ന്യൂഡൽഹി: ഇക്വറ്റോറിയൽ ഗിനിയയിൽ തടവിലാക്കിയ ഇന്ത്യൻ നാവികർ ഉൾപ്പെട്ട ഹീറോയിക് ഇഡുൻ ചരക്ക് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് നൈജീരിയ. കഴിഞ്ഞ ദിവസം കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികൾ അടക്കമുള്ള നാവികരെ നൈജീരിയയിലേക്ക് മാറ്റാനാണ് തീരുമാനം. ഇക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ ഇന്ത്യൻ നാവികരെ നൈജീരിയൻ യുദ്ധകപ്പലിൽ നിന്ന് തിരിച്ച് ചരക്ക് കപ്പലിലേക്ക് തന്നെ മാറ്റുന്നതായാണ് വിവരം. ഹീറോയിക് ഇഡുൻ ചരക്ക് കപ്പൽ കെട്ടിവലിച്ച് നൈജീരിയലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

26 കപ്പൽ ജീവനക്കാരെ ഗിനി സേന കഴിഞ്ഞ തിങ്കളാഴ്ച രാത്രി രണ്ടു സംഘങ്ങളായി തിരിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ നാവികരെ നൈജീരിയൻ യുദ്ധക്കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് നൈജീരിയൻ കപ്പൽ ലൂബ തുറമുഖത്ത് എത്തിയത്. നൈജീരിയൻ നേവിയുടെ കപ്പലിൽ പതിനഞ്ച് പേരുണ്ടെന്നാണ് കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് നേരത്തെ അറിയിച്ചത്. എന്ത് സംഭവിച്ചാലും നൈജീരിയയിൽ ചെന്ന് നേരിടുമെന്നും ഇന്ത്യൻ എംബസി അധികൃതർ എപ്പോൾ എത്തുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നൈജീരിയക്ക് കൈമാറാൻ കൊണ്ടുപോകുന്ന പതിനഞ്ച് അംഗ സംഘത്തിൽ മലയാളിയായ വിജിത്ത്, മിൽട്ടൻ എന്നിവർ ഉൾപ്പെടെ ഒൻപത് ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെ ലൂബ തുറമുഖത്തുള്ള നൈജീരിയൻ കപ്പലിലേക്ക് നേരത്തെ മാറ്റിയിരുന്നു. പിന്നീട് എല്ലാവരെയും തിരിച്ച് ചരക്ക് കപ്പലിൽ എത്തിച്ചു എന്നാണ് വിവരം.

കപ്പൽ കെട്ടിവലിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. അതേസമയം, കപ്പൽ ജീവനക്കാരുടെ മോചനത്തിനായി ഇരുരാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയൽ ഗിനിക്കെതിരെ കപ്പൽ കമ്പനി ഹീറോയിക് ഇൻഡുൻ അന്താരാഷ്ട്ര ട്രിബ്യൂണലിനെ അടക്കം സമീപിച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ ട്രിബ്യൂണൽ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളിൽ കേസിൽ വിധി പറയും.

കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയൽ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

വിശദമായ അന്വേഷണത്തിനാണു ജീവനക്കാരെ നൈജീരിയയിലേക്കു കൊണ്ടുപോകുന്നതെന്നും ഇക്കാര്യത്തിൽ രാജ്യാന്തര സമ്മർദത്തിനു വഴിപ്പെടില്ലെന്നുമാണു നൈജീരിയൻ അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റാനുള്ള നീക്കം വീണ്ടും നടക്കുന്നത്. ഇത് ആശങ്ക ശക്തിപ്പെടുത്തുകയാണ്.അതിനിടെ കപ്പൽ കസ്റ്റഡിയിൽ എടുത്തതിൽ പ്രതികരിച്ച് എക്വറ്റോറിയൽ ഗിനിയ രംഗത്തു വന്നു. നടപടിയിൽ അഭിമാനമെന്ന് വൈസ് പ്രസിഡന്റ് റ്റെഡി ൻഗേമ പറഞ്ഞു.

കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയൽ ഗിനിക്കെതിരെ ഹീറോയിക് ഇൻഡുൻ പരാതി നൽകിയത് അന്താരാഷ്ട്ര ട്രൈബ്ര്യൂണൽ സ്ഥിരീകരിച്ചു. കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയൽ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു. ഇതു ഫലം കണ്ടില്ല.

ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികൾ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയൽ ഗിനി യുദ്ധകപ്പലിൽ പാർപ്പിച്ചത്. നൈജീരയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ ശ്രീലങ്കൻ സ്വദേശിയായ ജീവനക്കാരനെ കൂടാതെ തങ്ങൾ നൈജീരിയയിലേക്കു പോകില്ലെന്നു മറ്റു ജീവനക്കാർ അറിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ അതൊന്നും ആരും കേൾക്കുന്നില്ല. ഇന്ത്യൻ സമ്മർദ്ദവും നടന്നില്ലെന്നാണ് സൂചന.