രാജകുമാരി: സി പി എമ്മിന് നാണക്കേടായി വീണ്ടും ഹൈക്കോടതി ഇടപെടൽ. സി പി എം വിലക്കിയിരുന്ന കോൺഗ്രസ് പ്രവർത്തകന്റെ വീട് നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. കജനാപ്പാറ സ്വദേശി മുരുകന്റെ വീട് നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതെ തുടർന്ന് പൊലീസ് സംരക്ഷണയിൽ വീട് നിർമ്മാണം പുനരാരംഭിച്ചു.

ജില്ല പൊലീസ് മേധാവി, മൂന്നാർ ഡിവൈഎസ്‌പി, രാജാക്കാട് സിഐ എന്നിവർക്കാണ് ഹൈക്കോടതി സംരക്ഷണ ചുമതല നൽകിയിട്ടുള്ളത്. വർഷങ്ങളായി കജനാപ്പാറയിൽ താമസിക്കുന്ന മുരുകൻ, മുത്തുലക്ഷ്മി ദമ്പതികളുടെ 5 സെന്റ് വസ്തുവിലുള്ള വീട് പുനർനിർമ്മിക്കുന്നത് സിപിഎം പ്രവർത്തകർ പല തവണ തടസപ്പെടുത്തിയിരുന്നു.

ഇതിനെതിരെ മുരുകൻ പൊലിസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മുരുകന്റെ വീടിന് പിന്നിൽ ഭൂമിയുള്ളവർക്ക് പോകാൻ വഴി വിട്ടു നൽകിയില്ലെന്നായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. എന്നാൽ ആധാരത്തിൽ കാണിച്ചിട്ടുള്ള അര സെന്റ് ഭൂമി വഴിക്കായി വിട്ടു നൽകിയിട്ടുണ്ടെന്നും കെട്ടിടനിർമ്മാണ ചട്ടങ്ങൾ എല്ലാം പാലിച്ച് സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ നിന്ന് ആവശ്യമായ രേഖകൾ എല്ലാം ലഭിച്ചതിന് ശേഷമാണ് വീട് നിർമ്മാണം ആരംഭിച്ചതെന്നും മുരുകൻ നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 15 ന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് നിർമ്മാണം ആരംഭിച്ചെങ്കിലും സി പി എം ഏരിയ കമ്മിറ്റിയംഗം പി.രവി, പ്രവർത്തകരായ എസ്. മുരുകൻ, പി.രാജാറാം എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇത് തടസപ്പെടുത്തിയിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയായ ഭുവനേശ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സാബു മഞ്ഞനാക്കുഴി എന്നിവരെ പി.രവി പട്ടിക കഷണം കൊണ്ട് ആക്രമിക്കുന്ന വിഡിയോ ദൃശ്യം കോൺഗ്രസ് പുറത്ത് വിട്ടിരുന്നു.

ഈ സംഭവത്തിൽ മുരുകൻ രാജാക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതേ ദിവസം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് 2 സിപിഎം പ്രവർത്തകരും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷം വീട് നിർമ്മാണം നിർത്തി വച്ച മുരുകൻ, സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പി.രവി, പി.രാജാറാം, എസ്.മുരുകൻ, കുമരേശൻ, എ. ചിത്ര എന്നിവർ ചേർന്നാണ് വീട് നിർമ്മാണം തടസപ്പെടുത്തിയതെന്ന് മുരുകൻ ഹർജിയിൽ സൂചിപ്പിച്ചിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇവർക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. .