കോഴിക്കോട്: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ചതിനെക്കുറിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കയാണ്. നേരത്തെ അവർ നടത്തിയ ചില അശാസ്ത്രീയ പ്രചാരണങ്ങളെ തുടർന്നാണ് ഈ വിമർശനം നടക്കുന്നത്. 'ആർത്തവുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടി വാടിപ്പോവും' എന്നതടക്കം അവർ നേരത്തെ ചില അഭിമുഖങ്ങളിൽ പറഞ്ഞ അഭിപ്രായം എടുത്തിട്ടാണ് ട്രോളുകൾ തകർക്കുന്നത്. എന്നാൽ അവരുടെ സാമൂഹിക ജീവിതത്തിന്റെ പേരിലല്ല, സാഹിത്യത്തിനും ചരിത്രത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ നൽകിയത് എന്നാണ് വാസ്തവം. ഗൗരി ലക്ഷ്മിഭായിയുടെ സാഹിത്യ ജീവിതം നോക്കിയാൽ അങ്ങനെ പരിഹസിക്കപ്പെടേണ്ട വ്യക്തിയല്ല എന്ന് മനസ്സിലാവും.

നൂറ്റി അൻപതോളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായിയുടെപേരിലുണ്ട്. തിരുമുൽക്കാഴ്ച (1992) യാണ് ആദ്യ കവിതാസമാഹാരം. അമ്മാവനായ ശ്രീ ചിത്തിര തിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. മനോഹരമായ ഇംഗ്ലീഷിലാണ് ഈ കവിതകൾ എന്നാണ് നിരൂപകർ പറയുന്നത്.

'ദ ഡോൺ'(1994) എന്ന കവിതാസമാഹാരവും, ശ്രീ പത്മനാഭസ്വാമി ടെമ്പിൾ, തുളസി ഗാർലൻഡ് (1998), 'ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് '(2002) എന്നീ ഗദ്യകൃതികളുമാണ് മറ്റു രചനകൾ. 'പോയട്രി ക്വാർട്ടർലി' എന്ന ആനുകാലികത്തിൽ ഇവർ തുടർച്ചയായി കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ കമ്പനിയാണ് 'ദ ഡോൺ' എന്ന കൃതി പ്രസിദ്ധീകരിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. ക്ഷേത്രസംബന്ധമായ ഐതിഹ്യങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവതാസങ്കല്പങ്ങൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു. ട്രാവൻകൂർ ചരിത്രത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായാണ് ഇതിനെ കണക്കാക്കുന്നത്.

കന്യാകുമാരി മുതൽ അരൂർ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ച 'തുളസി ഗാർലൻഡ്'. ഐതീഹ്യവും,ചരിത്രവും, പുരാണവുമൊക്കെ ഇതിൽ കാണാം. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള കൃതിയാണ് 'ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ്'. ഭാരതീയ വിദ്യാഭവനാണ് പ്രസാധകർ. ഗദ്യ കൃതിയാണെങ്കിലും അടിമുടി കാവ്യമയമാണ് ഇതിലെ ഭാഷയെന്നും നിരൂപകർ വിലയിരുത്തുന്നുണ്ട്. പി.പി. രാമവർമ്മരാജയുടെ 'ശ്രീ ശബരിമല അയ്യപ്പചരിതം' എന്ന കൃതി, ഗൗരിലക്ഷ്മിഭായി ഇംഗ്ലീഷിലേക്ക് വിവർത്തനവും ചെയ്്തിട്ടുണ്ട്.

തിരുവിതാംകൂർ രാജവംശത്തിലേയ്ക്ക് ആദ്യമായിട്ടാണ് പത്മ പുരസ്‌ക്കാരം ലഭ്യമായത്. പക്ഷേ അത് വലിയതോതിലുള്ള വിമർശനങ്ങൾക്കാണ് വഴി തെളിയിച്ചത്. വിവിധ ഓൺലൈൻ ചാനലുകളിലെ അഭിമുഖത്തിന് അല്ല, സാഹിത്യത്തിനാണ്, ഗൗരിലക്ഷ്മിഭായിയെ രാജ്യം ആദരിച്ചത് എന്ന് പലരും മറന്നുപോവുകയാണ്.