കോഴിക്കോട്: നാം മാലിന്യമെന്നു പഴിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ ഉപയോഗശൂന്യമായവയല്ലെന്നു തങ്ങളുടെ കരവിരുതിലൂടെ തെളിയിക്കുകയാണ് വടകരയിലെ ഗ്രീൻ ടെക്നോളജി സെന്ററിലെ ജീവനക്കാർ. പലർക്കും ഉപയോഗശൂന്യമായ വീട്ടുസാമഗ്രികൾ പിന്നീട് വലിയ തലവേദനയാവുന്നത് കാണാറുണ്ട്. പക്ഷേ ഇവിടെ അവയ്ക്കെല്ലാം വലിയ മാർക്കറ്റാണ്.

ഇത്തരം വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യനും സമൂഹത്തിനുമെല്ലാം ഏറെ ഉപകാരപ്രദമാവുന്ന വസ്തുക്കളായി അവ മാറ്റിയെടുക്കുന്ന ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഗൃഹോപകരണങ്ങളിൽ ഇനിയൊരു അറ്റകുറ്റപണിയും ഏശാത്ത ഫ്രിഡ്ജും വാഷിങ് മെഷിനുമെല്ലാം ഇത്തരത്തിൽ കലാവിരുതോടെ രൂപമാറ്റം വരുത്തി ഉപയോഗപ്രദമാക്കുന്നത് എങ്ങനെയെന്നും വടകര നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെന്ററിൽ വെറുതെയൊരു സന്ദർശനം നടത്തിയാൽ ബോധ്യപ്പെടും.

കലപ്പഴക്കം ഉപയോഗശൂന്യമാക്കിയ ഫ്രിഡ്ജുകൾ പ്രസംഗപീഠമായും സോഫാ സെറ്റുമൊക്കെയായി പുനർജനിക്കുന്നത് കാണുമ്പോൾ നാം അമ്പരക്കും. ഇതിനെക്കൊണ്ട് ഇങ്ങനെയുള്ള ഉപകാരങ്ങളുമുണ്ടെല്ലേയെന്ന് മനസ്സിൽ ഒരായിരം തവണ പറയും. ഫ്രിഡ്ജ് മാത്രമല്ല, ടി.വി.യും പഴയ ടയറുകളും ഒഴിവാക്കപ്പെട്ട കുടിവെള്ള ടാങ്കുകളും എന്തിന് ടൈൽകഷണങ്ങളും കല്ലും പാളയുമെല്ലാം ഇവിടെ മൂല്യവർധിത ഉത്പന്നങ്ങളായി മാറുകയാണ്.

മാലിന്യമെന്നത് മാറുന്നതിനൊപ്പം അവയ്ക്ക് പുതിയ ഭാവവും രൂപവും വരുന്നതോടെ അവ തേടി ആവശ്യക്കാരുമെത്തുന്നു. ഒരു വെടിക്കു സിംപിളായി രണ്ടു പക്ഷികൾ. ഇത് ആർക്കും അനുകരിക്കാവുന്ന മാതൃക കൂടിയാണ്. അൽപം ഇച്ഛാശക്തിയും ജീവിതത്തിരക്കിനിടയിൽ അൽപം സമയവും മാറ്റിവെക്കാനായാൽ നമുക്കുചുറ്റും ഇതുപോലെ അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന പല വസ്തുക്കളിൽനിന്നും നമ്മുടെ അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അത്ഭുതംകൂറുന്ന വസ്തുക്കളുണ്ടാക്കാം.

നഗരസഭക്ക് കീഴിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവൃത്തി മികച്ച രീതിയിൽ നടപ്പാക്കുന്ന നഗരസഭയാണ് വടകര. കൃത്യമായി പ്രവർത്തിക്കുന്ന ഹരിതകർമസേനയാണ് ഇതിന്റെയെല്ലാം ചുക്കാൻ പിടിക്കുന്നത്. സേനാംഗങ്ങൾ ശേഖരിക്കുന്നവയിൽ പഴയ ടി.വി.യും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും വാഹനങ്ങളുടെ ടയറുകളുമെല്ലാമുണ്ട്. ഇവയാണ് അൽപം കരവിരുതും കുറച്ച് നിറങ്ങളുമെല്ലാം ഒന്നുചേരുന്നതോടെ പുത്തൻ വസ്തുക്കളായി രൂപാന്തരപ്പെടുന്നത്.

പഴയ ടയർകൊണ്ട് ചെടികൾ നടാനുള്ള സംവിധാനം നേരത്തേതന്നെ ഹരിതകർമസേന നിർമ്മിച്ചു വരുന്നുണ്ട്. ഇവയ്ക്ക് നല്ല മാർക്കറ്റും ലഭിച്ചതോടെയാണ് കൂടുതൽ ഉൽപന്നങ്ങളെക്കുറിച്ച് ആലോചന തുടങ്ങിയതും പുതിയ പല പരീക്ഷണങ്ങളും പ്രശംസനീയമാംവിധം പൂർത്തീകരിക്കാനായതും. ഗ്രീൻ ടെക്നോളജി സെന്ററിന്റെ ഹാളിൽ പ്രവേശിക്കുമ്പോൾ തന്നെ വല്ലാത്തൊരു മാറ്റം അനുഭവപ്പെടും.

