തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഡോ. ഷൈജുദാസ് ചുരുങ്ങിയ കാലം കൊണ്ട് കോളേജിലെ അധികാര സ്ഥാനം കൈ പിടിയിലൊതുക്കിയ അദ്ധ്യാപകനാണ്. 2012-ൽ ഫിസിക്‌സ് അദ്ധ്യാപകനായി കോളേജിൽ എത്തിയഡോ. ഷൈജു വന്ന് രണ്ട് വർഷത്തിനകം കോളേജിലെ മാനേജ്‌മെന്റ് പൊളിറ്റിക്‌സിൽ ഇടപെടുന്ന ആളായി മാറി. ഇതോടെ എൻ.സി.സി അടക്കം കോളേജിലെ പ്രധാന ചുമതലകളും വന്നു ചേർന്നു.കോൺഗ്രസ് പ്രവർത്തകനും അദ്ധ്യാപക സംഘടനാ നേതാവുമാണെങ്കിലും ചെറിയ സമയത്തിനുള്ളിൽ എസ് എഫ് ഐയേയും എ.ബി.വി.പിയേയും പോലും ഇദ്ദേഹം കയ്യിലെടുത്തു.

ഇതിനിടെ നാക് അക്രഡിറ്റേഷൻ കോളേജിന് കിട്ടിയതോടെ മാനേജ്‌മെന്റിൽ സമ്മർദ്ദം ശക്തമാക്കി ഡോ. ഷൈജു സീനിയറായ അദ്ധ്യാപകരെയും വെട്ടി പ്രിൻസിപ്പൽ പദവിയിലെത്തി. വെറും 11 വർഷത്തെ സർവീസ് കൊണ്ട് കോളേജിലെ പരമോന്നത പദവി കൈയടക്കി. നാക് അക്രഡിറ്റേഷൻ വന്നതോടെ പ്രിൻസിപ്പൽ പദവിയിൽ മാറ്റം വന്നു. ഡെസിഗ്‌നേഷൻഡ്രായിങ് ആൻഡ് ഡിസ്‌പേഴ്‌സിങ് ഓഫീസർ ആയി മാറി. ഇതോടെ വിദ്യാർത്ഥി സംഘടനകളുടെ താൽപര്യത്തിനനുസരിച്ച് ചലിക്കുന്ന പാവയായി ഡോ.ഷൈജു മാറി.കൂടാതെ അദ്ധ്യാപകരും ജീവനക്കാരും അടക്കം എല്ലാവർക്കിടയിലും പൊതു സ്വീകാര്യത ഉണ്ടാക്കി ഷൈജു മുന്നേറി.

ചുരുക്കം ചില വിമത ശബ്ദങ്ങൾ ഉണ്ടായെങ്കിലും മാനേജ്‌മെന്റിന്റെ സഹായത്തോടെ അവരെയും നിഷ്പ്രഭരാക്കി. ചുരുക്കി പറഞ്ഞാൽ ഡോ. ഷൈജുവിനെതിരെ ശബ്ദിക്കാൻ പോലും പലർക്കും പേടിയായി. ഇതിനിടെ എസ് എഫ് ഐ അടക്കമുള്ള സംഘടനകൾ തങ്ങളുടെ താൽപര്യം ഷൈജുവിനെ മുൻനിർത്തി തന്നെ നടപ്പാക്കി. തന്റെ സംഘടനാ പ്രവർത്തനവും കോൺഗ്രസ് ബന്ധവും മൂടിവെയ്ക്കാൻ വിദ്യാർത്ഥി സംഘടനകളുടെ താളത്തിനൊത്ത് ഷൈജു തുള്ളിയെന്നാണ് വിവരം.

അതേസയം, കാട്ടാക്കട ക്രിസ്ത്യാൻ കോളേജിലെ ആൾമാറാട്ട വിവാദത്തെ തുടർന്ന് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സർവകലാശാല യൂണിയൻ സെനറ്റ്, സ്റ്റുഡന്റ് കൗൺസിൽ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലിനെ വൈസ് ചാൻസലർ വിളിച്ചുവരുത്തി. മുഴുവൻ രേഖകളുമായി ഹാജരാൻ ആവശ്യപ്പെട്ടതിന് പുറമേ സർവകലാശാല അന്വേഷണവും തുടങ്ങി. പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സി എസ് ഐ മാനേജ്‌മെന്റും കടുത്ത സമ്മർദ്ദത്തിലാണ്. വിവാദ പശ്ചാത്തലത്തിൽ ഷൈജുവിന് സ്ഥാനചലനം ഉണ്ടാകുമെന്നാണ് ദക്ഷിണ കേരള മഹായിടവക നൽകുന്ന സൂചന.

