ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ അതിന് കാരണക്കാരിലൊരാൾ കോഴിക്കോട് കൊടുവള്ളിക്കാരനായ ഒരു മലയാളിയാണെന്നാണ് പൊതുവെ പറയാറുള്ളത്. അദ്ദേഹമാണ് പുരാവസ്തു ഗവേഷകനും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ റീജിനൽ ഡയറക്ടുറമായ കെ കെ മുഹമ്മദ്.

അയോധ്യ വിധിക്കിടയാക്കിയ ഏറ്റവും സുപ്രധാന മൊഴി സുപ്രീം കോടതിയിൽ നിൽകിയത് കെ കെ മുഹമ്മദാണ്. ബാബറി മസ്ജിദ് പണ്ട് ഒരു മഹാക്ഷേത്രമായിരുന്നു എന്നാണ് അവിടെ നടത്തിയ പഠന സംഘത്തിലെ അംഗമായ മുഹമ്മദ് പറയുന്നത്. എന്നാൽ ഇടതുചരിത്രകാരന്മാർ ചരിത്രം വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഇർഫാൻഹബീബും, റൊമീലാ ഥാപ്പറും അടക്കമുള്ള ഇടത് ചരിത്രകാരന്മാരുടെ ഇരട്ടത്താപ്പാണ് വിഷയം വഷളാക്കിയത് എന്നും അദ്ദേഹം പറയുന്നു. കെ കെ മുഹമ്മദിൻെ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.

അത് ഒരു മഹാക്ഷേത്രം തന്നെ

അഭിമുഖത്തിൽ കെ കെ മുഹമ്മദ് ഇങ്ങനെ പറയുന്നു. ''1976-77ലാണ് ബാബറി മസ്ജിദിൽ ആദ്യമായി എസ്‌കവേഷൻ നടത്തിയത്. ഡോ ബി ബി ലാലിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഞാൻ പങ്കാളിയായിരുന്നു. അന്ന് ബാബറി മസ്ജിദിലേക്ക് മറ്റുള്ളവർക്ക് പ്രവേശമില്ല. റിസർച്ചേഴ്സ് ആയതുകൊണ്ട് ഞങ്ങൾക്ക് പ്രവേശം ഉണ്ടായി. അതിൽ 12 തൂണുകൾ ഉണ്ടായിരുന്നു. അത് ക്ഷേത്രത്തിന്റെ തൂണുകൾ ആയിരുന്നു. അതിനുശേഷവും പിന്നീട് എസ്‌കവേഷൻ നടക്കുമ്പോൾ, ഈ തൂണുകൾ നിൽക്കാനുള്ള ബ്രിക്ക് ബേസുകൾ ധാരാളം കിട്ടുകയുണ്ടായി. പക്ഷേ ഇതൊരു വിവാദമാക്കണന്നെ് ബി ബി ലാലോ ആരു ആഗ്രഹിച്ചിരുന്നില്ല. അന്ന് ഇത് ഒരു വിവാദ വിഷയം ആയിരുന്നില്ല. പക്ഷേ ഇത് വിവാദമാക്കിയത്, കമ്യൂണിസ്റ്റ ചരിത്രകാരന്മാർ ആണ്. പ്രെഫ. ഇർഫാൻഹബീബും, റോമിലാ ഥാപ്പറുമൊക്കെ അതിൽ പെട്ടിട്ടുണ്ട്. അതിന് മറുപടിയായിട്ടാണ് പ്രൊഫ. ബിബി ലാൽ പ്രതികരിച്ചത്. 'അല്ല ഞങ്ങൾക്ക് വേറെയും ധാരാളം തെളിവുകൾ കിട്ടിയിട്ടുണ്ട്' എന്നത്.

