കോഴിക്കോട്: മലയാളിക്ക് ഇന്നും തുറന്ന് സംസാരിക്കാൻ പേടിയുള്ള കാര്യമാണ് സെക്സ് എജുക്കേഷൻ. മനുഷ്യന്റെ ജൈവപരമായ ആവശ്യകതകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആയ, ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഇന്നും മലയാളി തയ്യാറല്ല. അതേസമയം ഒരുപാട് തെറ്റിദ്ധാരണകൾ ഇപ്പോഴും വെച്ചുപുലർത്തുന്നു. സ്വയം ഭോഗം ചെയ്താൽ 'നെഞ്ച് കുഴിഞ്ഞുപോകും, കണ്ണ് താണുപോവും' എന്നുള്ളതൊക്കെ ശരാശരി മലയാളി ഇപ്പോഴും ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഈ ധാരണകൾ ഒക്കെ തെറ്റാണെന്ന് , സ്വന്തം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി വിശദീകരിക്കയാണ്, എഴുത്തുകാരനും സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ മൈത്രേയൻ. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ 'സ്വയംഭോഗം ചെയ്താൽ ഒരു രോഗവും വരില്ല' എന്ന് ചൂണ്ടിക്കാട്ടുന്ന വീഡിയോ വൈറൽ ആവുകയാണ്.

മൈത്രേയൻ ഇങ്ങനെ പറയുന്നു. 'ഞാൻ എയ്ഡ്സ് പ്രിവൻഷൻ ക്ലാസുകൾ എടുത്തിട്ടുണ്ട്. ആ സമയത്ത് ഓട്ടോറിക്ഷക്കാർക്കാണ് ആദ്യമായി ക്ലാസ് എടുത്തിരുന്നത്. അപ്പോൾ അവരോട് ഇങ്ങനെ ചോദിച്ചു. ലൈംഗികമായ കാര്യങ്ങളെ കുറിച്ചൊക്കെ. അപ്പോൾ സ്വയംഭോഗത്തെ പറ്റിയൊക്കെ ചോദിച്ചപ്പോൾ അവർ പറഞ്ഞു, 'സാറെ സ്വയം ഭോഗം ചെയ്താൽ നെഞ്ച് കുഴിഞ്ഞുപോകും. കണ്ണ് താണുപോവും', കുരുക്കൾ വരും. കുരുക്കൾ വരുന്നതൊക്കെ അതിന്റെ ലക്ഷണം ആണ്. മറ്റേതൊക്കെ ഭയങ്കര പ്രശ്നമാണ്. കുറച്ച് നേരം അവർ ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ എന്റെ കണ്ണ് മിക്കവാറും, തലയുടെ പുറകിൽ ആയേനെ. ആദ്യം ഇവർക്ക് അത് മനസ്സിലായില്ല. കുറേ നേരം കഴിഞ്ഞപ്പോൾ ഭയങ്കര ചിരി. ഞാൻ പറഞ്ഞു. അത്രയേ ഉള്ളു. അല്ലാതെ ഒരു കാര്യവും ഇല്ല. ഞാനിത്രയും സ്വയംഭോഗം ചെയ്തിട്ടും കുഞ്ഞ് ഉണ്ടായെങ്കിൽ ഈ പറയുന്ന ഒരുകാര്യവും ശരിയല്ല എന്ന് വ്യക്തമാണ്. എനിക്ക് 70 വയസ്സായി. ആരോഗ്യം ഉണ്ട്. സാധാരണ ഉള്ളപോലെ രോഗം വന്ന് കിടക്കുന്നുമില്ല. അപ്പോൾ ഈ പറയുന്ന ന്യായമൊന്നും നടക്കത്തില്ല. ശാസ്ത്രീയമായി ജീവിതത്തെപ്പറ്റിയും ലോകത്തെ പറ്റിയും, നമ്മുടെ അറിവു വന്നതോടെ ഇതൊക്കെ അവസാനിക്കും. '' - മൈത്രേയൻ വ്യക്തമാക്കി.

