മലാബോ: എക്വറ്റോറിയൽ ഗിനിയയിൽ തടഞ്ഞുവച്ച ഹീറോയിക്ക് ഐഡം കപ്പലിലെ മലയാളി ഓഫീസർ സനു ജോസിനെ നൈജീരിയക്ക് കൈമാറില്ല.കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇന്ത്യൻ എംബസിയുടേയും ഇടപെടലിനെ തുടർന്നാണ് സനുവുൾപ്പെടെയുള്ള 16 ഇന്ത്യക്കാരെ നൈജീരിക്ക് കൈമാറുന്നത് ഒഴിവായത്.അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെ തിരികെ കപ്പലിൽ തന്നെ എത്തിച്ചു.എന്നാൽ ഇവരെ ഹോട്ടലിലേക്ക് മാറ്റിയതായും ഹോട്ടൽ തടവു കേന്ദ്രമാക്കിയാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ ആകെ 26 പേരാണുള്ളത്.ഇതിൽ 16 പേർ ഇന്ത്യക്കാരാണ്.സനു ജോസുൾപ്പെടെ 3 പേർ മലയാളികളും.ഇതിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും ഉൾപ്പെടും.നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.

അതേസമയം കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു.ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിട്ടുണ്ട്.

നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.നൈജീരിയൻ നാവിക സേനയുടെ നിർദ്ദേശപ്രകാരമാണ് ഗിനി നേവി, ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്.മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഇവരെ മോചിപ്പിച്ചിട്ടില്ല.ഇതിനു പിന്നാലെ സനു ജോസിനെ ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റുകയായിരുന്നു.തുടർന്ന് സനുവിനെ നൈജീരിയൻ നാവികസേനയ്ക്ക് കൈമാറുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും എംബസിയുടെ ഇടപെടലിനെ തുടർന്ന് ഇത് ഒഴിവാവുകയായിരുന്നു.

ജീവനക്കാർ തടവിലായ ഓഗസ്റ്റ് മുതൽ മോചനത്തിനായി നിരന്തരം ഗിനിയയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്.സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.