കോഴിക്കോട്: റബറും തെങ്ങും ഉൾപ്പെടെയുള്ള നാണ്യവിളകൾ കർഷകരെ ചതിച്ചതോടെയാണ് മലയോര കർഷകർ കൂട്ടമായി പഴവർഗങ്ങളുടെ കൃഷിയിലേക്കു ചുവടുമാറ്റിയിരിക്കുന്നത്. ഈ പ്രവണത വരും നാളുകളിൽ വർധിക്കുമെന്നതിനാൽ കേരളം ഭാവിയിൽ പഴവർഗങ്ങളുടെ കശ്മീരായി മാറുമെന്ന് കാർഷിക വിദഗ്ദ്ധർ പറയുന്നു.

നാണ്യവിളകൾ കൃഷി ചെയ്താൽ കർഷകർക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്ത സ്ഥിതിയാണെന്ന് അടിവാരത്തെ കർഷകനായ കൊയപ്പത്തൊടി അഹമ്മദ്കുട്ടി പറഞ്ഞു. ഇടനിലക്കാരും ഇവയെ അസംസ്‌കൃത വസ്തുവാക്കി വ്യവസായം നടത്തുന്നവരുമാണ് ലാഭം കൊയ്യുന്നത്. കാപ്പിയുടെ ബിസിനസ് എടുത്താൽ ലോകം മുഴുവനുമുള്ള കാപ്പി കർഷകർക്ക് ലഭിക്കുന്നത് എട്ടു ബില്യൺ ഡോളറാവുമ്പോൾ ഈ ബിസിനസിലൂടെ കമ്പനികൾ നേടുന്നത് 40 ബില്യൺ ഡോളറാണ്. കാപ്പിക്ക് കിലോഗ്രാമിന് 10 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാൽപോലും ആരും അത് മുഖവിലക്കെടുക്കാത്ത സ്ഥിതിയാണ്.

മുപ്പതേക്കറോളം ഭൂമിയിലാണ് താനും സഹോദരങ്ങളും കൃഷി നടത്തുന്നതെന്ന് അഹമ്മദ്കുട്ടി വ്യക്തമാക്കി. റബറും കാപ്പിയും കൊക്കോയും തെങ്ങുമെല്ലാം ഇവയിൽ ഉൾപ്പെടും. നാണ്യവിളകളുടെ കൃഷി നഷ്ടക്കച്ചവടമായതോടെയാണ് പഴവർഗങ്ങളുടെ കൃഷിയിലേക്കു തിരിഞ്ഞത്. മൂന്നേക്കറോളം സ്ഥലത്താണ് ഇപ്പോൾ റംബുട്ടാൻ, മാഗോയിസ്റ്റർ, അവക്കാഡോ (ബട്ടർ ഫ്രൂട്ട്) തുടങ്ങിയ പഴവർഗങ്ങൾ കൃഷിയിറക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്ന കൃഷിയാണിത്. ആറേഴു വർഷം കഴിഞ്ഞാലെ വിളവെടുപ്പിനുള്ള സമയമാവൂ.

മലയോര കർഷകർ മാറിചിന്തിക്കാൻ നിർബന്ധിതരായതോടെയാണ് പഴവർഗങ്ങളുടെ കൃഷിയിലേക്കു എത്തിച്ചതെന്ന് സാബു ജേക്കബ് രണ്ടുപ്ലാക്കൽ വ്യക്തമാക്കി. റബറും തെങ്ങുമൊന്നും കൃഷി ചെയ്താൽ മുടക്കിയ കാശ്പോലും തിരിച്ചുകിട്ടാത്ത സ്ഥിതിായായിരിക്കയാണ്. എല്ലാറ്റിലും ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്. ഇതിനിടയിൽ കർഷകർക്ക് ഒരിക്കലും പിടിച്ചുനിൽക്കാനാവില്ല. തന്റെ തോട്ടത്തിൽ ഇപ്പോൾ പ്രധാനമായും ചെയ്യുന്ന കൃഷി റംബുട്ടാന്റേതാണെന്ന് സാബു. നല്ല വിളവാണ് ലഭിക്കുന്നത്. കീടശല്യം കുറവാണെന്നതിനൊപ്പം ഉൽപാദനച്ചെലവ് നാണ്യവിളകളെ അപേക്ഷിച്ച് കുറയുമെന്നതും കർഷകർക്ക് പ്രോത്സാഹനജനകമാണ്. കാർഷിക രംഗത്തേക്കു പുതുതായി കടന്നുവരുന്നവരും ഒരേ വിളതന്നെ കാലങ്ങളോളം ചെയ്ത് നഷ്ടക്കണക്കുമാത്രം ബാക്കിയായവരുമെല്ലാം ഇപ്പോൾ കൂടുതലായി പഴവർഗങ്ങളുടെ കൃഷിയിലേക്കു തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും സാബു പറഞ്ഞു.

