ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളുടെ എക്കാലത്തെയും വലിയ പ്രശ്നമാണ് വോട്ട് ബാങ്ക് പൊളിറ്റിക്സ്. എണ്ണത്തിൽ ന്യൂനപക്ഷമായ സമൂഹങ്ങൾ ഒന്നിച്ച് നിന്ന് രാഷ്ട്രീയ കക്ഷികളോട് വിലപേശുന്ന ഈ നാട്ടിലെപ്പോലെയുള്ള ഒരു രാഷ്ട്രീയ കാഴ്ചയാണ് ഇപ്പോൾ വികസിത രാജ്യമായ കാനഡയിലും കാണുന്നത്. എന്തുകൊണ്ട് കാനഡ സിഖ് തീവ്രവാദത്തിനും, ഖലിസ്ഥാൻ തീവ്രവാദത്തിനും പരോക്ഷമായി പിന്തുണ നൽകുന്നു എന്ന ചോദ്യത്തിനുള്ള മറുപടി വോട്ട് ബാങ്ക് പൊളിറ്റിക്സ് എന്നാണ്.

കാനഡയിൽ പ്രബലരാണ് വർഷങ്ങളായി അവിടെ കുടിയേറിയെത്തിയ സിഖ് സമൂഹം. ട്രൂഡോയുടെ പാർട്ടി കാനഡയിൽ അധികാരത്തിൽ എത്തിയത് സിഖ് സംഘടനയായ എൻഡിപിയുടെ പിന്തുണയോടെയാണ്. 2021ലെ കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെറും 152 സീറ്റുകൾ മാത്രമാണ് ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാർലമെന്റിൽ കേവല ഭൂരിപക്ഷം കിട്ടാൻ 170 എംപിമാർ വേണം. വീണ്ടും പ്രധാനമന്ത്രിയാകാൻ ജസ്റ്റിൻ ട്രൂഡോയെ സഹായിച്ചത് ജഗ്മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എൻഡിപി എന്ന പാർട്ടിയാണ്. ജഗ്മീത് സിങ്ങാകട്ടെ കടുത്ത ഖലിസ്ഥാൻ വാദിയാണ്. കാനഡയിലെ 7.7 ലക്ഷം സിഖുകാരുടെ പിന്തുണയും ജഗ്മീത് സിങ്ങിന്റെ എൻഡിപി പാർട്ടിക്കുണ്ടെന്ന് പറയപ്പെടുന്നു.

ഖലിസ്ഥാന് വാദികൾക്ക് ഇന്ത്യയിൽ വിഘടനവാദപ്രവർത്തനങ്ങൾ നടത്താൻ പണം കാനഡയിൽ നിന്നും വരുന്നതായി പറയുന്നു. ഇതിനെ എതിർക്കാൻ ഈയിടെ ജി 20 സമ്മേളനത്തിന് ഇന്ത്യയിൽ എത്തിയ ട്രൂഡോയോട് ഇന്ത്യൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെയും അതിന് തയ്യാറായിട്ടില്ല. അതിന് മുതിർന്നാൽ ജഗ്മീത് സിങ്ങിന്റെ എൻഡിപി പാർട്ടി പിന്തുണ പിൻവലിക്കും. അതോടെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപൊത്തും. മാത്രമല്ല അടുത്തവന്ന അഭിപ്രായസർവേകളിലും വെറും 30 ശതമാനം വോട്ട് മാത്രം കിട്ടി ട്രൂഡോ കർക്കാർ പിന്നിലാണ്.

ട്രൂഡോ വന്നതോടെ വീര്യം കൂടുന്നു

90 കളുടെ അവവാനം ഇന്ത്യയിൽ ഖലിസ്ഥാൻവാദം അവസാനിച്ചെങ്കിലും, കാനഡയിൽ അത് ശക്തമായി തന്നെ നിലനിന്നു. 2010ൽ ടോറൻടോയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്, കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

2015 ൽ ജസ്റ്റിൻ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖലിസ്ഥാൻ വാദങ്ങൾ ശക്തമായി തിരിച്ചുവന്നത്. ഖലിസ്ഥാൻ അനുകൂലികളായിട്ടുള്ളവർ ആ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ ശക്തമായി പിന്തുണച്ചു. എയർ ഇന്ത്യ വിമാനം ആക്രമിച്ച സംഭവത്തിൽ റിപുദമാൻ സിങ് മാലിക് എന്ന ഖാലിസ്ഥാൻ അനുകൂലിക്കെതിരെ ഇന്ത്യ കേസെടുത്തെങ്കിലും ഒടുവിൽ വിട്ടയയ്ക്കേണ്ടി വന്നു. ആ സമയത്ത് ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് 2022 ൽ കനേഡിയൻ സർക്കാർ കത്തെഴുതിയിരുന്നു.

ഖലിസ്ഥാൻ വാദികൾക്കെതിരെ നടപടിയില്ല

കാനഡയിൽ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാൻ ഭീകരവാദികൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. കനേഡിയൻ സർക്കാരിൽ നിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികൾക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരായുള്ള ഭാരതത്തിന്റെ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. ഇപ്പോഴിതാ കൊടുംകുറ്റവാളിയായ സുഖ്ദൂൾ സിങ്ങും കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. 2017 ൽ വ്യാജരേഖ നിർമ്മിച്ച് ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞയാളാണ് സുഖ്ദൂൾ. എൻഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്.

കാനഡയിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്നും അതല്ലെങ്കിൽ അവർക്ക് നേരെ പ്രത്യാഘാതമുണ്ടാകുമെന്നും ഖലിസ്ഥാൻ നേതാവ് ഗുർപത് വന്ത് സിങ്ങ് പന്നു ആഹ്വാനം ചെത്തിരിക്കയാണ്. പക്ഷേ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇത്തരം വംശീയ വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്ന് കാനഡയിലെ ഗുർപത് വന്ത് സിങ്ങ് പന്നു വെട്ടിലായത്. ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നേതാവാണ് പിന്നു. ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ വന്നപ്പോൾ കാനഡയുടെ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ നേതാവാണ് ഗുർ പത് വന്ത് സിങ്ങ് പന്നു.

ഖലിസ്ഥാൻ തീവ്രവാദി നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അന്താരാഷ്ട്ര തലത്തിൽ നിന്നും യാതൊരു പിന്തുണയും കിട്ടാതെ കൂടുതൽ ഒറ്റപ്പെടുകയാണ്. കഴിഞ്ഞ ദിവസം കാനഡയുടെ പാർലമെന്റിൽ പ്രഖ്യാപനം നടത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നു പോലും ജസ്റ്റിൻ ട്രൂഡോയ്ക്ക് പിന്തുണ ലഭിച്ചില്ല.

ഇന്ത്യയ്‌ക്കെതിരെ പിന്തുണ തേടി ട്രൂഡോ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ എന്നീ നേതാക്കളുടെ പിന്തുണ അഭ്യർത്ഥിച്ചെങ്കിലും ആരും പരസ്യമായി ഇന്ത്യാ സർക്കാരിനെ തള്ളിപ്പറയാൻ തയ്യാറായില്ല. ഇന്ത്യയുമായുള്ള വ്യാപാരബന്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്തൂ യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇതോടെ ഫലത്തിൽ ട്രൂഡോ ഒറ്റപ്പെട്ട അവസ്ഥയാണ്.