ചെന്നൈ: സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന തമിഴ്‌നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന രാജ്യവ്യാപകമായി വൻ വിവാദമായിരിക്കയാണേല്ലോ. സമത്വത്തിനും സമൂഹനീതിക്കും എതിരായി നിൽക്കുന്ന ഒന്നാണ് സനാതനമെന്നും അതിന്റെ അർഥം തന്നെ 'മാറ്റാൻ സാധിക്കാത്തത്', 'ആർക്കും ചോദ്യം ചെയ്യാാൻ സാധിക്കാത്തത്' എന്നിവയാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെ ഉദയനിധി നടത്തിയ പരാമർശമാണ് അദ്ദേഹത്തിന്റെ തലക്ക് 10 കോടിരൂപവരെ വിലയിടുന്ന രീതിയിൽ വൻവിവാദമായി വളർന്നത്.

പക്ഷേ ഇപ്പോൾ ഉദയനിധിക്ക് പാരയായി ഒരു വീഡിയോ പ്രചരിക്കയാണ്. 'താനൊരു ക്രൈസ്തവനാണ് എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു' എന്നും താൻ പ്രണയിച്ച് വിവാഹം കഴിച്ച പെൺകുട്ടി ക്രിസ്ത്യാനി ആണെന്നും പ്രചരിക്കുന്ന വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. ഇതേതുടർന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയ വ്യക്തിയാണ് ഉദയനിധിയെന്നാണ് ഒരു വിഭാഗം പ്രചരിക്കുന്നത്.

എന്താണ് യാഥാർത്ഥ്യം

പക്ഷേ വീഡിയോവിൽ പറയുന്നത് കൃത്യമായ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്. 2022 ഡിസംബറിൽ ചെന്നൈയിലെ ഹാർബർ മണ്ഡലത്തിൽ ഒരു ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുക്കവെ ഉദയനിധി നടത്തിയ പ്രസംഗത്തിന്റേതാണ് ഈ വീഡിയോ. ഈ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന്?- '' താൻ ഒരു ക്രൈസ്തവനാണ് എന്ന് മാത്രമല്ല, താനൊരു മുസ്ലിം ആണെന്നും പ്രസംഗത്തിൽ ഉദയനിധി പറഞ്ഞിരുന്നു. കൂടാതെ, ഇത് കേൾക്കുമ്പോൾ സംഘപരിവാറുകാർക്ക് ബുദ്ധിമുട്ട് തോന്നും' എന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നാൽ ഇതിലെ ബാക്കിഭാഗങ്ങൾ വെട്ടിയെടുത്ത് ക്രിസത്യാനിയാന്നെ ഭാഗം മാത്രം ഹൈലൈറ്റ് ചെയ്താണ് പ്രചാരണം കൊഴുക്കുന്നത്.

ഹാർബർ എംഎ‍ൽഎയും തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രിയും വിശ്വാസിയുമായ ശേഖർ ബാബു അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ ഹല്ലേലൂയാ എന്ന് പറഞ്ഞതും അദ്ദേഹം റംസാന് തന്റെ മണ്ഡലത്തിൽ പരിപാടി സംഘടിപ്പിച്ചതും ഉദയനിധി പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹനീതിയെന്ന കാഴ്ചപ്പാടാണ് ദ്രാവിഡ മോഡൽ മുന്നോട്ട് വെക്കുന്നത് എന്നാണ് ഉദയനിധി സ്റ്റാലിൻ തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

ദ്രാവിഡ മോഡൽ സർക്കാർ എന്താണെന്ന ഒരു വിശദീകരണം എന്ന നിലയ്ക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ നിന്നുള ചില ഭാഗങ്ങൾ മാത്രം അടർത്തി മാറ്റിയാണ് ഇപ്പോഴത്തെ പ്രചാരണം. ദ്രാവിഡ മോഡൽ വിവാദത്തിന്റെ തുടക്കം ഇവിടെനിന്നും അല്ല. ഭരണകക്ഷിയായ ഡിഎംകെയും മറ്റു ഘടകകക്ഷികളും തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുമായി ഏതാനും നാളുകളായി ഈ വിഷയത്തിൽ വാക്‌പോരിലാണ്. ദ്രാവിഡ മോഡൽ ഒരു കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്ന് ഗവർണർ കഴിഞ്ഞ മെയിൽ ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ദ്രാവിഡ മോഡൽ കാലഹരണപ്പെട്ടിട്ടില്ലെന്നും പകരം സനാതന ധർമം, വർണ്ണാശ്രമം, മനുനീതി, ജാതി വേർതിരിവ് എന്നിവയ്ക്ക് അത് ഒരു അന്ത്യം വരുത്തുകയാണ് ചെയ്തത് എന്നുമാണ് ഗവർണർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്ന് നൽകിയ മറുപടി.

ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ദ്രാവിഡ-ഹിന്ദുത്വ രാഷ്ട്രീയ പോരിന്റെ ഒരു തുടർച്ചയാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഡി.എം.കെ. നേതാക്കളെ കൂടാതെ പെരിയാർ രാമസ്വാമി നായ്ക്കരുടെ ആശയങ്ങൾ പിന്തുടരുന്ന മറ്റ് തമിഴ്-ദ്രാവിഡ സംഘടനാ നേതാക്കളും സമാന പ്രസ്താവനകൾ മുൻപ് നടത്തിയിട്ടുണ്ട്. നേരത്തെ പെരിയാർ ഇ വി രാമസ്വാമി നേതൃത്വത്തിൽ ഭഗവത്ഗീത കത്തിക്കവരെ ചെയ്ത നാടാണ് ഇത്. അവിടെ ദ്രാവിഡ രാഷ്ട്രീയത്തെ വെട്ടി ഹൈന്ദവ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി പ്രസിഡന്റ് അണ്ണാെൈമല അടക്കമുള്ളർ ഇതിനായി കൊണ്ട് പിടിച്ച് ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടാവുന്നത്.

പക്ഷേ സനാതന ധർമ്മത്തെ വിമർശിക്കുന്ന ഡിഎംകെക്ക് ഇതുവരെ തമിഴ്‌നാടിന്റെ ജാതിഭ്രാന്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയാത്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ഒരു നൂറ്റാണ്ടിന് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ജാതിഭീകരത തമിഴ്‌നാട്ടിൽ പലയിടത്തും പ്രത്യേകിച്ച് ഗ്രാമീണമേഖലകളിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്നവെന്ന് വിവിധ പഠനങ്ങൾ പറയുന്നുണ്ട്. ഇത് പരിഹരിക്കാൻ കഴിയാതെ വെറുതെ വാചകമടികൾ മാത്രമാണ് ഡിഎംകെ നടത്തുന്നത് എന്നും ആക്ഷേപമുണ്ട്.