ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഓഫീസ് നിർമ്മാണം തുടർന്നതിൽ ഹൈക്കോടതിയും അമർഷത്തിൽ. ഇന്ന് വീണ്ടും കേസ് പരിഗണിക്കും. 12 മണിക്ക് ഹാജരാകാൻ സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് കോടതിയുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസംയ

ഇന്ന് രാവിലെ 10 മണിയോടെ ശാന്തൻപാറ വില്ലേജ് ഓഫീസിൽ നിന്നും വീണ്ടും സ്റ്റോപ്പ് മെമോ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവച്ചിട്ടുള്ളത്. അതേസമയം നിർമ്മാണം അവസാന ഘട്ടത്തിലാണ് ഇപ്പോൾ. നിർമ്മാണം നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി വാർത്തകൾ പുറത്തുവന്നിട്ടും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. രാത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയത്തിൽ റവന്യൂവകുപ്പിന്റെ അടയന്തിര ഇടപെടൽ എന്നാണ് സൂചന.

ഇന്ന് രാവിലെയും പതിവ് പോലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് റവന്യുവകുപ്പ് സ്റ്റോപ്പ് മെമോ നൽകാൻ എത്തിയതെന്നാണ് അറിയുന്നത്. സിപിഎം ഉടുമ്പുൻചോല, ബൈസൻവാലി, ശാന്തൻപാറ ഓഫിസുകളുടെ നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്നലെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇടുക്കി ജില്ലാ കലക്ടർക്കാണ് കോടതി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത് മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് നിർദ്ദേശം. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ് സഹായം തേടാം.ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമ്മിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമ്മാണ ചട്ടം എന്നിവ ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് നേരത്തെ വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമോ നൽകിയിരുന്നു.

വിവരാവകാശ നിയമപ്രകാരം ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിക്കു ലഭിച്ച രേഖയിൽ, ഭൂപതിവ് ചട്ടം ലംഘിച്ച് റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) ഇല്ലാതെയാണ് 4 നിലയുള്ള കെട്ടിടം നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ പേരിലുള്ള 8 സെന്റ് വസ്തുവിലാണ് ശാന്തൻപാറയിലെ കെട്ടിടം നിർമ്മിക്കുന്നത്. ഇത് ഉൾപ്പെടെയുള്ള ഓഫിസുകളുടെ നിർമ്മാണം നിർത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഇന്നലെ നിർമ്മാണ പ്രവർത്തികൾ തുടർന്നത് ഉത്തരവ് കൈയിൽ കിട്ടാത്തതു കൊണ്ടാണെന്നാണ് വാദം. നിരോധന ഉത്തരവ് കയ്യിൽ കിട്ടിയിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു സിവി വർഗീസിന്റെ പ്രതികരണം. കോടതി ഉത്തരവോ പണി നിർത്തി വയ്ക്കാൻ കലക്ടറുടെ ഉത്തരവോ കയ്യിൽ കിട്ടിയിട്ടില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. ഭൂ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം നിർമ്മാണങ്ങൾ എല്ലാം സാധൂകരിക്കപ്പെടും. റോഡ് വികസനത്തിന് ഓഫീസ് പൊളിച്ചു കൊടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം എന്നും സി വി വർഗീസ് പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാലാണ് ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ പാർട്ടി ഓഫീസിന്റെ നിർമ്മാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.