തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി ഇസഡ് പ്ലസ് സുരക്ഷയിൽ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന സർക്കാരിന് കേന്ദ്ര ആഭ്യന്തര വകുപ്പ് കൈമാറി. ഇസഡ് പ്ലസ് സുരക്ഷ ഗവർണ്ണർക്ക് ഒരുക്കുമെന്ന് മാത്രമാണ് ഉള്ളത്. ഇസഡ് പ്ലസ് സുരക്ഷയുമായി ബന്ധപ്പെട്ട് സി ആർ പി എഫിനെ ഗവർണറുടെ സുരക്ഷയ്ക്ക് നിയോഗിക്കുന്നുവെന്നതിൽ അപ്പുറത്തേക്കൊന്നും ഉത്തരവിൽ ഇല്ല. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നുമില്ല.

എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഗവർണർക്കും രാജ്ഭവനും സിആർപിഎഫ് കമാൻഡോകളുടെ ഇസഡ് പ്ലസ്സുരക്ഷ നൽകാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാൽ അക്കാര്യം ഉത്തരവിൽ വിശദീകരിക്കുന്നില്ല. എസ്‌പിജി സുരക്ഷയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷ പരിരക്ഷയാണ് ദ പ്ലസ്. മുൻ പ്രധാനമന്ത്രിമാർ മുഖ്യമന്ത്രിമാർ ഉന്നത രാഷ്ട്രീയക്കാർക്ക് എന്നിവർക്ക് ഇസഡ് പ്ലസ് സുരക്ഷ നൽകാറുണ്ട്. ഏതെങ്കിലും തരത്തിൽ ജീവന് ഭീഷണി നേരിടുന്നവർക്കാണ് ഇസഡ് പ്ലസ് സുരക്ഷ കൂടുതലായി നൽകുക.

പ്രധാന രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, ബിസിനസുകാർ, കമ്പനികളിലെ എക്സിക്യൂട്ടീവുകൾ എന്നിവർക്കും ഇത്തരത്തിൽ സുരക്ഷ നൽകാറുണ്ട്. സുരക്ഷയുടെ ഭാഗമായി സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. യാത്രകൾ ചെയ്യുന്നതിന് മുൻപ് യാത്രാ സംബന്ധമായ മുഴുവൻ വിവരങ്ങളിൽ ഉദ്യോഗസ്ഥരെ അറിയിക്കണം. 55 സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്ന സായുധ സംഘമാണ് ഇസഡ് പ്ലസ്.

റാ്പിഡ് ആക്ഷൻ ഫോഴസും മഹിളാ ബറ്റാലിയണും കോബ്രയും വിഐപി സെക്യൂരിറ്റി യൂണിറ്റുമാണ് സി ആർ പി എഫിന് കീഴിലെ പ്രത്യേക വിഭാഗങ്ങൾ. ഇതിൽ വിഐപി വിഭാഗം ബംഗ്ലൂരുവിലാണ്. ജി 20 ഉച്ചകോടിക്ക് എത്തിയ ലോക നേതാക്കൾക്ക് സംരക്ഷണമൊരുക്കിയതും ഇവരാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇവരുടെ വലയത്തിലാണ് നീങ്ങുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു വ്യക്തിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കിട്ടുന്നത്. അത്യാധുനിക പരിശീലനം നേടിയവരാണ് ഈ സുരക്ഷാ സംഘത്തിലുള്ളത്. ബംഗ്ലൂരുവിലെ സംഘം ഉടൻ രാജ്ഭവനിൽ എത്തും.

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാണ് ഇസഡ് പ്ലസ് വിഭാഗത്തിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സുരക്ഷ നൽകേണ്ട വ്യക്തിക്കൊപ്പം മുഴുവൻ സമയമുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ, കവചിത വാഹനങ്ങൾ, വീഡിയോ നിരീക്ഷണം, പരിശോധനകൾ നടത്താനുള്ള ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. കമാൻഡോകൾ സായുധ പരിശീലനവും ആയോധന കലകളിൽ വിദഗ്ധ പരിശീലനം നേടിയവരുമാണ്.

സുരക്ഷ നൽകേണ്ട വ്യക്തിയുടെ പദവി - സ്ഥാനമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സുരക്ഷ നൽകുന്നവരുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. ഇസഡ് പ്ലസ് സുരക്ഷയിലുള്ളവർക്ക് വസതികളിൽ നിന്ന് ഒറ്റയ്ക്ക് പുറത്തിറങ്ങാൻ അനുവാദമില്ല. ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ വ്യക്തിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസേന നൽകുമെങ്കിലും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്ഭവന്റെ സുരക്ഷ സി.ആർ.പി.എഫിന് ഏറ്റെടുക്കാനാകില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. അതിനിടെ ഇതിലെ സാങ്കേതിക വശങ്ങൾ രാജ്ഭവനും പരിശോധിക്കും. രാജ്ഭവനിലെ നീക്കങ്ങൾ ചോർത്താനാണ് പൊലീസ് സുരക്ഷ തുടരാനുള്ള നീക്കമെന്ന വിലയിരുത്തൽ രാജ്ഭവനിലെ ചില കേന്ദ്രങ്ങൾക്കുണ്ട്. ഏതായാലും പൂർണ്ണമായും പൊലീസിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഗവർണ്ണറുടെ ഓഫീസിനും അറിയാം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുക ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘമാകും. 41 പേർ ഒരു സമയം ഗവർണർക്കൊപ്പം ഡ്യൂട്ടിക്കുണ്ടാകും. ഗവർണർ രാജ്യത്തെവിടെപ്പോയാലും സെഡ് പ്ലസ് സുരക്ഷയൊരുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കേരളത്തിന് വിശദ ഉത്തരവ് ഉടൻ കൈമാറും. 30ന് സിആർപിഎഫിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം രാജ്ഭവനിൽ ചേരും.

ഇതിനു ശേഷമാകും സുരക്ഷയുടെ രീതി നിശ്ചയിക്കുക. വിഐപി സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ച സിആർപിഎഫ് ഡിവിഷൻ ദക്ഷിണേന്ത്യയ്ക്കായി ബെംഗളൂരുവിലാണുള്ളത്. സിആർപിഎഫ് സേനാംഗങ്ങൾക്ക് ബാരക്കും മെസ്സും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ രാജ്ഭവന് നിർദ്ദേശം നൽകി.