ഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകമെമ്പാടുമുള്ള തമിഴരെ ഞെട്ടിപ്പിച്ച ഒരു വാർത്തയായിരുന്നു, കൊല്ലപ്പെട്ടുവെന്ന കരുതിയ തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ ഒരു വീഡിയോ പുറത്തുവന്നത്. പ്രഭാകരനും കുടുംബവും 14 വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കൻ സൈന്യവുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് ലങ്ക പറയുന്നത്. എന്നാൽ രക്തസാക്ഷികളായ തമിഴ് പുലികളെ അനുസ്മരിക്കുന്ന മാവീരർ നാളിൽ ( നവംബർ 27) പുറത്തുവന്ന ദ്വാരകയുടെത് എന്ന് പറയുന്ന വീഡിയോ കോളിളക്കം സൃഷ്ടിച്ചു.

എൽ ടി ടി ഇ സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരക എന്നാണ് വീഡിയോയിൽ സ്ത്രീ അവകാശപ്പെട്ടത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഇവിടെയുള്ളതെന്നും ഒരു ദിവസം, ഈഴം സന്ദർശിച്ച് തന്റെ ജനങ്ങളെ സേവിക്കുമെന്നും സാരി ധരിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ പറഞ്ഞു. എൽടിടിഇയെ നേരിട്ട് നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ലങ്കൻ സർക്കാർ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയെന്നും 12 മിനിറ്റ് ദൈർഘ്യമുള്ള തന്റെ പ്രസംഗത്തിൽ യുവതി പറഞ്ഞു. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നാനാത്വത്തിൽ ഏകത്വത്തിന് ഊന്നൽ നൽകി എൽ.ടി.ടി.ഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും തമിഴിൽ അവർ പ്രഖ്യാപിച്ചു.

ശ്രീലങ്കയിലെ പാർശ്വവൽക്കരിക്കപ്പെട്ട തമിഴരെ പരിഗണിക്കണമെന്ന് വിദേശത്ത് താമസിക്കുന്ന തമിഴ് വംശജരെ യുവതി ഓർമിപ്പിച്ചു. പ്രത്യേക തമിഴ് രാഷ്ട്രവും സ്വയംഭരണവും വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച യുവതി, തമിഴ് സമരം സിംഹള ജനതക്കെതിരെയല്ലെന്നും, നിരപരാധികളെ കൈയേറ്റം ചെയ്ത സർക്കാരിനും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കുമെതിരെയാണെന്നും വ്യക്തമാക്കി. ഇതോടെ തമിഴ് സർക്കിളുകളിൽ ഇത് വലിയ ചർച്ചയായി. വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല എന്ന് നേരത്തെ, നെടുമാരൻ അടക്കമുള്ള നേതാക്കൾ പറഞ്ഞതും വലിയ വിവാദമായിരുന്നു. ഇതിന് ഒപ്പം ദ്വാരകയുടെ വീഡിയോയും ചേർത്ത് വെച്ചതോടെ, തമിഴ് ഈഴം തിരിച്ചുവരികയാണെന്ന് വരെയായി വാർത്തകൾ. എന്നാൽ ശ്രീലങ്ക ഇത് ഒന്നടങ്കം നിഷേധിക്കയാണ്.

പ്രചാരണങ്ങൾക്ക് പിന്നിൽ പിരിവ്

എന്നാൽ 2009 മെയ്‌ 19-ന് വടക്കൻ മുല്ലൈത്തീവ് ജില്ലയിലെ മുല്ലൈവായ്ക്കലിൽവെച്ച് പ്രഭാകരൻ കൊല്ലപ്പെട്ടതായാണ് ശ്രീലങ്ക പറയുന്നത്. മരിച്ചത് പ്രഭാകരൻ തന്നെ ആണെന്നതിന് ഡിഎൻഎ. തെളിവുകളുണ്ടെന്ന്, ശ്രീലങ്കൻ പ്രതിരോധ വക്താവ് കേണൽ നളിൻ ഹെരാത് പറയുന്നു. ഇപ്പോൾ ദ്വാരക പ്രഭാകരൻ എന്ന് അവകാശപ്പെടുന്ന വീഡിയോ സൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉപയോഗിക്കയാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രഭാകരൻ കൊല്ലപ്പെട്ടതിനുശേഷവും യുകെയിൽ അടക്കം തമിഴ് സംഘടനകൾ ഇതേ ലക്ഷ്യം വെച്ച് പ്രവർത്തനം നടത്തുന്നുണ്ട്. ഇവരുടെ ഫണ്ട് പിരിവാണ് ഇപ്പോഴുള്ള വീഡിയോയുടെ ലക്ഷ്യമെന്നാണ് ലങ്കൻ ആഭ്യന്തര മന്ത്രാലയം പറയുന്നത്. പ്രഭാകരനും കുടുംബവും ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികളുടെ പിരിവ് നടത്താനുള്ള നീക്കമായിട്ടാണ്, ലങ്കൻ സൈനിക വിദഗ്ധരും ഈ നീക്കത്തെ കാണുന്നത്.

