ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക സമ്പദ് വ്യവസ്ഥയെന്ന് അറിയപ്പെടുന്ന ചൈനയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് തകർച്ചയുടെ വാർത്തകളാണ്. ബാങ്കുകളും, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും നമ്മുടെ കരുവന്നുർ മോഡലിൽ തകരുന്ന വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി, ലോകത്തിന്റെ തന്നെ മാനുഫാക്ചറിങ് ഹബ്ബ് എന്നിങ്ങനെ പെരുമകളുള്ള ചൈന ഇപ്പോൾ വലിയ ക്ഷീണത്തിലാണ് എന്നാണ് വാർത്തകൾ വരുന്നത്. വായ്‌പ്പ പുനഃക്രമീകരിക്കാനുള്ള കരാറിൽ എത്താൻ കഴിയാത്ത ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെ പൂട്ടാൻ, ഹോങ്്കോങ്് കോടതി ഉത്തരവിട്ടിരിക്കയാണ്. എന്നാൽ ചൈനയിലെ പ്രവർത്തനം തുടരുമെന്ന് കമ്പനി അറിയിച്ചു. മുപ്പതിനായിരം കോടി രൂപക്ക് മുകളിലാണ് എവർഗ്രാൻഡെയുടെ കടം.

വായ്‌പ്പാ ദാതാക്കളായ ടോപ്പ് ഷെൽ ഗ്ലോബലാണ്, 2022-ൽ എവർഗ്രാൻഡെക്കെതിരെ കോടതിയിൽ പോയത്. 2021 ഡിംസബറിലെ വായ്‌പ്പാ തിരിച്ചടവിൽ കമ്പനി വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു ഇത്. റിയൽ എസ്റ്റേറ്റ് കമ്പനികൾ അമിതമായി വായ്‌പ്പയെടുക്കുന്നതിന് ചൈനീസ് സർക്കാർ തടയിട്ടതോടെയാണ്, ഈ മേഖലയിൽ ഒന്നാംസ്ഥാനക്കാരായ എവർഗ്രാൻഡെ പ്രതിസന്ധിയിലായത്. വൈകാതെ കമ്പനിയുടെ ചൈനയിലെ പ്രവർത്തനവും അവസാനിപ്പിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.

ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ൽ ഒന്നമാത് എത്തിയ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയന്റെ കൺട്രി ഗാർഡൻ ഹോൾഡിങ്സും പ്രതിസന്ധിയിലാണ്. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്. വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത കോടികളുടെ കടം തിരിച്ചടയ്ക്കാനാകാതെ കുഴഞ്ഞിരിക്കുകയാണ് ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ കൺട്രി ഗാർഡനും. എവർഗ്രാൻഡെയുടെ അതേ വിധിയാണ് ഇതിനെയും കാത്തിരിക്കുന്നത് എന്നാണ് അറിയുന്നത്.

ഈ സമയത്ത് ചൈനയുടെ തകർച്ച ഇന്ത്യക്ക് ഗുണമാവുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ എന്നാണ അഗോള മാധ്യമങ്ങൾ പറയുന്നത്.

ചൈന തകരുമ്പോൾ ഇന്ത്യ തിളങ്ങുന്നു

ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ്ഗദ്ധർ നിരീക്ഷിക്കുന്നത്. വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്‌സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവർ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിച്ച് കഴിഞ്ഞു. ചൈനയിലെ നിക്ഷേപങ്ങളും ഇവർ പിൻവലിച്ചതായാണ് സൂചന.

62 ബില്യൺ ഡോളറിന്റെ ഹെഡ്ജ് ഫണ്ടുള്ള മാർഷൽ വേസ് മുൻനിര ഹെഡ്ജ് ഫണ്ടിൽ യുഎസിനുശേഷം ഇന്ത്യയെ അതിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി ഉയർത്തിക്കാണിക്കുന്നു. സൂറിച്ച് ആസ്ഥാനമായുള്ള വോണ്ടോബെൽ ഹോൾഡിംഗിന്റെ ഒരു വിഭാഗം ഇന്ത്യയെ അവരുടെ എമർജിങ് മാർക്കറ്റ് ഹോൾഡിംഗാക്കിയിട്ടുണ്ട്. ജാനസ് ഹെൻഡേഴ്‌സൺ ഗ്രൂപ്പ് ഇന്ത്യയിൽ നിക്ഷേപത്തിന് ശ്രമിക്കുകയാണെന്നും ജപ്പാനിലെ യാഥാസ്ഥികരായ റീട്ടെയിൽ നിക്ഷേപകർ പോലും ഇന്ത്യയെ സ്വീകരിക്കുന്നുവെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.

ഏഷ്യയിലെ വൻശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥയെ നിക്ഷേപകർ അതിസൂക്ഷ്മമായാണ് വിലയിരുത്തുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. ഈ ഉണർവ് ഇന്ത്യൻ ഓഹരി വിപണിയിലും ഉണ്ട്.

