കോഴിക്കോട്: മുക്കത്തിനടുത്ത കാരശേരിയിലെ എസ് സി കോളനിയിലൂടെ സ്വകാര്യവ്യക്തിയുടെ ഒന്നര ഏക്കർ ഭൂമിയിലേക്കു റോഡുണ്ടാക്കാൻ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് കലക്ടറെ തെറ്റിദ്ധരിപ്പിച്ച് കത്തു നൽകി. പഞ്ചായത്ത് ഭരണം യു ഡി എഫിലേക്കു എത്തിയെങ്കിലും കഴിഞ്ഞ ഏപ്രിൽ 11ആണ് എം എൽ എ കലക്ടർക്ക് ഭൂമാഫിയയെ സഹായിക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന കത്ത് നൽകിയത്. എം എൽ എ ലിന്റോ ജോസഫ് പ്രവർത്തിക്കുന്നത് ഭൂമാഫിയക്കുവേണ്ടിയാണെന്ന് കോളനി നിവാസികൾ ആരോപിച്ചു.

കോളനി നിവാസികൾ നൽകിയ വിവരാവകാശ രേഖക്കുള്ള മറുപടിയായാണ് എം എൽ എ കലക്ടർക്ക് നൽകിയ കത്ത് പുറത്തായത്. കോളനി നിവാസിയായ യൂസുഫായിരുന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം എൽ എ രാജിവയ്ക്കണമെന്ന് കോളനി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കാരശേരിയിലെ കുമാരനെല്ലൂർ തടപ്പറമ്പ് നാല് സെന്റ് എസ് സി കോളനിയിലൂടെയാണ് വഴിയുണ്ടാക്കാൻ സി പി എം ഭരിച്ചിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ശ്രമം നടന്നത്. കാരശേരി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് 20 വീടുകൾ ഉൾക്കൊള്ളുന്ന തടപ്പറമ്പ് നാലുസെന്റ് കോളനി സ്ഥിതിചെയ്യുന്നത്. കോളനിയിൽ തുടങ്ങി കോളനിയിൽ അവസാനിക്കുന്ന 85 മീറ്റർ മാത്രം നീളമുള്ളതും മൂന്നു മീറ്റർ വീതിയുള്ളതുമായ റോഡാണ് മുൻ ഭരണസമിതി സ്വകാര്യവ്യക്തിക്ക് വഴിയൊരുക്കാൻ ശ്രമം നടത്തിയത്.

പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉൾപ്പെടാത്തതും തികച്ചും കോളനിക്കാർക്കു സ്വന്തവുമായ റോഡാണ് രാഷ്ട്രീയ സ്വാധീനവും പൊലിസിനെയും ഉപയോഗിച്ച് പിടിച്ചെടുക്കാൻ ഇപ്പോഴും എം എൽ എയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. പ്രവാസികളും സി പി എമ്മിനായി ഫണ്ട് നൽകുന്നവരുമായ വ്യക്തികളുടെ ശരാശരി സെന്റിന് മുപ്പതിനായിരം രൂപമാത്രം ലഭിക്കുന്ന റോഡ് സൗകര്യമില്ലാത്ത ഒന്നര ഏക്കർ ഭൂമിക്കാണ് വാഹനം കയറാൻ വേണ്ടി ഭരണസമിതിയുടെ വഴിവിട്ട പ്രവർത്തനങ്ങൾ അന്ന് നടന്നത്. എന്നാൽ ഇപ്പോൾ ഭരണം യു ഡി എഫിലേക്കു എത്തിയിട്ടും ഈ പ്രവർത്തനങ്ങൾക്കൊന്നും അറുതിയായിട്ടില്ല. രണ്ട് ലക്ഷത്തിന് മുകളിൽ ഭൂമിയുടെ വില ഉയരുമെന്ന് കണ്ടാണ് മുൻ ഭരണസമിതി നിയമലംഘനങ്ങൾക്ക് കുടപിടിച്ചത്.

