കൊച്ചി: ആ കുഞ്ഞിനെ ഒന്ന് അപകടമില്ലാതെ അമ്മക്ക് തിരിച്ചുകിട്ടിയാൽ മതിയായിരുന്നു. പലരും പ്രാർത്ഥിച്ചു.. അഞ്ചുവയസുകാരിക്ക് ഒന്നു വരുത്തരുതേ. എന്നാൽ, ക്രൂരതയുടെ പര്യായമായ കശ്മലൻ ആ കുരുന്നിനെ ഇല്ലാതാക്കി കളഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളായ പിതാവും ഭാര്യയും മകൾക്ക് ആപത്തൊന്നും സംഭവിക്കില്ലെന്നും അവൾ മടങ്ങി വരുമെന്നും ഉള്ള പ്രതീക്ഷയിലായിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12 മണിയോടെ ഇടിത്തീ പോലെ ആ വാർത്തയെത്തി. ആലുവ മാർക്കറ്റിന് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ..

മൃതദേഹം തിരിച്ചറിയാൻ ആൾക്കൂട്ടത്തിനൊപ്പം നിൽക്കുമ്പോഴും അച്ഛൻ ആകെ മരവിച്ച നിലയിലായിരുന്നു. വരും മകൾ വരാതിരിക്കില്ല എന്ന തോന്നൽ വിട്ടുമാറാതെ നിന്നു. എന്നാൽ, മൃതദേഹം തിരിച്ചറിഞ്ഞതോടെ പിടിച്ചുനിൽക്കാനായില്ല. അയാൾ പൊട്ടിക്കരഞ്ഞുപോയി. വീട്ടിലേക്ക് പൊലീസ് മടക്കി അയയ്ക്കുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അമ്മ മകളെ വിളിച്ചുകൊണ്ട് നിലവിളിക്കുന്നത് കണ്ടുനിന്നവർക്ക് താങ്ങാനാവുമായിരുന്നില്ല. അയൽപക്കത്തെ സ്ത്രീകൾ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആ അമ്മമനസിനേറ്റ മുറിവ് പറഞ്ഞാൽ തീരുന്നതായിരുന്നില്ല. സ്‌കൂളിലും, അംഗനവാടിയിലുമായി പോയിരുന്ന ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികളെ അതിനിടെ, അദ്ധ്യാപകർ വീട്ടിലെത്തിച്ചു. എന്നാൽ, കാര്യമൊന്നും മനസ്സിലാവാതെ കുട്ടികൾ എല്ലാവരെയും മാറി മാറി നോക്കി.

മൂന്നുവർഷം മുമ്പാണ് ഈ കുടുംബം ബിഹാറിൽ നിന്ന് കേരളത്തിൽ എത്തിയത്. പാലക്കാട് ഐഐടിയിലെ കരാർ തൊഴിലാളിയാണ് പെൺകുട്ടിയുടെ പിതാവ്. ആഴ്ചയിൽ ഒരിക്കലാണ് വീട്ടിലെത്തുന്നത്. അമ്മ വീട്ടുജോലിക്ക് പോയിരുന്നു. ഇവർക്ക് നാല് കുട്ടികളാണ് ഉള്ളത്. ഒരു ആൺകുട്ടിയും മൂന്ന് പെൺമക്കളും. അഞ്ചുവയസുകാരിയും മൂത്ത കുട്ടിയും ആലുവയിലെ ഒരു എയ്ഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഈ വർഷമാണ് അഞ്ചുവയസുകാരി ഒന്നാം ക്ലാസിൽ ചേർന്നത്.

പ്രതി അസ്ഫാക് കുറ്റം സമ്മതിച്ചു

പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ അറിയിച്ചു. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അബോധാവസ്ഥയിലായിരുന്നതിനാൽ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഇന്നു രാവിലെ അസ്ഫാക് തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്‌പി പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ മറ്റൊരാൾക്കു കൈമാറിയെന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിനുശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നും റൂറൽ എസ്‌പി മാധ്യമങ്ങളോടു വ്യക്തമാക്കി.

വെള്ളിയാഴ്ച പകൽ മൂന്നോടെയാണു അഞ്ചുവയസുകാരിയെ അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയത്. ബിഹാറി ദമ്പതികൾ വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി.

കുട്ടിയെയും കൊണ്ടു പോയ അസ്ഫാക് ആലുവ ഗ്യാരേജിന് സമീപത്തുനിന്നും കെഎസ്ആർടിസി ബസിൽ കയറി സീമാസിനു സമീപം ബസിറങ്ങി. തുടർന്ന് മാർക്കറ്റിലേക്ക് പോകുകയായിരുന്നു. മാർക്കറ്റിന് ഏറ്റവും പിന്നിൽ മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് മതിലിനോട് ചേർന്ന് ചാക്കിൽ കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം. ഒരു കൈ പുറത്തേക്ക് തള്ളിനിന്നിരുന്നു. കുഞ്ഞിനെ ചെളിയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം മാലിന്യം കെട്ടിയിരുന്ന ചാക്കിൽ മൃതദേഹം ഒടിച്ചുമടക്കി കെട്ടിവയ്ക്കുകയായിരുന്നു.

രാത്രി ഏഴ് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. എട്ടു മണിയോടെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. പത്തുമണിയോെട അഫ്താക്കിനെ അറസ്റ്റു ചെയ്തു. ഈ സമയം ഇയാളുടെ പക്കൽ കുട്ടി ഉണ്ടായിരുന്നില്ല. അമിതമായി ലഹരി ഉപയോഗിച്ച് അബോധമായ അവസ്ഥയിൽ ആയിരുന്നു. പൊലീസിന് പരാതി കിട്ടും മുൻപേ ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് സൂചന.

തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തെളിവെടുപ്പിനായി പ്രതിയായ അസ്ഫാക്കിനെ പൊലീസ് എത്തിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പ്രതിയുമായി തിരികെ പോയി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്.

''അവനെ വിട്ടുകൊടുക്കരുത് അവന്റെ കയ്യും കാലും തല്ലിയൊടിക്കണം'' എന്നിങ്ങനെ അസ്ഫാക്കിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ പറഞ്ഞു. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂർണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ പോകുകയായിരുന്നു.