കോഴിക്കോട്: പ്രാർത്ഥനാ ചികിത്സയുടെയും, അത്ഭുത രോഗശാന്തികളുടെയും പേരിൽ ഏറെ വിവാദത്തിലായ വ്യക്തിയാണ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. പ്രവാചകന്റെ മുടി എന്നപേരിൽ എവിടെനിന്നോ ഒരു വ്യാജകേശം ഉണ്ടാക്കിയതും, അത് ഇട്ടുവെച്ച വെള്ളം വിറ്റ്, കോടികൾ ഉണ്ടാക്കിയെന്നും, മുടിപ്പള്ളിക്കായി വൻ തോതിൽ പിരിവ് നടത്തിയന്നതൊക്കെ നേരത്തെ വിവാദമായിരുന്നു. അതുപോലെ വെള്ളം ഓതിക്കൊടുത്തും, തുപ്പിക്കൊടുത്തുമെല്ലാം കാന്തപുരം നടത്തുന്ന രോഗശാന്തികളും വിവാദമാകാറുണ്ട്.

പക്ഷേ ഇത്തരം പരിപാടികളിൽ ഒന്നും തന്നെ അവർ നിലവിലുള്ള മരുന്ന് നിർത്താൻ നിർദ്ദേശം കൊടുക്കാറില്ല. ഇപ്പോൾ ഡയാലിസ് രോഗിയോട് അത് നിർത്താൻ കാന്തപുരം പറയുന്ന ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. അത് ഇങ്ങനെയാണ്. സ്റ്റേജ് പരിപാടിക്കിടെ ഒരു മൗലവി മൈക്കിലുടെ കാന്തപുരത്തോട് പറയുന്നു. ''അബ്ദുൽ സത്താർ എന്നയാൾ, കണ്ണൂരിൽ കിഡ്നിയിൽ രോഗമായിട്ട് ഒരു ദിവസം മൂന്ന് ഡയാലസിസ് ഒന്നിച്ച് ചെയ്യേണ്ടി വന്നതാണ്.'' ഉടൻ കാന്തപുരത്തിന്റെ മറുപടി ഇങ്ങനെ. ''ഇനി ചെയ്യേണ്ടാ''. അതോടെ എല്ലാവരും ആമീൻ പറയുന്നു. ''മൂന്നും വേണ്ട ഒന്നും വേണ്ട, വേണ്ടാന്ന് ഞമ്മൾ പറഞ്ഞാൽ വേണ്ട.''- കാന്തപുരം തീർത്ത് പറയുന്നു.

ഇതിനെതിരെ സോഷ്യൽമീഡിയ ശക്തമായി രംഗത്ത് എത്തിയിരിക്കയാണ്. കാന്തപുരത്തിനെതിരെ ബോധപുർവമായ നരഹത്യക്ക് കേസ് എടുക്കണമെന്നാണ് വിമർശനം. അനസ് ബിൻ സിദ്ദീഖി ഇങ്ങനെ എഴുതുന്നു ''കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ നല്ല ഹോസ്പിറ്റലിൽ പോയി ചികിത്സ തേടി.കിഡ്നി രോഗിയായ ഒരാളോട് ഇനി ഡയാലിസിസ് ചെയ്യണ്ട എന്ന് പറയുന്ന ഇദ്ദേഹത്തിനെതിരെ കേസെടുക്കണം.രോഗം വന്നാൽ അല്ലാഹുവിനോട് ദുആ ചെയ്യുക നല്ല ഹോസ്പിറ്റലിൽ പോയി ചികിത്സ തേടുക. അല്ലാതെ ഇതുപോലുള്ള ഉസ്താദ്മാരോട് പോയി ചോദിക്കുകയല്ല വേണ്ടത്. സമസ്തയിൽ ചിന്താശേഷിയുള്ള ഒരാൾ പോലും അവശേഷിക്കുന്നില്ലേ'' -അനസ് ബിൻ സിദ്ദീഖി ചൂണ്ടിക്കാട്ടി.

രണ്ടുവൃക്കകളും തകാറിലാവുമ്പോഴുള്ള മനുഷ്യന്റെ അവസാനത്തെ ജീവൻ രക്ഷാ ഉപാധിയാണ്, ഡയാലിസ് എന്നും അത് ഒരിക്കലും നിർത്തരുതെന്ന് എന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ ഇവിടെ യാതൊരു മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിക്കാതെ, കാന്തപുരം അങ്ങോട്ട് നിർത്താൻ ആവശ്യപ്പെടുകയാണ്. കാന്തപുരത്തെ ദൈവത്തിന് തുല്യരായി കാണുന്നവർ ആണ് അണികളിൽ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞാൽ അവർ ചികിത്സ നിർത്തുമെന്നും ഇത് രോഗിയുടെ മരണത്തിന് ഇടയാക്കുമെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. കാരന്തൂർ സുന്നി മർക്കസും, ഇപ്പോൾ കോഴിക്കോട് കൈതപ്പൊയിലിൽ ഉയർന്നു വരുന്ന, ആയിരംകോടിയുടെ നോളജ് സിറ്റിയും അടക്കം നിരവധി വിദ്യാഭ്യാസ- ആത്മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തി. സമസ്ത ഇ കെ വിഭാഗം സുന്നികൾക്കാണ് മുസ്ലിം സമൂഹത്തിൽ ഭൂരിപക്ഷം എങ്കിലും, സമ്പത്തുകൊണ്ടും, രാഷ്ട്രീയ പ്രഹരശേഷികൊണ്ടും എ പി വിഭാഗമാണ് മുന്നിട്ട് നിൽക്കുന്നത്. രാഷ്ട്രീയമായി ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരാണ് കാന്തപുരം. അതുകൊണ്ടുതന്നെ നവോത്ഥാനപക്ഷമായും ഇവർ ചിത്രീകരിക്കപ്പെടാറുണ്ട്. പക്ഷേ ഒന്നാന്തരം അന്ധ വിശ്വാസികളും പിൻ തിരിപ്പന്മാരുമാണ് കാന്തപുരം വിഭാഗമെന്നാണ്, നിക്ഷ്പക്ഷമതികൾ വിലയിരുത്താറുള്ളത്.

