കോഴിക്കോട്: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദമായ ഗണപതി പ്രസംഗത്തിനെതിരെ എൻഎസ്എസും ബിജെപിയും വൻ കാമ്പയിൻ തുടങ്ങിയതോടെ, പ്രതിരോധം തീർത്ത് സിപിഎമ്മും. സമൂഹത്തിൽ ശക്തമായ മത ധ്രുവീകരണമാണ് ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഎം നേതാക്കൾ തിരിച്ചറിയുന്നുണ്ട്. സ്വന്തം മതത്തെ വിമർശിക്കാതെ, ഹിന്ദുമതത്തെ മാത്രം വിമർശിക്കുന്ന ഒരു സാമുദായികവാദിയായി ഷംസീറിനെ ചിത്രീകരിക്കാനുള്ള ശ്രമം പ്രതിരോധിക്കാനാണ് സിപിഎം സൈബർ സഖാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.

ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയ സ്പീക്കർക്ക് സ്വന്തം മതത്തെ പറ്റി വല്ലോം പറയാൻ ധൈര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായാണ്, നേരത്തെ ഹലാൽ ബോർഡ് വെക്കുന്നതിനെതിരെയും, അഞ്ച് പള്ളികളിൽ നിന്ന് ഒരേസമയം വാങ്ക് വിളിക്കുന്നതിനെതിരെയുമൊക്കെ ഷംസീർ പ്രതികരിച്ച പഴയ വീഡിയോകൾ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്.

അഞ്ചിടത്തുനിന്നും വാങ്കുവിളി വേണോ?

ഷംസീർ പണ്ട് നടത്തിയ ഒരു പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. 'ഒരു സ്ഥലത്ത് അഞ്ച് പള്ളികൾ ഉണ്ട്. അഞ്ചിടത്തുനിന്നും ഒരേ സമയം വാങ്കുവിളിക്കേണ്ട കാര്യമുണ്ടോ. മുസ്ലിം മതസംഘടനകൾക്കിടയിൽ വളരെ സീരിയസ് ആയ സംവാദത്തിനുവേണ്ടി ഞാൻ തുറന്നുവിടുന്നു. നാളെ എന്നെ ആക്രമിക്കാൻ വരേണ്ട. ഞാൻ അഭിപ്രായം പറയുന്നുവെന്നയുള്ളൂ. ഒരു സ്ഥലത്ത് അഞ്ച് പള്ളികൾ ഉണ്ട്. അഞ്ചിടത്തുനിന്നും ഒരേ സമയം വാങ്ക് വിളിക്കേണ്ട കാര്യമുണ്ടോ. എന്തിനാ വാങ്ക് വിളിക്കുന്നത്. നമസ്‌ക്കരിക്കാൻ സമയമായി എന്ന് ഓർമ്മിപ്പിക്കാനാണ്. അത് അഞ്ചുപള്ളികളിൽനിന്നും വിളിച്ചാലേ വാങ്കുവിളിയാവൂ എന്ന അഭിപ്രായമെന്നും എനിക്കില്ല.'' ഷംസീർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഹലാൽ ബോർഡിനെതിരെ പ്രതികരിച്ചയാളാണ് ഷംസീർ. ഭക്ഷണം ഇഷ്ടമുള്ളവർ കഴിക്കട്ടെ, ചിലത് കഴിക്കാൻ പാടില്ലെന്ന തിട്ടൂരമെന്തിനാണ് എന്നാണ്, സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ഷംസീർ പറഞ്ഞത്. എന്തിനാണ് ഹലാൽ എന്നെല്ലാം ബോർഡ് വയ്ക്കുന്നത്. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തിൽ കുറച്ച് ഉത്തരവാദിത്വം കാണിക്കണം. കേരളം പോലുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കാൻ സംഘപരിവാർ തക്കം പാർത്ത് നിൽക്കുകയാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എന്തിനാണ് സംഘപരിവാർ സംഘടനകൾക്ക് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താൻ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം''-ഷംസീർ ചൂണ്ടിക്കാട്ടി.

കലോത്സവത്തിൽ നോൺവെജ് വേണ്ട

കഴിഞ്ഞ സംസ്ഥാന സ്‌കുൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം ഒരുക്കണമെന്ന ആവശ്യത്തെ തുടർന്ന് വൻ വിവാദം ഉണ്ടായിരുന്നു. സൈബറിടങ്ങളിൽ തുടങ്ങിയ ഈ ചർച്ച വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയും, അടുത്ത തവണ താൻ കലോത്സവ വേദിയിലേക്ക് ഇല്ലെന്ന് കലവറ നിയന്ത്രിച്ച പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഇസ്ലാമോലെഫ്റ്റിനെ പിന്തള്ളി പഴയിടത്തിന് ഒപ്പമാണ് സ്പീക്കർ ഷംസീർ നിന്നത്.

കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണ്. ചിക്കൻ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് നൃത്തം ചെയ്യുകയെന്നും ഷംസീർ ചോദിക്കുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത വർഷത്തെ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീർ തന്നെ ഭിന്നാഭിപ്രായം തുറന്ന് പറഞ്ഞത്.

'എനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയം. പക്ഷേ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ യുവജനോത്സവം പോലെയുള്ള ഒത്തുചേരലുകളിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലത്. ചിക്കൻ ബിരിയാണി കഴിച്ചിട്ട് ഒരു കുട്ടിക്ക് എങ്ങനെയാണ് സ്റ്റേജിൽ നൃത്തം ചെയ്യാനാകുക. വെജിറ്റേറിയൻ എല്ലാവർക്കും കഴിക്കാം എന്നാൽ നോൺ വെജ് അങ്ങനെയല്ല. നോൺ വെജ് കഴിച്ചേ മതിയാകൂ എന്നുള്ളവർക്ക് പുറത്തുനിന്ന് വാങ്ങി കഴിക്കാം'-ഷംസീർ പറയുന്നു. അതൊരു അനാവശ്യ വിവാദമായിരുന്നുവെന്നും ഷംസീർ കൂട്ടിച്ചേർത്തു.

ഇതേ അഭിമുഖത്തിൽ സ്വത്വ രാഷ്ട്രീയത്തെയും ഷംസീർ തള്ളുന്നുണ്ട്. മുസമുദായത്തിന് വിശ്വസിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അതുകൊണ്ടാണ് പാർട്ടിയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതെന്നും ഷംസീർ പറയുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന യഥാർത്ഥ മതേതര പാർട്ടിയാണ് സിപിഎം.സ്വത്വ രാഷ്ട്രീയം ആപത്കരമാണ്. കൂടാതെ മുസ്ലിം വിഭാഗത്തിന്റെ പ്രശ്‌നം അവർ തന്നെ പരിഹരിക്കാം എന്ന് വിചാരിക്കുന്നതും എല്ലാവർക്കും അപകടകരമാണെന്നും ഷംസീർ പറയുന്നുണ്ട്. ഇതെല്ലാം ഉയർത്തിക്കാട്ടിയാണ്, ഷംസീർ വർഗീയവാദിയാണ് എന്ന ആരോപണങ്ങൾക്ക് സിപിഎം പ്രതിരോധം ഉയർത്തുന്നത്.