കോഴിക്കോട്: റവന്യു ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ബൗണ്ടറി എന്ന നാടകത്തിലെ വിവാദ പരാമർശങ്ങൾ ഒഴിവാക്കിയ ശേഷം മാത്രമേ സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാൻ പാടുള്ളുവെന്ന് ഹിന്ദു ഐക്യവേദി. മേമുണ്ട ഹയർ സെക്കന്ററി സ്‌ക്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന്റെ സൃഷ്ടിക്ക് പിന്നിൽ തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കുവാനുള്ള സിപിഐ എം ഗൂഢാലോചനയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി കെ ഷൈനു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബ്രസീലും അർജന്റീനയും കളി ജയിക്കുമ്പോൾ കയ്യടിക്കാറില്ലേ, പിന്നെന്താ പാക്കിസ്ഥാൻ ജയിക്കുമ്പോൾ കയ്യടിച്ചാൽ മാത്രം ഇത്ര പ്രശ്‌നം എന്ന ഡയലോഗാണ് വിവാദമായത്. നേരത്തെ ഇതേ സ്‌ക്കൂൾ അവതരിപ്പിച്ച കിത്താബ് നാടകത്തിലൂടെ വിവാദത്തിൽ അകപ്പെട്ട സി പി എം നേതൃത്വത്തിലുള്ള സ്‌ക്കൂൾ അധികൃതർ തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകളെ പ്രീണിപ്പിക്കാൻ കൂടി ഇറക്കിയതാണ് പുതിയ നാടകം. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടത്, സ്‌ക്കൂൾ കുട്ടികൾക്ക് ജെന്റർ ന്യൂട്രൽ യൂണിഫോം, തുല്യ സ്വത്തവകാശം ഉറക്കെ പറയുന്ന കുടുംബശ്രീ പ്രതിജ്ഞ എന്നിവയെല്ലാം സി പി എം നേതൃത്വം മനഃപൂർവ്വം സൃഷ്ടിച്ചതും പിന്നീട് തങ്ങൾ ഇസ്ലാമിക സംഘടനകൾക്കൊപ്പമാണ് എന്നറിയിക്കും വിധം അവരെ പ്രീണിപ്പിക്കാൻ പിന്നീട് പിൻവലിച്ചതുമാണ്. ഇതേ ഗൂഢാലോചനയാണ് മറ്റൊരു തരത്തിൽ ഇവിടെ സി പി എം നടപ്പാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

നാടകത്തിന്റെ പ്രത്യേക ഭാഗം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ സി പി എം മനഃപൂർവ്വം വിവാദം സൃഷ്ടിക്കുകയാണ്. നാടകത്തിലെ പാക്കിസ്ഥാനുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ ഒഴിവാക്കി മാത്രമേ സംസ്ഥാന കലോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ പാടുള്ളുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കെ ഷൈനു ആവശ്യപ്പെട്ടു. ഡിസംബർ എട്ടിന് വടകര ഡി ഇ ഓഫീസിലേക്കും പതിനൊന്നിന് നടക്കുന്ന സംസ്ഥാന കലോത്സവ സംഘാടക സമിതി യോഗത്തിലേക്കും മാർച്ച് നടത്തുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി.

നാടകം തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കുവാനുള്ള സിപിഐ എം ഗൂഢാലോചനയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി വിദ്യാർത്ഥികളെ ശത്രു രാജ്യത്തിന് അനുകൂലമായി ചിന്തിപ്പിക്കുക എന്ന ഗുരുതര തെറ്റാണ് നാടകത്തിന് പിന്നിൽ പ്രവർത്തിച്ച സിപിഐ എം നിയന്ത്രണത്തിലുള്ള സ്‌കൂൾ അധികൃതർ ചെയ്തതെന്നും സംഘടന ആരോപിച്ചു