തുടർന്ന് സെക്സ് എഡ്യുക്കേഷന്റെ കാര്യത്തിൽ മലയാളികൾ പിന്നോട്ട് പോവുകയാണോ, എന്ന ചോദ്യത്തിന് മൈത്രേയൻ ഇങ്ങനെ മറുപടി പറയുന്നു. 'ലൈംഗികത തെറ്റാണെന്ന പഠിപ്പിക്കുന്ന ഒരു പഴയ പ്രശ്നവുമായി ബന്ധപ്പെട്ടാണ് അത് അങ്ങനെ വന്നുപോയത്. പ്രായത്തിന് അനുസൃതമായ അറിവ് കൊടുക്കണം. ഒന്നാം ക്ലാസിൽ നാം അക്ഷരമാല പഠിപ്പിക്കയല്ലാതെ ഗ്രാമർ അല്ലല്ലോ പഠിപ്പിക്കുന്നത്. ഇതുപോലെ ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുന്നത് പലഘട്ടത്തിനകത്തുകൊടുക്കേണ്ടതാണ്. ആണ് ഉണ്ടെന്നും പെണ്ണ് ഉണ്ടെന്നും പറഞ്ഞുകൊടുക്കണം. ഒന്നാംക്ലാസിൽ ചെല്ലുമ്പോൾ, അവർ ചെറുക്കനും പെണ്ണുമായി മാറും. അതുവരെ കുട്ടികളേയുള്ളൂ. അങ്ങനെ വരാതെ ആണും പെണ്ണും എന്താണെന്ന് പഠിപ്പിക്കുന്ന, രീതിയാണ് വേണ്ടത്. ചെടികൾക്ക് അകത്തും, മൃഗങ്ങൾക്കിടയിലും, മനുഷ്യർക്കിടയിലുമെല്ലാം ആണും പെണ്ണമായി തിരിക്കാമെന്ന് പറഞ്ഞ് കൊടുക്കണം. അങ്ങനെ പ്രായത്തിന് അനുസൃതമായ അറിവ് കൊടുക്കണം. ഇവിടെ നമ്മൾ, ലൈംഗിക വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ ഉടനെ അതിന്റെ അടിയിൽ കമന്റ് വരും. പോർണോഗ്രഫിയാണെന്ന്. ബുദ്ധിശുന്യന്മാരാണ് ഈ കമന്റ് അടിക്കുന്നത് എന്നും അറിയണം.

നമ്മൾ വൈലോപ്പിള്ളിയുടെ കവിത ഒന്നാംക്ലാസിൽ പഠിപ്പിക്കയല്ലോ ചെയ്യുന്നത്. അക്ഷരം അല്ലേ പഠിപ്പിക്കുക. അതുപോലെ പല പ്രായത്തിന് അനുസരിച്ച് എന്ത് പഠിപ്പിക്കണം എന്ന് ധാരണ വേണം. ഒന്നാം ക്ലാസ മുതൽ അഞ്ചാംക്ലാസ്വരെ എന്ത് പഠിപ്പിക്കണം. അങ്ങനെ തുടർ ക്ലാസുകളിൽ എന്ത് പഠിപ്പിക്കണം എന്ന ധാരണവേണം. അതു കഴിഞ്ഞിട്ട് കോളജിൽ എത്തുമ്പോൾ എന്ത് പഠിപ്പിക്കണം. ഇങ്ങനെത്തെ, ലൈംഗിക വിദ്യാഭ്യാസമാണ് വേണ്ടത്. പക്ഷേ നമ്മുടെ നാട്ടിൽ ഇത് ഒരു ചർച്ചപോലും ആവുന്നില്ല. അതുപോലെ അപ്പുറത്തിരിക്കുന്ന ആളിനോട് എങ്ങനെയാണ് മര്യാദയോടെ പെരുമാറേണ്ടത് എന്ന സാമൂഹിക വിദ്യാഭ്യാസവും ആവശ്യമാണ്. ''- മൈത്രേയൻ ചൂണ്ടിക്കാട്ടി.