അതോസമയം ചൈനീസ് ഓഹരി വിപണിയിലും വൻ ഇടിവാണ് ഉള്ളത്. ചൈനീസ് ഓഹരി വിപണിയുടെ മുഖമാണ് ഷാങ്ഹായ് കോംപോസിറ്റ് ഇൻഡക്‌സ്. നിലവിൽ അത് 2007ലെ അതേ നിലവാരമാണ് തുടരുന്നത്. അതായത്, കഴിഞ്ഞ 17 വർഷത്തിനിടെ ഷാങ്ഹായ് സൂചിക നിക്ഷേപകർക്ക് തിരികെ നൽകിയ നേട്ടം വെറും പൂജ്യം. ഇതേകാലയളവിൽ ഇന്ത്യയുടെ നിഫ്റ്റി 50 കൈവരിച്ച വളർച്ച അഥവാ നിക്ഷേപകർക്ക് സമ്മാനിച്ച റിട്ടേൺ 425 ശതമാനമാണെന്ന് ഓർക്കണം.

ഏറെ വർഷങ്ങളായി ചൈന തളർച്ചയുടെ ട്രാക്കിലാണ്. കോവിഡ് മഹാമാരിയോടെയാണ് ഇതിന്റെ ആഘാതമെത്രയെന്ന് ലോകം മനസിലാക്കിയത്. ഒരർത്ഥത്തിൽ ചൈന ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പ്രതിഫലനമാണ് ഷാങ്ഹായ് കോമ്പോസിറ്റ് ഇൻഡക്‌സും കാഴ്ചവയ്ക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ ചൈന നേരിട്ട വീഴ്ചകൾ, രാജ്യത്ത് നിന്ന് നിരവധി ആഗോള കമ്പനികളെ പ്ലാന്റുകളും ഓഫീസുകളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചു.വൻ തോതിൽ കൊഴിഞ്ഞുപോക്ക് ഉണ്ടായില്ലെങ്കിലും നിരവധി കമ്പനികൾ വിയറ്റ്‌നാമിലേക്കും ഫിലിപ്പൈൻസിലേക്കും ചേക്കേറി.

യുവ ജനസംഖ്യയിലും ഇന്ത്യക്ക് പ്രതീക്ഷ

ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വീഴ്ചയ്ക്കും കിതപ്പിനും ഇത് ആക്കംകൂട്ടി. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ ചൈന 5.2 ശതമാനം ജി.ഡി.പി വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ താഴെപ്പോയി വളർച്ച. കൊവിഡിന് മുമ്പത്തെ വളർച്ചയേക്കാൾ ഏറെ താഴെയുമാണിത്. റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന തളർച്ചയാണ് ചൈനയുടെ മറ്റൊരു പ്രതിസന്ധി. ഡിസംബറിലും ഭവന പദ്ധതികളുടെ വില കൂപ്പുകുത്തി. തുടർച്ചയായ ആറാംമാസമാണ് വില ഇടിവ്.

ചൈന ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളിൽ പ്രധാനം, ജനസംഖ്യയുടെ വീഴ്ചയാണ്. ഒറ്റകുട്ടി നയം സാമ്പത്തിക വ്യവസ്ഥയെ തന്നെ തകർക്കുകയായിരുന്നു.ജനസംഖ്യയിൽ യുവാക്കളുടെ എണ്ണം വൻതോതിൽ കുറഞ്ഞു. ഇത് തൊഴിലാളികളുടെ എണ്ണത്തെ ബാധിച്ചു. തുടർച്ചയായ രണ്ടാംവർഷമാണ് ചൈനയിൽ ജനസംഖ്യ കുറഞ്ഞത്.ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് കമ്പനികളുടെ പ്രവർത്തനം, ഉത്പാദനം, ലാഭക്ഷമത, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവയെ തളർത്തി. ഇത് ഓഹരി വിപണിയെയും താഴേക്ക് നയിച്ചു.

അമേരിക്കയുമായുള്ള വ്യാപാരത്തർക്കം, കൊവിഡാനന്തരമുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, വിതരണശൃംഖയിലെ തടസം എന്നിവയും ചൈനീസ് സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിച്ചു. നിലവിലെ സാഹചര്യത്തിൽ ചൈനീസ് സമ്പദ്വ്യവസ്ഥയ്‌ക്കൊരു അതിവേഗ തിരിച്ചുകയറ്റം ആരും പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക, നിക്ഷേപ നയങ്ങളിലടക്കം കാതലായ മാറ്റങ്ങൾ ചൈനീസ് ഭരണകൂടം കൈക്കൊണ്ട് അതിവേഗം പ്രവർത്തികമാക്കിയാൽ മാത്രമേ ഇതിലൊരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് നിരീക്ഷകർ പറയുന്നത്.

ചൈനയുടെ സാമ്പത്തിക തകർച്ച ഇന്ത്യക്ക് നേട്ടമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാരണം ഇതിൽ ചില കമ്പനികളെങ്കിലും ഇന്ത്യയിലേക്ക് കുടിയേറാന സാധ്യതയുണ്ട്. ചൈനയേക്കാൾ നല്ല യുവജനസംഖ്യയുള്ള ഇന്ത്യയിൽ ചീപ്പ് ലേബറും ഉറപ്പിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.