അന്ന് ഞാൻ തമിഴ്‌നാട്ടിലാണ്. ഫോർട്ട് സെന്റ് ജോർജിൽ ആർക്കിയോളജിക്കൽ സർവേയിൽ ടെക്ക്നിക്കൽ സൂപ്രണ്ടായി ജോലിചെയ്യുകയാണ്. ഞാൻ പ്രസ്താവന കൊടുത്തു. -'' എസ്‌കവേഷനിൽ പങ്കെടുത്ത ഒരേ ഒരു മുസ്ലിം ഞാനാണ്. ഞാൻ ഈ തെളിവുകൾ കണ്ടിട്ടുണ്ട്. 12 തൂണുകൾ കണ്ടുവെന്നും മറ്റ് മെറ്റീരിയലുകൾ ഉണ്ടായിരുന്നെന്നും.'' - കെ കെ മുഹമ്മദ് പറയുന്നു.

ഇത് മക്കയോ മദീനയോ അല്ലല്ലോ

മുഹമ്മദ് തുടരുന്നു. -''അപ്പോൾ ഒരു വാദം വന്നു. ഒരുപക്ഷം പറയുന്നു, തെളിവുകൾ ഉണ്ട് എന്ന്. മറുപക്ഷം പറയുന്നു തെളിവുകൾ ഇല്ല എന്ന്. അങ്ങനെയാവുമ്പോൾ മറ്റൊരു എസ്‌കവേഷൻ നടത്തിക്കൂടാ എന്ന ചോദ്യം വന്നു. അതിന്റെ അടിസ്ഥാനത്തിലാണ്, 2003യിൽ വ്യാപകമായി എസ്‌കവേഷൻ നടത്തി. അങ്ങനെയാണ് 50 തൂണുകൾ കിട്ടിയത്. ഞങ്ങൾക്ക് 12 തൂണുകൾ മാത്രമാണ് കിട്ടിയത്. അതിനത്ഥം അതൊരു മഹാക്ഷേത്രം ആയിരുന്നുവെന്നാണ്. ക്ഷേത്രത്തിൽ എപ്പോഴും ഏറ്റവും മുകളിലായ അമൽഗ എന്ന പറയുന്ന ഒരു കല്ലുണ്ടായിരിക്കും. അത് നെല്ലിക്കപോലെ ആയിരിക്കും. ഈ കല്ല് ബാബറി മസ്ജിദിന്റെ അടിയിൽനിന്ന് കിട്ടുകയുണ്ടായി. ഇത് സാധാരണ ഏതെങ്കിലും ഒരു വാസസ്ഥലത്ത്നിന്ന് കിട്ടില്ല. ക്ഷേത്രമുള്ള സ്ഥലത്തുമാത്രമേ കിട്ടുകയുള്ളു.

ഇത് ഒന്നുകിൽ പൊളിഞ്ഞ് കിടന്നിരുന്ന ക്ഷേത്രമായിരിക്കും. ബാബർ വരുന്നതിന് മുമ്പേ പൊളിഞ്ഞിരിക്കണം. അല്ലെങ്കിൽ അദ്ദേഹം പൊളിച്ചിരിക്കാം. ഇത് രണ്ടും സംഭവിക്കാം. അക്കാലത്ത്, ആരാധനാലയങ്ങളെ കീഴടക്കുന്ന എന്നത് വിജയത്തിന്റെ ഒരു ഭാഗമായിട്ടാണ് അവർ ആഘോഷിക്കാറുള്ളത്. ആ നിലക്ക് ചെയ്തതാണ്. പക്ഷേ എങ്ങനെ ആണെങ്കിലും ഇത് സംഭവിച്ചു.

