ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന്റെ പേരിൽ കേരളവും കേന്ദ്രസർക്കാരും തമ്മിൽ ഉടക്കിലാണ്. വിഷയം സുപ്രീം കോടതി വരെയെത്തി. ചർച്ച ചെയ്ത് തീർപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചെങ്കിലും, കേസ് കൊടുത്ത സാഹചര്യത്തിൽ ചർച്ചയിൽ കഴമ്പില്ലെന്ന നിലപാടാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്. അങ്ങനെ കാര്യങ്ങൾ എങ്ങുമെത്താതെ നിൽക്കുമ്പോൾ, കടമെടുപ്പ് പരിധി വിഷയത്തിൽ വീണ്ടും ചർച്ചയ്ക്ക് കേന്ദ്രസർക്കാർ സന്നദ്ധത അറിയിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്നും ചർച്ചയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധിയായ കെ വി തോമസ് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും കെ വി തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിവരം പുറത്തുവന്നത്.

സിൽവർ ലൈൻ ഡി പിആറിൽ കേന്ദ്രത്തിന്റെ പ്രതികരണം അറിയിക്കാമെന്നും നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേരളവും കേന്ദ്രവും നടത്തിയ ചർച്ച പരാജയപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു.

കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായത്. കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയെന്നും കേസ് നിലനിൽക്കുകയാണെന്നും ബാലഗോപാൽ പ്രതികരിച്ചിരുന്നു.


ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്തിരുന്നില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റർ ജനറൽ ഉൾപ്പെടെ ചർച്ചയിൽ കേന്ദ്രത്തിനായി പങ്കെടുത്തിരുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ ഇരു വിഭാഗവും ചർച്ച നടത്തിയത്. ചർച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ പ്രതിനിധിയാണ് കെ വി തോമസ്. 2021 സെപ്റ്റംബർ 15ന് നെതർലൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു.

കേന്ദ്രമന്ത്രി, എംപി എന്നീ നിലകളിൽ ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച തോമസിന് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ തോമസിന്റെ നിയമനം രാഷ്ട്രീയമായും ചർച്ചയായി. കെ വി തോമസിനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു.

ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി തസ്തിക എന്തിനാണെന്ന് വി ഡി സതീശൻ ചോദിച്ചിരുന്നു. കെ വി തോമസിന്റെ നിയമനം ദുർച്ചെലവാണ്. മുമ്പ് സമ്പത്തിനെ നിയമിച്ചപ്പോൾ കേരളത്തിന് എന്ത് പ്രയോജനമുണ്ടായി. സംസ്ഥാനത്ത് എന്ത് ഗുണമാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

കോൺഗ്രസ് വിട്ട് സിപിഎമ്മിനോട് അടുത്തതിലുള്ള രാഷ്ട്രീയ പ്രത്യുപകാരം കൂടിയായിരുന്നു കെ വി തോമസിന് ഈ പദവി. സിപിഎമ്മിനോട് അടുത്ത കെ വി തോമസ് രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലായെന്ന കോൺഗ്രസ് ആക്ഷേപത്തിന് മറുപടിയായിരുന്നു ക്യാബിനറ്റ് റാങ്കോട് കൂടിയുള്ള പ്രത്യേക പ്രതിനിധി പദവി. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ശക്തമാക്കുക, കേന്ദ്രാനുമതി കാത്തു കിടക്കുന്ന പദ്ധതികൾക്ക് വേഗം വെയ്‌പ്പിക്കുക, തുടങ്ങി ഒട്ടേറെ ദൗത്യങ്ങളാണ് കെ വി തോമസിന് ഡൽഹിയിലുള്ളത്. കെ വി തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയമാണ് അനുവദിച്ചിട്ടുള്ളത്.