കോഴിക്കോട്: മലയാളി മനസാക്ഷിയുടെ നൊമ്പരമാണ് പ്രൊഫസർ ടി ജെ ജോസഫ് എന്ന്, ഒരു തെറ്റും ചെയ്യാതെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ട അദ്ധ്യാപകൻ. ഒരു ചോദ്യപേപ്പറിൽ കുട്ടികൾക്ക് തെറ്റുതിരുത്താനുള്ള ചോദ്യം ഇടുമ്പോൾ, മുഹമ്മദ് എന്ന ഒരു പേര് ചേർക്കുമ്പോൾ അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല അത് പ്രവാചകൻ മുഹമ്മദ് നബിയായി തെറ്റിദ്ധരിക്കപ്പെടുമെന്ന്. ആ ഒരു ഒറ്റ ചോദ്യം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. മതമൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങി പൊലീസ് അദ്ദേഹത്തെ അറസ്്റ്റ് ചെയ്ത് ജയിലിടിച്ചു. ടി ജെ ജോസഫിന്റെ മകനെ ക്രൂരമായി മർദിച്ചു. പിന്നീട് ഹൈക്കോടതി ജോസഫ് മാസ്റ്റർ ഇട്ട ചോദ്യത്തിന് യാതൊരു കുഴപ്പവും ഇല്ല എന്ന് കണ്ടെത്തി. അപ്പോഴേക്കും മതമൗലികവാദികൾ മാഷിനെ ആക്രമിച്ച് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയിരുന്നു.

അതിലും ക്രുരമായാണ് കത്തോലിക്ക സഭ ജോസഫ് മാഷിനോട് പെരുമാറിയത്. നിരപരാധിയായ ആ അദ്ധ്യാപകനെ ജോലിയിൽനിന്ന് പിരിച്ച് വിടകയാണ് സഭ ചെയ്തത്. സാമ്പത്തിക വിഷമതകളെ തുടർന്ന് ജോസഫ് മാഷിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തും കേരളത്തിന്റെ നൊമ്പരമായി.

ഈ പൊള്ളുന്ന അനുഭവങ്ങളാണ്, വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ടിവിയിൽ ഇപ്പോൾ ജോസഫ് മാഷ് പങ്കുവെക്കുന്നത്. 'ചരിത്രം എന്നിലുടെ' എന്ന പരിപാടിയിലുടെയാണ് അദ്ദേഹം തന്റെ ആത്മകഥ പറയുന്നത്. പക്ഷേ ഈ പരിപാടി തുടങ്ങിയപ്പോൾ തന്നെ സഫാരി ടിവിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഹേറ്റ് കമൻസ് ആണ് ഉണ്ടായത്. ജോസഫ് മാഷ് ബോധപൂർവം ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് കാണിച്ച് ഇസ്ലാമിക മതമൗലിക വാദികൾ പല ഫേക്ക് ഐഡികളിൽനിന്നായി കമന്റ്സ് ഇടാൻ തുടങ്ങി. അപ്പോൾ അതിന് മറുപടിയായി ഇസ്ലാമിനെ അധിക്ഷേപിച്ചുകൊണ്ട് മറുഭാഗത്തുനിന്നും കമന്റ്സ് വന്നു. അതോടെ സഫാരി ചാനലിന്റെ ചരിത്രത്തിൽ ആദ്യമായി കമന്റ് ബോക്‌സ്‌ ഓഫ് ചെയ്യേണ്ട അവസ്ഥ വന്നു.

സഫാരിക്കുനേരെ തീവ്രവാദി ആക്രമണമോ?

സംഭവത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ വിശദീകരണം ഇങ്ങനെയാണ്. 'സഫാരി ടി വി ചാനലിനുനേരെ തീവ്രവാദി ആക്രമണം എന്നൊക്കെയുള്ള പേരിൽ, ചില വാർത്തകൾ സോഷ്യൽമീഡിയിലുടെ പ്രചരിക്കുന്നതായി അറിയുന്നുണ്ട്. ശരിക്കും അങ്ങനെ ഒരു സംഭവം ഒന്നും ഉണ്ടായിട്ടില്ല. സഫാരിയെ ആരും ആക്രമിച്ചിട്ടില്ല. സഫാരിയുടെ പരിപാടിയുടെ താഴെയുള്ള കമന്റ് ബോക്സുകളിൽ ആരും സഫാരിയെ ഭീഷണിപ്പെടുത്തിയിട്ടില്ല.