റബറും തെങ്ങും കവുങ്ങുമെല്ലാം ചോലതീർത്ത തോട്ടങ്ങൾക്ക് പകരം വരും വർഷങ്ങളിൽ റംബുട്ടാനും മാഗോയിസ്റ്ററും അവക്കാഡോയുമെല്ലാം ചോല തീർക്കുന്ന റോഡുകളും ഇടവഴികളുമെല്ലാമാവും അധികം വൈകാതെ മലയോരത്തിന്റെ വഴിയോരക്കാഴ്ചകൾ. മികച്ച വിപണന സാധ്യതയാണ് കർഷകരെ ആകർഷിക്കുന്ന മറ്റൊരു ഘടകം. വിവിധ ഇനം മാവുകൾ, ഡ്രാഗൺ ഫ്രൂട്ട്, പപ്പായ, സപ്പോട്ട തുടങ്ങിയ വിളകളെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതാണ് ഇപ്പോൾ കാണാനാവുന്നത്. കാപ്പിയും റബറും നാളികേരവുമെല്ലാം ഉൾപ്പെടുന്ന നാണ്യവിളകളുടെ കമ്പോള വില നിയന്ത്രിക്കുന്നത് രാജ്യത്തെ വൻകിട കമ്പനികളും ഇടനിലക്കാരുമാണെന്നിരിക്കേ പഴവർഗങ്ങളുടെ മാർക്കറ്റ് കേരളത്തിലാണെന്നതും മികച്ച വിലക്ക് അവ നേരിട്ട് കച്ചവടക്കാർക്ക് ഇടനിലക്കാർ ഇല്ലാതെ വിൽപന നടത്താൻ സാധിക്കുമെന്നതുമെല്ലാം ഈ കൃഷിയുടെ മേന്മകളാണ്.

മരമുന്തിയും ഒപ്പം മലയാളിക്ക് അധികം പരിചയമില്ലാത്ത മധുര അമ്പഴം, മക്കോട്ടദേവ, പുലാസാൻ തുടങ്ങിയവയും കർഷകർ കേരളത്തിൽ കൃഷിചെയ്തു തുടങ്ങിയിട്ടുണ്ട്. കേരളം പണ്ടു മുതലെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പഴവർഗ വിപണിയാണെന്നത് കമ്പോളം അന്വേഷിച്ചു നടക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകാൻ കർഷകർക്ക് സഹായകമാവുന്നുണ്ട്. സർക്കാർ കൂടി ഈ കൃഷിയോട് ഉദാരമായ സമീപനം സ്വീകരിച്ചാൽ പഴവർഗങ്ങളുടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഉൽപാദന സംസ്ഥാനമായി കേരളത്തിന് മാറാൻ സാധിക്കും.

സർക്കാരിന് കീഴിൽ വിളവെടുത്ത പഴങ്ങൾ സൂക്ഷിച്ചുവെക്കാൻ കോൾഡ് സ്റ്റോറേജ് സംവിധാനം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും നാണ്യവിളകൾക്കും അനുബന്ധ കൃഷിക്കുമെന്നപോലെ പഴവർഗങ്ങൾ കൃഷി ചെയ്യുന്നതും പ്രോത്സാഹിപ്പിക്കാൻ കൃഷിഭവനുകളെ മുൻനിർത്തി സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്താൽ രാജ്യത്തെ പഴ വിപണിക്കു മാത്രമല്ല വിദേശങ്ങളിലേക്കുവരെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത് കേരളത്തിന് മികച്ച രീതിയിൽ വിദേശനാണ്യം നേടാനും ഇത് സാഹചര്യം ഒരുക്കും.

കുരുമുളകും റബറും ഉൾപ്പെടെയുള്ള വിളകൾ കൃഷി ചെയ്യുന്നവർ നിലവിൽ തെക്കുകിഴക്കൻ രാജ്യങ്ങളിൽനിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. നമ്മുടേതിലും കുറഞ്ഞ ചെലവിൽ അവിടെ ഉൽപാദനം സാധ്യമാണെന്നതും കൂടുതൽ ശാസ്ത്രീയമായ രീതിയിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടത്തപ്പെടുന്നതുമെല്ലാം കേരളത്തിലെ കർഷകർക്ക് അവരോട് മത്സരിച്ചു മുന്നേറാനുള്ള സാധ്യത ഇല്ലാതാക്കിയിരിക്കയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ മലയോര കർഷകരുടെ കണ്ണീരൊപ്പുന്നതായി അധികം വൈകാതെ പഴവർഗങ്ങളുടെ കൃഷി മാറുമെന്നാണ് കാർഷിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.