പല സാധനങ്ങളും കാണുമ്പോൾ ഇവയുടെ പഴയ രൂപങ്ങൾ നമ്മുടെ മനസ്സിലൂടെ ഓടിപ്പോവും. സെന്ററിന്റെ പ്രധാന ഹാളിൽ ഒത്തമധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ ഇരിപ്പിടങ്ങളും മേശയും നാം കണ്ണിമയനക്കാതെ നോക്കിനിന്നുപോകും. ഇതിലും ഭംഗിയുള്ളതും മിനുങ്ങുന്നതുമെല്ലാം നാമെല്ലാം കണ്ടിരിക്കും. അവയെല്ലാം അതിനായി ഉപയോഗിക്കുന്ന പുത്തൻ വസ്തുക്കളിൽ തടിയിലും ഫൈബറിലും ഗ്ലാസിലും പ്ലൈവുഡിലുമെല്ലാം സൃഷ്ടിക്കപ്പെടുന്നതാണ്.

എന്നാൽ ഇവിടുത്തെ കഥയെന്താണ്. ഇരിപ്പിടങ്ങൾ സാക്ഷാത്കരിച്ചിരിക്കുന്നത് പഴയ ടയറിൽ കയർ വരിഞ്ഞുമുറുക്കി മനോഹരമാക്കിയാണ്. എൽ ഇ ഡി ടി വിയുടെ കേടായ ഡിസ്പ്ലേ സ്‌ക്രീനാണ് ടീപ്പോയ് ആക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ ആർക്കും വിശ്വസിക്കാനെ സാധിക്കില്ല. വെട്ടുകല്ലുചീളുകൾ ഒട്ടിച്ച നല്ല ഭംഗിയുള്ള ചെടിച്ചട്ടികൾ, അനേകം തുണ്ടുതുണികൾ സംയോജിപ്പിച്ച് ഭംഗിയോടെ നിർമ്മിച്ചിരിക്കുന്ന ചവിട്ടികൾ... കൗതുകം തോന്നുന്ന വസ്തുക്കളുടെ പട്ടിക നീണ്ടതാണ്.

സെന്ററിന്റെ ഭാഗമായ മണ്ണു പരിശോധനാ ലാബിൽ കയറിയാൽ അവിടെ അതിഥികളെയും പ്രതീക്ഷിച്ചിരിക്കുന്ന മനോഹരമായ സോഫ കാണാം. ഇതും ഫ്രിഡ്ജ് കൊണ്ട് നിർമ്മിച്ചതാണെന്ന് ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാവില്ല. ഇത്തരത്തിൽ രൂപാന്തരപ്പെടുത്തിയെടുത്ത മൂന്നോ നാലോ ഫ്രിഡ്ജ് ചേർത്തിട്ടാൽ ഒരു നല്ല കട്ടിലായി. മിനുപ്പുള്ള ഉപരിതലമായതിനാൽ കിടക്കയില്ലാതെയും സുഖമായി തലയണവെച്ച് കിടക്കാം. മാർക്കറ്റിൽ സാമാന്യം ഭേദപ്പെട്ട വിലതന്നെ വേണ്ടതുണ്ട് കട്ടിലും കിടക്കയും വാങ്ങാൻ.

വഴിയരികിൽ ഉപേക്ഷിച്ച ടൈൽ കഷണങ്ങളും ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിക്കാറുണ്ട്. എന്തിനാണ് ഇതെല്ലാമെന്ന് അവ ശേഖരിക്കുന്നത് കാണുന്ന ആർക്കും തോന്നിപ്പോകും. പക്ഷേ അത്തരക്കാരെല്ലാം ഒരിക്കലെങ്കിലും ഇതുവഴി വരണം. ഇവിടെ കരവിരുതിൽ വിരിഞ്ഞുനിൽക്കുന്ന വസ്തുക്കളെല്ലാം കാണണം. വെറുതെ കണ്ടുപോയാൽപോര. പോകുമ്പോൾ നിങ്ങളുടെ ഉള്ളിലും ഇത്തരം ചില ഉപകരണങ്ങൾ എന്തുകൊണ്ട് തനിക്കും ചെയ്തുകൂടായെന്ന ചിന്തയും ഒപ്പം വരും. ഈ ചിന്ത മുളപൊട്ടുന്ന എല്ലാവരും അത് പ്രാവർത്തികമാക്കണമെന്നില്ല. എന്നാലും ചിലരെങ്കിലും അത് ജീവിതത്തിൽ പകർത്തിയാൽ, അത് മറ്റുള്ളവരിലേക്കു പകർന്നുനൽകിയാൽ പുതിയൊരു സംസ്‌കാരംതന്നെ രൂപപ്പെടും. വെറും ഒരു സംസ്‌കാരമല്ല, മാലിന്യം പരമാവധി കുറക്കുകയെന്ന കാലം ആവശ്യപ്പെടുന്ന ഒരു ഉതകൃഷ്ടമായ സംസ്‌കാരം.