കോഴിക്കോട്: മറ്റ് എന്ത് കുഴപ്പങ്ങൾ ഉണ്ടെങ്കിലും, സ്വന്തം മക്കളെ അനർഹമായി സ്ഥാനങ്ങളിൽ തിരുകിക്കയറ്റിയെന്ന പേര് കേൾക്കാത്ത സിപിഎം നേതാവാണ്, മൂൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജൻ. അദ്ദേഹത്തിന്റെ മക്കൾ നാട്ടിൽ സാധാരണ ജോലി ചെയ്തും, ഗൾഫിൽ പോയി അധ്വാനിച്ചുമൊക്കെയാണ് കഴിയുന്നത്. ഇപ്പോൾ എസ്എഫ്ഐ നേതാവ് കെ വിദ്യ, വാജ്യരേഖ ചമച്ച് ഗസ്റ്റ് ലക്ച്ചറർ ജോലി നേടിയടുത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾ, കൊടുമ്പിരിക്കൊള്ളവേ ഗൾഫിൽ ജോലിചെയ്യുന്ന പി ജയരാജന്റെ മകൻ ജയിൻരാജിന്റെ ഫേസ്ബ്ുക്ക് കുറിപ്പും, അണികൾക്കിടയിൽ വൈറൽ ആവുകയാണ്.

പാർട്ടി സംവിധാനം ഉപയോഗിച്ച് അനർഹമായ നേട്ടങ്ങൾ പലരും സ്വന്തമാക്കുമ്പോൾ രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവരുടെ കാര്യം അറിയുമോ എന്ന ചോദ്യവുമാണ് ജയിൻ രാജ് ഉയർത്തുന്നത്. രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ സ്വന്തം കരിയറിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യർ ഇവിടെയുണ്ടെന്നും അത്തരക്കാർ ഒരു പരാതിയും പറയാതെ ഇപ്പോഴും ഗ്രൗണ്ടിൽ പണി എടുക്കുകയാണെന്നും ജയിൻ രാജ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ഒന്നുമാവാത്തവർ ഇവിടെ ഒരുപാടുണ്ട്

ജയിൻ രാജിന്റെ പോസ്റ്റ് പൂർണരൂപം ഇങ്ങനെയാണ്

''നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, ബന്ധങ്ങൾ ഉപയോഗിച്ച്, അനർഹമായ തൊഴിൽ, മറ്റു പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ യൗവ്വനത്തിന്റെ നല്ല കാലത്ത് പൊതുബോധത്തിന്റെ മുന്നിലെ രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ സ്വന്തം കരിയറിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യർ ഉണ്ട്. ഗതികെട്ട്നാട് വിടേണ്ടിവന്നവർ, ഒരു പരാതിയും പറയാതെ ഇപ്പോളും ഗ്രൗണ്ടിൽ പണി എടുക്കുന്നർ...നിങ്ങൾക്ക് പരിഗണനയും മറ്റു പ്രിവിലേജുകൾ ലഭിക്കുമ്പോൾ.

അവർക്ക് ആകെ ഉള്ളത് 'ഇടത് 'എന്ന പ്രിവിലേജ് മാത്രമാണ്. ജീവിതവും രാഷ്ട്രീയവും രണ്ട് ആകാത്തവർ. കടപ്പാട്- വൈശാഖ് ബീന കേരളീയൻ''- ഇങ്ങനെയാണ്, ജയിൻ രാജ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഈ ചെറിയ പോസ്റ്റ് ആണെങ്കിലും അത് കൃത്യമായി ആധുനിക കാലത്തെ സിപിഎം രാഷ്ട്രീയമാണ് ചൂണ്ടിക്കാട്ടുന്നത്. പി ജയരാജൻ അധികാരത്തിന്റെ ഏഴ് അകലത്തേക്ക് തന്റെ മക്കളെ അടിപ്പിച്ചിരുന്നില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെയും പി ജയരാജന്റെ മക്കളെയും താരതമ്യം ചെയ്ത് പി സി ജോർജ് നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. ''പി. ജയരാജന് വേണമെങ്കിൽ സഹകരണ ബാങ്കിൽ മക്കളെ കയറ്റാമായിരുന്നില്ലേ? അദ്ദേഹം അത് ചെയ്തില്ല. കമ്മ്യൂണിസവും കമ്മ്യൂണിസത്തിന്റെ മാന്യതയുമാണത്. ഒരു മകൻ ഓട്ടോ ഓടിക്കുകയാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ, ജയരാജന്റെ മകനാണെന്ന് ഓർക്കണം. പറയാൻ പോലും ദുഃഖമുണ്ട്. ഒരു മകൻ കട്ടക്കമ്പനിയിൽ ചുമട്ടുകാരനാണ്. അവിടെ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണ്. പക്ഷേ അപ്പോൾ പിണറായിയുടെ മക്കൾ എവിടെയാണ്. അവർ ഗൾഫിൽ കോടികൾ ഉണ്ടാക്കുകയാണ്''- പി സി ജോർജ് പറഞ്ഞത് ഇങ്ങനെയാണ്.

ഇത് വിവാദമായതോടെ നിഷേധവുമായി പി ജയരാജൻ തന്നെ രംഗത്ത് എത്തി. 'ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകൾ തന്നെയാണ്. പക്ഷേ എന്റെ മക്കൾ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്. പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കാൻ എന്റെ കുടുംബത്തെക്കുറിച്ച് കഥ പിസി ജോർജ് കഥ മെനയുകയാണ്''- ജയരാജൻ ചൂണ്ടിക്കാട്ടി. പക്ഷേ ഓട്ടോ ഓടിക്കയും കട്ടക്കമ്പനിയിൽ പണി എടുക്കയും ചെയ്തില്ലെങ്കിലും, ഗൾഫിലും നാട്ടിലുമായി സാധാരണ തൊഴിലുകൾ ചെയ്താണ് പി ജയരാജന്റെ മക്കൾ ജീവിച്ചുപോന്നത്. സജീവ പാർട്ടി പ്രവർത്തകരായ ഇവർ ഒരു സഹായവും പാർട്ടിയിൽനിന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഇപ്പോൾ കെ വിദ്യയെപ്പോലുള്ളവരുടെ ഫ്രോഡ് പണി പുറത്താവുമ്പോൾ, ജയിൻ രാജിനെപ്പോലുള്ളവർ നാടുവിടാനുള്ള സാഹചര്യവും ചർച്ചയാവുകയാണ്.