എന്നാൽ സഫാരിയിലെ 'ചരിത്രം എന്നിലൂടെ' പരിപാടിയിൽ പ്രൊഫസർ ടി ജെ ജോസഫ് അദ്ദേഹത്തിന്റെ, ജീവിതത്തിലെ ഒരു ദുരന്തകാലഘട്ടത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്. അതിൽ മതപരമായോ, സാമുദായികമായോ ആരെയും ആക്രമിക്കയോ ആക്ഷേപിക്കയോ, അപകീർത്തിപ്പെടുത്തുകയോ ഒന്നും ചെയ്യുന്നില്ല. അദ്ദേഹം കടന്നുപോയ ഒരു കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം തിരിഞ്ഞുനോക്കുന്നു. ചരിത്രം എന്നിലൂടെ പരിപാടിയിൽ വന്നവർ എല്ലാം അത്തരത്തിലുള്ള വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ ഉള്ളവരാണ്. അവരുടെ ജീവിതത്തിന്റെ, മഹത്വമോ, അല്ലെങ്കിൽ അവർ ചെയ്ത നന്മ പ്രവർത്തികളുടെ എണ്ണമോ നോക്കിയല്ല ഇത്തരം പരിപാടികളിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. നമ്മൾ ഒന്നും കടന്നുപോകാത്ത വ്യത്യസ്തമായ ജീവിത അനുഭവങ്ങളിലുടെ കടന്ന് പോയവരെയാണ്, അത്തരം പരിപാടികളിൽ കൊണ്ടുവരുന്നത്.

അതിൽ രാഷ്ട്രീയ നേതാക്കന്മാരുണ്ട്, ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവർ ഉണ്ട്, സാഹിത്യകാരന്മാരുണ്ട്. ഇവരുടെയൊക്കെ വ്യക്തി ജീവിതത്തെ നോക്കി മാർക്കിട്ടിട്ടല്ല നമ്മൾ പരിപാടിക്ക് ആളെ ക്ഷണിക്കുന്നത്. അവർക്ക് നമ്മളിൽ നിന്ന് വ്യത്യസ്തമായ ജീവിത അനുഭവം ഉണ്ടോ എന്ന് മാത്രമാണ് നോക്കുന്നത്. നമ്മൾ ആരും അനുഭവിക്കാത്ത ഒരു ജീവിതാവസ്ഥയിലൂടെ അവർ കടന്നുപോയിട്ടുണ്ടോ എന്നത് മാത്രമാണ് ഇത്തരം പരിപാടിക്ക് ആളെ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്ന വിഷയം.

ആ പരിപാടി അപ്ലോഡ് ചെയ്തപ്പോൾ സാമുദായികമായി, ചില ആളുകൾ അതിൽ കമന്റുകൾ ഇട്ടുതുടങ്ങി. ചില സമുദായങ്ങളെ വിമർശിച്ചുകൊണ്ടും അപകീർത്തിപ്പെടുത്തിക്കൊണ്ടും പരസ്പരം, കമന്റുകൾ ഇട്ടു തുടങ്ങിയപ്പോൾ, സഫാരി ചാനൽ സാമുദായിക സ്പർധ വളർത്തേണ്ട ഒരു പ്ലാറ്റ്ഫോം അല്ല എന്നതുകൊണ്ടും, അത്തരത്തിലുള്ള നിലവാരംകെട്ട കമന്റുകൾ സഫാരിയുടെ പരിപാടിക്ക് താഴെ വരുന്നത് ഞങ്ങൾക്ക് താൽപ്പര്യം ഇല്ലാത്തതുകൊണ്ടുമാണ്, കമൻസ് ഓഫ് ചെയ്തത്. അല്ലാതെ സഫാരിക്കുനേരെ ആരെങ്കിലും ആക്രമിച്ചതുകൊണ്ടല്ല.

ഒരു കമന്റും സഫാരിക്കെതിരായും എനിക്കെതിരായും ആരും ഇട്ടിട്ടില്ല. രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഒരു സ്പർധയുടെ സ്ഥലമായി, അവർ തമ്മിൽ ആക്ഷേപങ്ങൾ ചൊരിയുന്ന സ്ഥലമായി സഫാരിയുടെ പ്ലാറ്റ്ഫോമായി മാറാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. സഫാരി ചാനലും, സഫാരിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പുലർത്തിവരുന്ന, ആ നിലവാരം നിലനിർത്തുന്നതിന് വേണ്ടിയാണ് അത്തരം കമന്റുകൾ ഉള്ള, കമന്റ്ബോക്സ് ഓഫ് ചെയ്തത്. വേണമെങ്കിൽ, തെരഞ്ഞുപിടിച്ച് ചില കമന്റുകൾ മ്യൂട്ട് ചെയ്യാമായിരുന്നു. പക്ഷേ അതിനുള്ള സമയം ഒന്നും സഫാരിയിൽ ആർക്കും ഇല്ലാത്തതുകൊണ്ട്, നിലവാരം കെട്ട കമന്റുകൾ വരുന്ന, കമന്റ് ബോക്സ് ഓഫ് ചെയ്യുക എന്നത് ഞങ്ങളുടെ പോളിസിയാണ്. അതുകൊണ്ട് മാത്രം ഓഫ് ചെയ്തത് ആണത്''- സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.