൽ ഓർമ്മശക്തി വർധിപ്പിക്കുന്നതിന് വേണ്ടി, അകക്കണ്ണുകൊണ്ട് കാണാൻ കഴിയുന്ന മിഡ് ബ്രയിൻ ആക്റ്റിവേഷൻ എന്ന നിലയിൽ ഈ ടെക്ക്നിക്ക് കാണിച്ചിരുന്നു. ഇതിന്റെ പത്രസമ്മേളനത്തിൽ കുട്ടികളെ കൊണ്ട് കണ്ണുകെട്ടിച്ചിട്ട്, എഴുത്ത് വായിപ്പിക്കുകയും, കൈയിലുള്ള സാധനങ്ങൾ എന്താണെന്ന് പറയിപ്പിക്കുകയും ആയിരുന്നു പരിപാടി. ആ പത്ര സമ്മേളനത്തിൽ പക്ഷേ ഒരു മാധ്യമ പ്രവർത്തകൻ ഒരു പണിയൊപ്പിച്ചു. കുട്ടികളുടെ തലക്ക് പിറകിൽ അദ്ദേഹം സാധനങ്ങൾ വെച്ചശേഷം അത് എന്താണ് പറയാൻ പറഞ്ഞു. ആർക്കും പറയാൻ കഴിഞ്ഞില്ല. അകക്കണ്ണ് വഴിയാണെങ്കിൽ തലക്ക് പിറകിലുള്ളതും വായിക്കാൻ കഴിയുമെല്ലോ. അതോടെ കള്ളി പൊളിഞ്ഞു. പക്ഷേ എന്നിട്ടും മിഡ് ബ്രെയിൻ ആക്റ്റിവേഷൻ എന്ന പേരിൽ, മാസം 25,000 രൂപയൊക്കെ കൊടുത്ത്, ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ടെന്നും ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടുന്നു.

ഇതേ ടെക്ക്നിക്കാണ് 'കിടിലം' വേദിയിലും പയറ്റിയത് എന്ന് വ്യക്തം. ഈ സിമ്പിൾ മാജിക്ക് പോലും മനസ്സിലാവാതെ, നമ്മുടെ സെലിബ്രിറ്റികൾ വായ പൊളിച്ച് അന്ധവിശ്വാസ പ്രോൽസാഹനം നടത്തുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നുണ്ട്. മെഡിറ്റേഷനിലൂടെ ഇങ്ങനെ മൂന്നാം കണ്ണ് ഉണർത്താൻ പറ്റുമെങ്കിൽ, ലോകത്തിലെ ലക്ഷക്കണക്കിന് അന്ധർക്ക് അത് എത്ര ഗുണകരം ആയിരിക്കുമെന്നും ചോദ്യം ഉയരുന്നുണ്ട്