കോഴിക്കോട്: ഫെയർനസ്സ് ക്രീമുകളിൽ മെർക്കുറി സംയുക്തങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകിയിട്ടും വ്യാജ ഉൽപ്പന്നങ്ങൾ പെരുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സൗന്ദര്യം വർധിപ്പിക്കുന്നതിനായി കണ്ണിൽക്കണ്ട ക്രീമുകൾ വാരിപ്പൂശിയാൽ, വെളുക്കാൻ തേച്ചത് പാണ്ടാവുകയല്ല, കിഡ്നിരോഗം ആവുകയാണ് ചെയ്യുക. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് ഇങ്ങനെയുള്ള അപുർവ രോഗം കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിമുതൽ ജൂൺവരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എൻ.) എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരിൽ കൂടുതൽപ്പേരും തൊലിവെളുക്കാൻ ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചവരാണ്.

പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകൾ ഫലപ്രദമാകാതെ വന്നപ്പോൾ, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയർനസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാൽ ഇതാണ് രോഗകാരണമെന്ന് ആ സന്ദർഭത്തിൽ ഉറപ്പിക്കാനാകുമായിരുന്നില്ല.

ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവർക്കും അപൂർവമായ 'നെൽ 1 എം.എൻ.' പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു. പിന്നീട് ഇരുപത്തൊൻപതുകാരൻകൂടി സമാനലക്ഷണവുമായി വന്നു. ഇയാൾ രണ്ടുമാസമായി ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവൻ രോഗികളെയും വരുത്തി.

ഇതിൽ എട്ടുപേർ ക്രീം ഉപയോഗിച്ചവരായിരുന്നു. ഇതോടെ രോഗികളെയും അവർ ഉപയോഗിച്ച ഫെയ്സ്‌ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന് കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ സീനിയർ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസനും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു.പരിശോധനയിൽ മെർക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തി. ഉപയോഗിച്ച ക്രീമുകളിൽ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകൾ സംബന്ധിച്ചോ വിവരങ്ങൾ ഉണ്ടായിരുന്നില്ല.

മെർക്കുറി വൃക്കക്ക് പണി തരും

മെർക്കുറി വിഷബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്ക കലകളോട് മെർക്കുറിക്ക് ശക്തമായ ആഭിമുഖ്യം ഉള്ളതിനാലാണിത്. ഏതു വിധത്തിൽ ശരീരത്തിനുള്ളിൽ എത്തിയിരുന്നാലും മെർക്കുറി പോയ്‌സണിങ്ങിന്റെ ഒരു പ്രധാനലക്ഷണം വൃക്കരോഗമാണ്.ചില മെർക്കുറി സംയുക്തങ്ങൾ തൊലിയിൽ കൂടി ആഗിരണം ചെയ്യപ്പെടും.ഇക്കാര്യം ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പക്ഷേ ഇത് അവഗണിച്ചും വ്യാജ ഫെയർനെസ്സ് ക്രീമുകളുടെ വിൽപ്പന തകൃതിയാവുകയാണ്. ഓപ്പറേഷൻ സൗന്ദര്യ എന്നപേരിൽ ഫെബ്രുവരിയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് വ്യാജ സൗന്ദര്യവർധകവസ്തുക്കൾ പിടികൂടിയിരുന്നെങ്കിലും 'ഓപ്പറേഷൻ' തണുത്തതോടെ വ്യാജ ഉൽപ്പന്നങ്ങൾ വീണ്ടും വ്യാപകമായി. വെളുക്കാൻ തേക്കുന്ന ക്രീമുകൾ, ഫെയ്സ് ലോഷൻ, ഷാംപൂ, സോപ്പുകൾ, നെയിൽ പോളിഷ് തുടങ്ങിയവയാണ് പാക്കിസ്ഥാൻ, തുർക്കി, ചൈന എന്നീ രാജ്യങ്ങളുടെ ലേബലിൽ എത്തുന്നത്.

മലപ്പുറം ഡ്രഗസ് കൺട്രോൾ ഇൻസ്‌പെക്ടർ, ഡോ.എം.സി നിഷിത് സംഭവത്തിൽ ഇങ്ങനെ പ്രതികരിക്കുന്നു. 'സൗന്ദര്യവർധക ഉത്പന്നങ്ങളിൽ ഇറക്കുമതി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും മേൽവിലാസവും എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇവയുണ്ടോ എന്ന് ഉറപ്പുവരുത്തിയേ വാങ്ങാനാവൂ. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകും.'

ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമോ?

ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപനയും സംസ്ഥാനത്തുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നൂറുകണക്കിന് ആളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസർകോട് ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമ്മാണം. ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ്.

ഒരുകാലത്ത് നമ്മളും ബ്രിട്ടീഷുകാരെ പോലെയാകുമെന്നും ഇന്ത്യക്കാർ തൊലിവെളുപ്പുള്ളവരാകുമെന്നാണ് ഗാന്ധിജി ഉദ്ദേശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ഈ ക്രീമുകൾ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്നത്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒൻപത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പ്രധാനപരസ്യവാചകം.

കുറച്ച് വർഷങ്ങൾക്ക് മുൻപ് കാസർകോട് ജില്ലയിൽ ത്വക്ക് രോഗത്തെ തുടർന്ന് യുവാക്കൾ വ്യാപകമായി ചികിത്സ തേടിയെത്തിയതോടെയാണ് ഈ ക്രീമുകളുടെ വിൽപനയും അതുണ്ടാക്കുന്ന പാർശ്വഫലങ്ങളും പുറംലോകമറിഞ്ഞത്. ഈയിടെ മലപ്പുറം ജില്ലയിലും സമാനമായ സംഭവമുണ്ടായി. കഴിഞ്ഞ ഫെബ്രുവരിമുതൽ ജൂൺവരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എൻ.) എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരിൽ കൂടുതൽപ്പേരും തൊലിവെളുക്കാൻ ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചവരാണ്.

ക്രീമുകൾ ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത്ഭുതകരമായ മാറ്റങ്ങളാണത്രെ സംഭവിച്ചത്. എന്നാൽ ഉപയോഗം നിർത്തിയതിന് തൊട്ടുപിന്നാലെ ചർമം വരണ്ടുണങ്ങുകയും പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. തൃശൂരിൽ ഇത്തരത്തിൽ ക്രീം ഉപയോഗിച്ച് ചർമരോഗം ബാധിച്ച ഒരു യുവാവിന് ഏതാണ്ട് ആറ് മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്രയും ഫലം ലഭിക്കണമെങ്കിൽ സ്റ്റിറോയ്ഡ് പോലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ചവരെ നഷ്ടപ്പെട്ടേക്കാമെന്നും ഡോക്ടർമാർ പറയുന്നു. എന്തായാലും സൗന്ദര്യവർധകവസ്തുക്കൾ വാങ്ങുമ്പോൾ വളരെ സൂക്ഷിക്കണം എന്ന് ചുരുക്കം.