വിഷയം ചർച്ച ചെയ്യാൻ 20ന് സിൻഡിക്കേറ്റ് യോഗം ചേരും. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് അധികൃതർ പറഞ്ഞു. സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവളം ഏരിയ സെക്രട്ടറിയാണ് വിഷയം അന്വേഷിക്കുന്നത്. വിവാദമായതോടെ പട്ടികയിൽ നിന്ന് എസ്എഫ്ഐ നേതാവിന്റെ പേര് കോളജ് അധികൃതർ പിൻവലിച്ച് പുതിയ പട്ടിക യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് കൈമാറി.

അതേസമയം, സിപിഎം-കോൺഗ്രസ് ഒത്തുകളിയാണെന്ന് ബിജെപി ആരോപിച്ചു. സിപിഐഎം ഉന്നത നേതൃത്വത്തിന്റെ ശുപാർശയിൽ നടന്ന ഈ നാടകത്തിന് ചുക്കാൻ പിടിച്ചത് കോൺഗ്രസ് നേതാക്കളാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.ഇടത് വലത് മുന്നണി കാലങ്ങളായി കേരളത്തിലാകെ നടത്തുന്ന പൊറാട്ട് നാടകത്തിന്റെ മറ്റൊരുപതിപ്പാണിത്. കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയായ കെപിസിടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ: ഷൈജു ജി.ജെ. പ്രിൻസിപ്പാൾ ആയിട്ടുള്ള കോളജിൽ എസ്എഫ്‌ഐക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനാക്കുവാൻ ആൾമാറാട്ടം നടത്തി യുയുസിയെ തന്നെ മാറ്റികൊടുത്തു.

ഇതേ പ്രിൻസിപ്പൽ കെപിസിടിഎ കേരള സെനറ്റ് സ്ഥാനാർത്ഥികൂടിയാണ്. യു.യു.സി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി രാജിവച്ചാൽ പോലും തോന്നിയ പോലെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഡോ.ഷൈജു വിഡി സതീശന്റെ അനുയായി ആണെന്നും എസ്എഫ്ഐക്ക് ആൾമാറാട്ടം നടത്താൻ ഈ പ്രിൻസിപ്പൽ നൽകിയ സഹായം പ്രതിപക്ഷ നേതാവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ എന്ന് അന്വേഷിക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരുടെ പോസ്റ്റ്:

കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസിൽ എസ്എഫ്ഐയെ സഹായിച്ച പ്രിൻസിപ്പൽ ഡോ. ഷൈജു കോൺഗ്രസ്സ് അദ്ധ്യാപക സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. ഇന്ദിരാ ഭവനിൽ നിത്യ സന്ദർശകനും വിഡി സതീശന്റെ അനുയായിയുമാണ് . എസ്എഫ്ഐക്ക് ആൾമാറാട്ടം നടത്താൻ ഈ പ്രിൻസിപ്പൽ നൽകിയ സഹായം പ്രതിപക്ഷ നേതാവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ എന്ന് അന്വേഷിക്കണം. എസ്എഫ്ഐക്ക് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആകുവാൻ പറ്റിയ ആളില്ലാത്തതു കൊണ്ട് സിപിഎം കോൺഗ്രസ്സ് നേതൃത്വങ്ങൾ ഒത്തുകളിച്ച് നടത്തിയ അഡ്ജസ്റ്റ്മെന്റാണ് കാട്ടാക്കടയിൽ നടന്നത്

കോളജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിന്നും യൂണിവേഴ്സിറ്റി കൗൺസിലറായി ജയിച്ച എസ്.എഫ്.ഐ പ്രതിനിധി അനഘയ്ക്ക് പകരം വിദ്യാർത്ഥി നേതാവായ വിശാഖിന്റെ പേരാണ് കോളജ് അധികൃതർ സർവകലാശാലയിലേക്ക് നൽകിയത്. അനഘ യൂണിയൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവച്ചതിനെ തുടർന്നാണ് വിശാഖിനെ നിർദ്ദേശിച്ചതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. മൽസരിക്കാത്ത വിശാഖിനെ പ്രതിനിധിയാക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് കെ.എസ്.യു അടക്കമുള്ളവർ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സർവകലാശാലയ്ക്ക് പരാതി നൽകി.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാനേതാവായ ആൺകുട്ടിയെയാണ് സർവകലാശാലാ യൂണിയനിലേക്ക് എത്തിക്കാൻ എസ്എഫ്ഐ ശ്രമിച്ചിരിക്കുന്നത്.

ഡിസംബർ 12-ന് നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിൽ നിന്ന് ജയിച്ച അനഘ എന്ന വിദ്യാർത്ഥിക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് സർവകലാശാലയിലേക്ക് നൽകിയ യുയുസിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമൽ എന്നിവരാണ് യുയുസികളായി ജയിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിട്ടില്ല.

വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം.

26-ന് ആണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുയുസികളിൽ നിന്നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.