പ്രഭാകരൻ, ഭാര്യ മതിവദനി, മക്കളായ ചാൾസ് ആന്റണി, ദ്വാരക, ബാലചന്ദ്രൻ എന്നിവർ സൈനിക നടപടിയിൽ കൊല്ലപ്പെട്ടുവെന്നാണ് ഔദോഗിക ഭാഷ്യം. പ്രഭാകരനും അദ്ദേഹത്തിന്റെ മൂത്ത മകൻ ചാൾസ് ആന്റണിയും ഏറ്റുമുട്ടലിൽ വെവ്വേറെ കൊല്ലപ്പെട്ടപ്പോൾ, ഇളയ മകൻ ബാലചന്ദ്രനെ പിടികൂടിയ ശേഷം സൈന്യം വെടിവച്ചു കൊന്നുവെന്നാണ് ആരോപണം. കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ബിസ്‌ക്കറ്റ് തിന്നുകൊണ്ട് ഇരിക്കുന്ന ബാലചന്ദ്രൻ എന്ന ബാലന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സൈന്യത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ , മതിവദനിയുടേയും ദ്വാരകയുടേയും മൃതദേഹങ്ങളുടെ ഫോട്ടോകൾ പുറത്തുവന്നിരുന്നില്ല. ഇതാണ് ഇവർ ജീവിച്ചിരിപ്പുണ്ട് എന്ന വാദത്തിന് ബലം പകരുന്നത്. എന്നാൽ ലങ്കൻ സൈന്യം ഇരുവരെയും ക്രൂരമായ റേപ്പ് ചെയ്താണ് കൊന്നത് എന്നും വികൃതമായതുകൊണ്ടാണ് ഫോട്ടോ പുറത്തുവിടാത്തത് എന്നും മനുഷ്യാവകാശ സംഘടനകൾ പണ്ടേ ആരോപിച്ചിരുന്നത്. എൽ.ടി.ടി.ഇയുടെ ഇന്റലിജൻസ് മേധാവി പൊട്ടു അമ്മന്റെ മൃതദേഹവും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ പൊട്ടു അമ്മനും ജീവിച്ചിരിക്കുന്നുണ്ട് വിശ്വസിക്കുന്ന നിരവധിപേർ ഉണ്ട്.

തമിഴ് ഈഴം തിരിച്ചുവരുമോ?

വേലുപ്പിള്ള പ്രഭാകരൻ മരിച്ചുകിടക്കുന്ന ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാൽ പ്രഭാകരന്റെ കുടുംബത്തെ അപ്പാടെ കൊലപ്പെടുത്തിയെന്ന ശ്രീലങ്കൻ സേനയുടെ അവകാശവാദം തമിഴരിൽ നല്ലൊരു വിഭഗാവും വിശ്വസിക്കുന്നില്ല. പ്രഭാകരന്റെ കുടുംബം യുദ്ധത്തിനിടെ രക്ഷപെട്ടു എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

2008-ൽ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ മതിവദനിയും ദ്വാരകയും യൂറോപ്പിലേക്ക് പലായനം ചെയ്തെന്ന വാർത്ത പരന്നിരുന്നു. യൂറോപ്പിലെ ഒരു അജ്ഞാതസ്ഥലത്ത് താമസിച്ച് ദ്വാരക വിദ്യാഭ്യാസം പൂർത്തിയാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. യുദ്ധത്തിന്റെ സമയത്ത് അവർ വെടിനിർത്തൽ മേഖലയിൽ ആയിരുന്നോ എന്നോ, സംഘർഷ മേഖലയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ചോ വ്യക്തമാക്കാൻ ഇവർ തയ്യാറാകുന്നുമില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവുമില്ല. ഒപ്പം യൂറോപ്പിൽ എവിടെയാണ് താമസിച്ചത് എന്നത് സംബന്ധിച്ചും വിവരം നൽകാൻ ഇവർക്ക് കഴിയുന്നില്ല.

പക്ഷേ, പ്രഭാകരനും കുടുംബവും ജീവിച്ചിരുപ്പുണ്ടെന്ന് അവകാശവാദങ്ങൾ ഇതാദ്യമായല്ല പുറത്തുവരുന്നത്. അടുത്തിടെ തമിൾ ദേശീയ ഇയക്കം നേതാവ് പി. നെടുമാരൻ പ്രഭാകരനും കുടുംബവും ജീവിച്ചിരുപ്പുണ്ടെന്ന അവകാശവാദം ഉയർത്തിയിരുന്നു. കൃത്യസമയത്ത് അവർ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്നായിരുന്നു അവകാശവാദം. നേരത്തെ നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കൻ മുന്മന്ത്രി എംപി. ശിവാജിലിംഗം രംഗത്തെത്തിയിരുന്നു. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ശിവാജിലിംഗം പറഞ്ഞത്. എന്നാൽ നെടുമാരന്റെ അവകാശവാദം ശ്രീലങ്ക തള്ളിക്കളഞ്ഞിരുന്നു. ഇതിനെ ഫലിതമെന്നാണ് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്.

പക്ഷേ ഇതിൽ ശ്രീലങ്കക്ക് ഭയക്കാവുന്ന ചില മെസേജുകൾ കൂടിയുണ്ട്. ലോകമെമ്പാടും വലിയ തോതിൽ തമിഴ് പുലികൾക്ക് ഇപ്പോഴും ആരാധകർ ഉണ്ട്. ഒരാൾ മുൻകൈയെടുത്ത് ഒരു തീപ്പൊരി ഇട്ടുകൊടുത്താൽ വീണ്ടും തമിഴ് ഈഴം വാദം ശ്കതമാവും. ശ്രീലങ്കയാവട്ടെ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കഴിയുകയാണ്. പഴയതുപോലെ ഒരു വലിയ യുദ്ധം നടത്താനുള്ള കഴിവൊന്നും അവർക്കില്ല. ഈ തക്കം നോക്കി വീണ്ടും എൽടിടിഇ വികാരം ആളിക്കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ലങ്കൻ ആഭ്യന്തര മന്ത്രാലയം സംശയിക്കുന്നുണ്ട്.