അതിനുശേഷമാണ് ഈ പ്രണാളി കിട്ടുന്നത്. വിഗ്രഹത്തെ കുളിപ്പിക്കുമ്പോൾ അഭിഷേക ജലം പുറത്തേക്ക് ഒഴുകുന്ന ഭാഗമാണിത്. മുതലയുടെ മുഖമുള്ള മകര പ്രണാളിയാണ് കിട്ടിയത്. ഒരു പള്ളിയാണെങ്കിൽ ഒരിക്കലും മകര പ്രണാളി ഉണ്ടാവില്ല. ഇതൊക്കെ ബാബറി മസ്ജിദിന്റെ നേരെ അടിയിൽനിന്നാണ് കിട്ടുന്നത്. മൺകട്ടകൾ കൊണ്ട് ഉണ്ടാക്കിയ 263 ബിംബങ്ങൾ കിട്ടുകയുണ്ടായി. ഒരു പള്ളിയാണെങ്കിൽ ഒരിക്കലും ബിംബങ്ങൾ കിട്ടുകയില്ല. കാരണം, ബിംബാരാധന മുസ്ലിം പള്ളിയിൽ പാടില്ല. അതിനുശേഷമാണ് വിഷ്ണുഹരി ശിലാഫലകം എന്ന 20 ലൈനുള്ള ഇൻസ്‌ക്രിപ്ഷൻസ് കിട്ടുന്നത്. അതിൽ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, ഇത് വിഷ്ണുവിന് ഉണ്ടാക്കിയ ക്ഷേത്രമാണ് എന്ന്. ഇത്രയും തെളിവുകൾ ഉണ്ട്.

മക്കയും മദീനയും ഒരു മുസ്ലീമിന് എത്ര പ്രധാനപ്പെട്ട സ്ഥലമാണോ അതുപോലെയാണ് ഒരു ഹിന്ദുവിന് അയോധ്യയും. അവന്റെ വികാരമാണ്. മറിച്ച് ഒരു മുസ്ലീമിന് ഇത് ഒന്നുമല്ല. പ്രവാചകൻ മുഹമ്മദുമായോ, അദ്ദേഹത്തിന്റെ അനുചരന്മാരുമായോ യാതൊരു ബന്ധവുമില്ല. ഔലിയാക്കളുമായി ബന്ധമില്ല. ഒരു രാജാവുമായുള്ള ബന്ധം മാത്രം. അതിന് എന്തിന് ഇങ്ങനെ ബലം പിടിക്കണം. മുസ്ലീങ്ങൾക്ക് അല്ലാതെ തന്നെ ഒരുപാട് പ്രശ്നമുണ്ട്. ഉത്തരേന്ത്യയിൽ അവർ വളരെ പിറകിലാണ്. ദലിതർക്ക് തുല്യമായേ കണക്കാൻ കഴിയൂ. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടാതെ കിടക്കുന്നത് ഈ അയോധ്യാ പ്രശ്നം ഉള്ളതുകൊണ്ടാണ്. ഇത് അങ്ങ് മാറ്റിക്കഴിഞ്ഞാൽ,ഒരു പുതിയ സംസ്‌ക്കാരം തന്നെ നമുക്ക് സൃഷ്ടിക്കാൻ കഴിയും. മുസ്ലീങ്ങളും- ഹിന്ദുക്കളും തമ്മിലുള്ള ബന്ധങ്ങളിൽ തന്നെ ഒരു പുതിയ മാറ്റം സൃഷ്ടിക്കാൻ കഴിയും.''- കെ കെ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

പക്ഷേ സുപ്രീം കോടതിയിൽ ഇങ്ങനെ മൊഴികൊടുക്കുകയും, മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുകയും ചെയ്തതിന്റെ പേരിൽ സംഘിയായി അദ്ദേഹം ചാപ്പയടിക്കപ്പെട്ടു. ആർക്കിയോളജിക്കൽ മേഖലയിലെ പ്രവർത്തന മികവിന് രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ചപ്പോഴും അത് സംഘപരിവാർ ബന്ധം കൊണ്ട് കിട്ടിയതാണ് എന്നാണ് ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിച്ചത്. പക്ഷേ താൻ സത്യത്തിന്റെ ഭാഗത്താണ് നിന്നത് എന്നും, താൻ കണ്ട യാഥാർത്ഥ്യം പറയുക മാത്രമാണ് ഉണ്ടായതെന്നുമാണ് കെ കെ മുഹമ്മദ് പറയുന്നത്.