കോളനിയിൽനിന്ന് അൻപത് മീറ്ററോളം മാറി താമസിക്കുകയും തങ്ങളുടെ വീടുകളിലേക്കു കൃത്യമായ മറ്റൊരു വഴിയുള്ളവരുമായ കക്കാട് മജീദ്, മാങ്കുന്നുമ്മൽ കേശവൻ എന്നിവരായിരുന്നു തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ് കോളനിയിലേക്കുള്ള വഴിയെന്നും കോളനിക്കാരിൽ ഒരു വിഭാഗം തങ്ങളെ തടയുകയാണെന്നും കാണിച്ച് പാർട്ടി സ്വാധീനത്തിന് വഴങ്ങി ആർ ഡി ഒക്ക് പരാതി നൽകിയത്. എന്നാൽ ഇവരുടെ പരാതിയിൽ കഴമ്പില്ലെന്നു ബോധ്യപ്പെട്ട് ആർ ഡി ഒ ഈ കേസ് തള്ളിയിരുന്നു. ഇവർക്ക് വഴിയിൽ അവകാശമില്ലെന്നും ഇത് കോളനിക്കാരുടെ മാത്രം റോഡാണെന്നും വഴിയുണ്ടോയെന്ന് തീരുമാനിക്കേണ്ടത് പഞ്ചായത്താണെന്നും വ്യക്തമാക്കിയായിരുന്നു ആർ ഡി ഒ പരാതി തള്ളിയത്.

പാർട്ടി സ്വാധീനത്താൽ തന്നെ പഞ്ചായത്ത് ഭരണസമിതി കോളനിക്കാരുടെ റോഡ് തങ്ങളുടെ അധികാര പരിധിയിൽ വരുന്നതല്ലാതിരുന്നി (പഞ്ചായത്ത് അസറ്റിൽ)ട്ടും ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പിന്മാറുകയായിരുന്നു. പഞ്ചായത്ത് അസറ്റിൽ ഉൾപ്പെടുന്നതല്ലെന്ന് അജണ്ടവെച്ച് പഞ്ചായത്ത് പ്രമേയം പാസാക്കുകയും ചെയ്്തിട്ടും വീണ്ടും വീണ്ടും റോഡ് കൈയേറാനുള്ള ശ്രമങ്ങളാണ് എം എൽ എയുടെയും പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃത്വം നൽകിയവരുടെയും ഭാഗത്തുനിന്നുണ്ടാവുന്നത്. കോളനി നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രദേശത്ത് ആഴ്ചകളായി കോളനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിരോധ സമരങ്ങൾ നടന്നുവരികയാണ്.

പാർട്ടി സ്വാധീനം ഉപയോഗിച്ച് കോളനിയിലേക്കുള്ള വീതികൂടിയ വഴിയിലേക്കു തന്റെ ഭൂമിയിൽനിന്ന് ഏകപക്ഷീയമായി വഴിവെട്ടുകയും കോളനിക്കാരുടെ അനുമതിയില്ലാതെ നിർമ്മിച്ച ഈ വഴി കോളനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മതിൽകെട്ടി അടക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മതിൽ പൊളിച്ചുനീക്കാൻ കഴിഞ്ഞ മാസം അഞ്ചിന് ശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നതോടെയായിരുന്നു കോളനി നിവാസികൾക്കെതിരേ പഞ്ചായത്ത് സെക്രട്ടറി കള്ളക്കേസ് നൽകിയത്.

കേസ് എടുത്തവർ പലരും വീട്ടിൽ അസുഖമായി കഴിയുന്നവരും സ്ത്രീകളും ഒപ്പം സംഭവ സമയത്ത് ആ പരിസരത്തുപോലുമില്ലാത്തവുരമായിരുന്നുവെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചിരുന്നു. മുക്കം പൊലിസിനെ ഉപയോഗിച്ചാണ് കോളനി നിവാസികൾക്കെതിരേ അഞ്ചോളം ക്രിമിനൽ കേസുകൾ ചാർജ്ജ് ചെയ്തിരിക്കുന്നത്.

എം എൽ എയുയുടെ വ്യക്തിതാൽപര്യങ്ങളാണ് മതിൽ പൊളിക്കാനുള്ള ശ്രമത്തിന് പിന്നിലുള്ളതെന്ന് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ആസ്തി രജിസ്റ്ററിൽ ചേർത്തിട്ടില്ലാത്ത നടവഴി സ്വകാര്യവ്യക്തിക്കുവേണ്ടി പഞ്ചായത്തിന്റെ ചെലവിൽ റോഡാക്കി മാറ്റാനാണ് ശ്രമം. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ല. മതിൽ പൊളിക്കാൻ പൊലിസ് സഹായത്തോടെ എം എൽ എ ശ്രമിച്ചിട്ടും അത് വിജയിക്കാതിരുന്നത് സത്യം കോളനിക്കാർക്കൊപ്പമായതിനാലാണെന്നും സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിൽ ജനദ്രോഹപരമായ നടപടികൾ എം എൽ എ ലിന്റോ ജോസഫ് തുടരുന്നപക്ഷം ശക്തമായ പ്രതിരോധവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്ന് യു ഡി എഫ് കാരശേരി പഞ്ചായത്ത് കമ്മിറ്റി യോഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.