അതുപോലെ തന്നെ മടവൂർ സിഎം മഖാമിലെ സിഎം വലിയുള്ളയുടെ അദ്ഭുദങ്ങൾ എന്ന പേരിൽ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് മുതൽ ട്രെയിൻ നിർത്തിച്ചതുവരെയുള്ള പല കാര്യങ്ങളും കാന്തപുരം അനുഭാവികളായ മതപ്രഭാഷകർ തള്ളി മറക്കാറുണ്ട്. നേരത്തെ കാന്തപുരം തന്നെ നേരിട്ട് നടത്തുന്ന അന്ധവിശ്വാസ പ്രചാരണമാണ് സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. അതോടെ അദ്ദേഹം എയറിലായി.

വയറിന് ഗുരുതരമായ അസുഖം വന്ന് മരിക്കാറായ ഒരു യുവതിയെ എടപ്പാൾ ഐലക്കാട് മഖാമിൽ കൊണ്ടുപോയി, 'ഓപ്പറേഷനിലൂടെ' സുഖപ്പെടുത്തിയ കഥ പറയുന്ന കാന്തപുരത്തിന്റെ ഒരു വീഡിയോയാണ്, സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കാന്തപുരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്

'' ഒരു സ്ത്രീ ബോധം കെട്ടുപോവുകയും, ആ സ്ത്രീയുടെ വയറ് വീർത്ത്, ശ്വാസം കിട്ടാതെ ആയി മരിച്ചുവെന്ന് ഏകദേശം കണക്കാക്കിയപ്പോൾ, ഇ കെ മുഹമ്മദ് ദാരിമി അദ്ദേഹവും ഉണ്ടായിരുന്നു അവിടെ. എന്റെ ഭാര്യയുടെ അനുജത്തിയെ കെട്ടിയ ആളാണ് അദ്ദേഹം. മൂപ്പര് പറഞ്ഞ് ഇനി ഐലക്കാട് കൊണ്ടുപോവുകയല്ലാതെ നിവൃത്തിയില്ല. ഐലക്കാട്ട് കൊണ്ടുപോകാനായി ഒരു കാറ് എടുത്ത് അതിൽ കയറ്റി താമരശ്ശേരി എത്തിയപ്പോഴേക്കും കാറിന്റെ മൂന്ന് ടയറും പൊട്ടിപ്പോയി. അവിടെനിന്ന് വേറെ കാർ എടുത്ത് കോഴിക്കോട്ട് എത്തുമ്പോൾ, അതിന്റെ ടയറും പൊട്ടിപ്പോയി. മുന്നാമത്തെ കാർ എടുത്ത് എങ്ങനെയോ അവിടെ എത്തുന്നു. എടപ്പാൾ അങ്ങാടിയിൽ എത്തിയപ്പോൾ നൂറ് നായ്ക്കളുണ്ട് അവിടെ. പോകാൻ സമ്മതിക്കാതെ. എങ്ങനെയോ അതിനെ തട്ടിച്ച് അങ്ങോട്ട് പോയി. അപ്പോൾ ഈ പെണ്ണ് ഹായത്തായി. മരിച്ചു എന്ന് പറയാം. അങ്ങനെ ഞങ്ങൾ, അവിടെ ചെന്ന് പെണ്ണിനെ മഖ്ബറയിൽ ഇട്ട് അടച്ചു. ഞങ്ങൾ പുറത്ത് കാത്തുനിന്ന്. ഒരു മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ, വാതിലിന് മുട്ടി വിളിക്കുന്നു. നോക്കുമ്പോൾ ഇവിടെ ( നെഞ്ച് ) കീറിയിട്ട് ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. അത് എന്റെ അനുഭവം ആണ് വേറെ ആരും കേട്ട് പറഞ്ഞതുമല്ല. ഓപ്പറേഷൻ ചെയത് സുഖമാക്കി. ഇങ്ങോട്ട് വന്ന കാർ എല്ലാം വിട്ടതാണ്. അവിടെനിന്ന് ഞങ്ങൾ വേറെ ഒരു കാറ് വിളിച്ച് ആ കാറ് കിട്ടുന്നിടത്തുവരെ നടന്ന്, സുഖമായിട്ട് പോയി.''- ഇങ്ങനെയാണ വീഡിയോ അവസാനിച്ചത്.

ഇത് പ്രചരിച്ചതോടെ സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൾ കാന്തപുരത്തെ ട്രോളിക്കൊന്നിരുന്നു. ഇങ്ങനെ ഓപ്പറേഷൻ നടത്തി രോഗിയെ രക്ഷിക്കുന്ന മഖാമുകൾ ഉണ്ടെങ്കിൽ കാന്തപുരത്തിന് അസുഖം വന്നപ്പോൾ എന്തിനാണ്, കോഴിക്കോട്ടെ സൂപ്പർ സ്പെഷ്യാലിറ്റ് ആശുപത്രിയിൽ ആക്കിയത് എന്നാണ് ചോദ്യം. അതിനുശേഷം ഇപ്പോൾ വീണ്ടു കാന്തപുരം എയറിൽ ആയിരിക്കയാണ്.