തിരുവനന്തപുരം: ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ നവീകരണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പ്രതിപക്ഷപക്ഷസംഘടനകളുടെ എതിര്‍പ്പിനിടയിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്‌കൂള്‍ ഏകീകരണവുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വേര്‍തിരിവില്ലാതെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റയൂണിറ്റാക്കി മാറ്റാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നു.

സ്‌കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നല്‍കിയിരുന്നെങ്കിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ലഭിച്ചത് ബുധനാഴ്ച രാവിലെയായിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയംവേണമെന്ന ആവശ്യമുയര്‍ന്നതിനാല്‍ ഏകീകരണത്തിലെ ചര്‍ച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്കു മാറ്റി. സ്‌കൂള്‍ സമയമാറ്റം ഖാദര്‍കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിവാദഭാഗം ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

ഒന്‍പതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഉള്‍പ്പെടുത്തിയുള്ള സെക്കന്‍ഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടന. ഈ ഘടനയിലേക്ക് കേരളം ഇതുവരെ മാറിയിട്ടില്ല. എട്ടുമുതല്‍ പത്തുവരെ ഹൈസ്‌കൂളും തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറിയുമെന്ന നിലയിലാണ് സംസ്ഥാനത്തെ ഘടന. എട്ടുമുതല്‍ പ്ലസ് ടു വരെ ഒറ്റ യൂണിറ്റായി മാറുന്നതോടെ ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ ഹൈസ്‌കൂളിലും പഠിപ്പിക്കേണ്ടി വരും.

ഇതു തസ്തിക വെട്ടിച്ചുരുക്കാനാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആക്ഷേപം.രാവിലെ എട്ടിനോ എട്ടരയ്‌ക്കോ സ്‌കൂള്‍ തുടങ്ങാമെന്ന ശുപാര്‍ശയ്‌ക്കെതിരേ സമുദായസംഘടനകള്‍ രംഗത്തുവന്നിരുന്നു. മദ്രസാപഠനത്തെ ബാധിക്കുമെന്നാണ് ഉയര്‍ന്നിട്ടുള്ള ആശങ്ക.

വിദ്യാഭ്യാസത്തിന്റെ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ അധ്യാപകരെ സജ്ജമാക്കുക എന്നതു പ്രധാനമാണെന്ന് ഖാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആധുനിക സാങ്കേതികവിദ്യ വിവേകത്തോടെ ഫലപ്രദമായി പഠനബോധനപ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തില്‍ അധ്യാപകര്‍ പ്രാപ്തരാവണം. ഇതിനായി അധ്യാപകയോഗ്യതയിലും പരിശീലനത്തിലുമൊക്കെ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.

ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ളതും അതിനുശേഷമുള്ളതുമായ അധ്യാപകപരിശീലനം സമഗ്രമാറ്റത്തിന് വിധേയമാകണം. ഒരു ഡോക്ടറോ എന്‍ജിനിയറോ അതതു മേഖലയില്‍ അഭിരുചിയോടെയും സവിശേഷ വിദ്യാഭ്യാസത്തിലൂടെയും വാര്‍ത്തെടുക്കപ്പെടുന്ന രീതി അധ്യാപകര്‍ക്കും നിര്‍ബന്ധമാക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. ഇതിനായി ബിരുദവും ബിരുദാനന്തര ബിരുദവുമടക്കമുള്ള യോഗ്യതകള്‍ അടിസ്ഥാനമാക്കിയും അധ്യാപകവിദ്യാഭ്യാസം ഉള്‍പ്പെടുത്തിയുമുള്ള പഞ്ചവത്സര സംയോജിത കോഴ്സുകള്‍ വേണമെന്നാണ് ഖാര്‍ കമ്മറ്റിയുടെ ശുപാര്‍ശ.

ലോവര്‍ പ്രൈമറിക്ക് ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കണമെന്ന് ഒന്നാം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആറ്, ഏഴ് ക്ലാസുകള്‍ക്ക് എന്‍.സി.ടി.ഇ. നിബന്ധനയനുസരിച്ചുള്ള അധ്യാപകയോഗ്യതയും എട്ടുമുതല്‍ 12വരെ ബിരുദാനന്തരബിരുദവും അതതു വിഷയങ്ങളില്‍ വിദ്യാഭ്യാസബിരുദവും വേണമെന്നാണ് ശുപാര്‍ശ. ഇപ്പോഴത്തെ കോഴ്സുകള്‍ക്കുപകരം, അധ്യയനത്തിനുള്ള അഭിരുചിക്ക് ഊന്നല്‍ നല്‍കി അധ്യാപക കോഴ്സുകള്‍ സംയോജിപ്പിച്ചുള്ള സവിശേഷബിരുദം അധ്യാപകര്‍ നിര്‍ബന്ധമായും നേടിയിരിക്കണം. എന്നാല്‍, പ്രൈമറിതലത്തിലും മറ്റും ഇപ്പോഴുള്ള രണ്ടു കോഴ്സുകളിലും സമൂലമായ മാറ്റം നിര്‍ദേശിക്കുന്ന ഈ പരിഷ്‌കാരം നടപ്പാക്കുന്നത് എളുപ്പമല്ലെന്നതാണ് വെല്ലുവിളി.