കോട്ടയം: കേരളയും കോഴിക്കോടും വിട്ട് ഇനി എംജി സർവ്വകലാശാലയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലാ നിയമനങ്ങളിലുൾപ്പെടെ സർക്കാരുമായി ഏറ്റുമുട്ടുന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സൂചന നൽകുന്ന ഗവർണർ പുതിയ വിഷയം ചർച്ചയാക്കുകയാണ്. കോളേജിലെ രാഷ്ട്രീയാതിപ്രസരമാണ് അത്.

''ഇന്ത്യയ്ക്കുപുറത്ത് രൂപംകൊണ്ട ആശയങ്ങൾ ഉൾക്കൊള്ളുന്ന ചില പ്രസ്ഥാനങ്ങൾ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നത്. എന്നെ സമ്മർദത്തിലാക്കാമെന്ന് അവർ കരുതേണ്ട. അതിന് ശ്രമിച്ചാൽ നിയമത്തിന്റെ അന്തഃസത്ത ആയുധമാക്കി അതിനെ നേരിടും. സർവകലാശാല പൊതുസ്ഥാപനമാണ്. ഇവിടെ ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെയും യുവജനസംഘടനയുടെയും പോസ്റ്ററുകൾ പതിക്കാൻ ആരാണ് അധികാരംനൽകിയത്. ഇതിന്റെ പേരിൽ ഇവർ സർവകലാശാലയ്ക്ക് ഫീസടയ്ക്കുന്നുണ്ടോ. കാമ്പസ് തങ്ങളുടെ സ്വത്താണെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് അനുവദിക്കാനാവില്ല'' -ഗവർണറുടെ ഈ ചോദ്യം പുതിയൊരു വിഷയം സൃഷ്ടിക്കലാണ്. സിപിഎമ്മിലേക്ക് വിവാദങ്ങളെത്തിക്കുകയാണ് ഈ പരോക്ഷ സൂചനകളിലൂടെ ഗവർണ്ണർ.

മഹാത്മാഗാന്ധി സർവകലാശാലയിൽ ഡി.ലിറ്റ് ബിരുദദാനച്ചടങ്ങിന് എത്തിയപ്പോഴാണ് സർവകലാശാലാനിയമഭേദഗതി ബില്ലിലും ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിലും ഒപ്പിടില്ലെന്ന സൂചന അദ്ദേഹം നൽകിയത്. നാലുദിവസമായി തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ ബില്ലുകൾ കണ്ടിട്ടില്ല. നിയമസഭയിൽ ബില്ലുകൾ പാസാക്കാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ഭരണഘടനയ്ക്ക് അനുസൃതമായിമാത്രമേ ഞാൻ ഇതിൽ തീരുമാനമെടുക്കൂ. -ഗവർണർ പറഞ്ഞു. ഇതിനൊപ്പമാണ് പോസ്റ്റർ ചർച്ചയും തുടങ്ങുന്നത്.

സർവകലാശാല പൊതുസ്ഥാപനമാണ്. സർവകലാശാലാ ക്യാംപസിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും അവരുടെ യുവജന സംഘടനയുടെയും പോസ്റ്ററുകൾ പതിക്കാൻ ആരാണ് അധികാരം നൽകിയത്? ഇതിന്റെ പേരിൽ ഇവർ സർവകലാശാലയ്ക്കു ഫീസ് അടയ്ക്കുന്നുണ്ടോ? ക്യാംപസ് തങ്ങളുടെ സ്വത്താണെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് അനുവദിക്കാനാവില്ല. പൊതുമുതൽ നശിപ്പിക്കുന്നതു കണ്ടുനിൽക്കാനാവില്ല. പോസ്റ്ററുകളുടെ പടം താൻ ഫോണിൽ എടുത്തുവച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലാ കവാടത്തിനു പുറത്ത് 'ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനു സർവകലാശാലയിലേക്കു സ്വാഗതം' എന്നു പറഞ്ഞ് ചിത്രം സഹിതം വലിയ ബോർഡ് വച്ചിരുന്നു. മറ്റാരുടെയും ചിത്രം ബോർഡിലുണ്ടായിരുന്നില്ല. ഇതാണ് ഗവർണ്ണർ ചർച്ചയാക്കിയതെന്നാണ് സൂചന. ഇതിലും സർവ്വകലാശാലയോട് വിശദീകരണം തേടും. ഇതിനൊപ്പമാണ് മറ്റ് വിഷയങ്ങളിലും നിലപാട് കടുപ്പിക്കുന്നത്. സർവ്വകലാശാല-ലോകായുക്താ ഭേദഗതികളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകി കഴിഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിലുള്ളവരുടെ യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ചാൻസലറായ താൻ റബ്ബർ സ്റ്റാമ്പായി ഇരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സർവകലാശാലയിൽ സ്വന്തം പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രിയറിയാതെ നിയമിക്കാൻ ചാൻസലർക്ക് നിർദ്ദേശംവന്നെന്നുപറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? -ഗവർണർ ചോദിച്ചു. ജനാധിപത്യസർക്കാരെന്നാൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള അധികാരമെന്ന് അർഥമില്ല. സർവകലാശാലകളുടെ സ്വയംഭരണാവകാശം പാവനമായ സങ്കല്പമാണ്. ഇത് ഹനിക്കുന്ന ഒരുനടപടിക്കും കൂട്ടുനിൽക്കില്ല. അനധികൃതമായി നിയമനങ്ങൾ നടത്താനുള്ള സർക്കാർനീക്കം അനുവദിക്കില്ല -ഗവർണർ പറഞ്ഞു.

സർക്കാരിനോടുള്ള നിലപാട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുപ്പിച്ചതോടെ, നിയമസഭ പാസാക്കിയ സർവകലാശാലാ, ലോകായുക്ത ബില്ലുകളുടെ കാര്യം അനിശ്ചിതത്വത്തിലായി. ഈ ബില്ലുകൾക്ക് അദ്ദേഹം ഉടനെ അംഗീകാരം നൽകാൻ സാധ്യതയില്ല. അതേസമയം വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ട നിയമം റദ്ദാക്കിയ ബില്ലിനു ഗവർണർ അംഗീകാരം നൽകി.

നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്ക് അയയ്ക്കുമ്പോൾ ഒപ്പം ഇതു സംബന്ധിച്ച നിയമസഭാ ചർച്ചകളുടെ മിനിറ്റ്‌സും അയയ്ക്കാറുണ്ട്. സാധാരണ, മലയാളത്തിലുള്ള മിനിറ്റ്‌സ് ആണ് അയയ്ക്കുക. സർവകലാശാല, ലോകായുക്ത ബിൽ ചർച്ചയുടെ ഇംഗ്ലിഷ് പരിഭാഷ രാജ്ഭവൻ ചോദിച്ചെങ്കിലും അത് നിയമ വകുപ്പ് അംഗീകരിച്ചു വരാൻ സമയം എടുക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഈ സാഹചര്യത്തിൽ ഗവർണർക്കു വായിക്കാനായി രാജ്ഭവൻ ഉദ്യോഗസ്ഥർ തന്നെ മിനിറ്റ്‌സ് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തും.

സർവകലാശാലകളിലെ ബന്ധുനിയമനങ്ങളുടെ കാര്യത്തിൽ നിലപാടു കടുപ്പിക്കാനാണു ഗവർണറുടെ തീരുമാനം. കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ വിഡിയോയുടെ പൂർണരൂപം ഗവർണർ പരിശോധിക്കുന്നുണ്ട്. കണ്ണൂർ വിസിക്കെതിരെ നടപടികളിലേക്കു നീങ്ങുന്നതിനു മുന്നോടിയാണ് ഇതെന്നു കരുതുന്നു.