പത്തനംതിട്ട: താലൂക്ക് ഓഫീസിൽ നിന്നുള്ള ജീവനക്കാർ ഒന്നടങ്കം ടൂർ പോയ സംഭവം വിവാദമാക്കാൻ ജനീഷ്‌കുമാർ എംഎൽഎ നാടകം കളിച്ചുവെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഭിന്നശേഷിക്കാരനെയടക്കം ഇറക്കി ചാനലുകളെയും കൂട്ടി ജനീഷ് സെറ്റിട്ട് നടപ്പാക്കിയതാണ് നാടകമെന്നും ആരോപണം ഉയർന്നിരുന്നു. പ്രശ്‌നം സിപിഎം സിപിഐ പോരായി മാറിയിരിക്കുകയാണ്. എംഎൽഎ ലാക്കാക്കി പഴയ ആരോപണങ്ങളും ചൂടുപിടിച്ചു. കെ.യു.ജനീഷ് കുമാർ കഴിഞ്ഞ നവംബറിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ വീണ്ടും ചർച്ചയായത്.

കോന്നിയിലെ ശാന്തി തിയേറ്ററിന് വഴി വിട്ട് വൈദ്യുതിശേഷി കൂട്ടിക്കൊടുക്കാൻ കെയു ജനീഷ് കുമാർ എംഎൽഎ ഇടപെട്ടതിന്റെ രേഖ മറുനാടൻ മലയാളി 2022 നവംബർ 27 ന് പുറത്ത് വന്നിരുന്നു. ശാന്തി തീയറ്ററിന് ശേഷി കൂട്ടാൻ 100 കിലോവാൾട്ട് ആമ്പിയർ (കെവിഎ) ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ കെഎസ്ഇബി 5.15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കൊടുത്തു. പണം അടയ്ക്കാത്തതിനാൽ സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഈ സമയം എംഎൽഎ ഇടപെട്ട് കൗശൽ കേന്ദ്രത്തിനും ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുമായി 100 കിലോവാട്ട് ട്രാൻസ്‌ഫോർമർ അടുത്തു തന്നെ സ്ഥാപിക്കുകയും ഇതിൽ നിന്ന് കണക്ഷൻ തീയറ്ററിന് കൊടുക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. കണക്ഷൻ കൊടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥരോട് തന്നെ അങ്ങോട്ട് വരുത്തരുതെന്നാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്. നിയമം വിട്ട് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് തന്നെ കൊണ്ട് ചെയ്യിക്കാൻ എനിക്ക് അറിയാമെന്നായിരുന്നു ജനീഷ് കുമാറിന്റെ ഭീഷണി. തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രത്യേക അനുമതി വാങ്ങി പിന്നീട് കണക്ഷൻ നൽകുകയായിരുന്നു.

സംഭവം ഇങ്ങനെ:

2021 എപ്രിൽ 20 ന് കോന്നി ശാന്തി തീയറ്റർ ഉടമ രാജേഷ് നായർ വൈദ്യുതി ശേഷി ഒമ്പത് കിലോവാട്ടിൽ നിന്ന് 79 കിലോവാട്ടിലേക്ക് കൂട്ടുന്നതിനായി കോന്നി കെഎസ്ഇബിയിൽ അപേക്ഷ നലകുന്നു. അന്നു തന്നെ അസിസ്റ്റന്റ് എൻജിനീയർ എസ്റ്റിമേറ്റ് എടുത്തു. 100 കിലോവാൾട്ട് ആമ്പിയറിന്റെ (കെവിഎ) ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് 30 മീറ്റർ ദൂരത്തിൽ ഏരിയൽ ബഞ്ച് കേബിൾ വലിക്കണം. ഇതിന് ലേബർ ചാർജ് അടക്കം 5,15,362 രൂപയുടെ എസ്റ്റിമേറ്റ് നൽകി. പക്ഷേ ഉടമ പണം അടച്ചില്ല.

ഓഗസ്റ്റ് എട്ടിന് ജനീഷ്‌കുമാർ എംഎൽഎ കോന്നി കെഎസ്ഇബിയിൽ ഒരു എസ്്റ്റിമേറ്റ് ആവശ്യപ്പെടുന്നു. എലിയറയ്ക്കൽ ജങ്ഷനിൽ 100 കെവിഎ ശേഷിയുള്ള ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം. ഇവിടെ തുടങ്ങാൻ പോകുന്ന കൗശൽകേന്ദ്രയ്ക്കും വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനും വേണ്ടിയാണിതെന്നും സൂചിപ്പിച്ചിരുന്നു. അന്ന് തന്നെ എ.ഇ എസ്റ്റിമേറ്റ് തയാറാക്കി പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ചു. എസ്റ്റിമേറ്റ് തുക-5,20,238.

സെപ്റ്റംബർ 22 ന് പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.കോന്നി എലിയറയ്ക്കൽ ജങ്ഷനിൽ 100 കെവി ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 5,20238 രൂപ അനുവദിക്കണമെന്ന് കാട്ടി ഒക്ടോബർ 10 ന് എംഎൽഎ ജില്ലാ കലക്ടർക്ക് കത്തു നൽകി.

ഒക്ടോബർ 16 ന് ജില്ലാ കലക്ടർ പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് തയാറാക്കാനും നിർദ്ദേശിച്ച് കത്തു നൽകി.

ഒക്ടോബർ 20 ന് പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഡിമാൻഡ് നോട്ട് ജില്ലാ കലക്ടർക്ക് നൽകി.

26 ന് ജില്ലാ കലക്ടർ മേൽപ്പറഞ്ഞ തുകയ്ക്ക് ഭരണാനുമതി നൽകി. നവംബർ 25 ന് തുക ജില്ലാ കലക്ടർ കെഎസ്ഇബിയിൽ ഒടുക്കി

2022 ജൂൺ 16 ന് ഈ ട്രാൻസ്‌ഫോർമറിൽ നിന്ന് എസ് സിനിമാസിന് കണക്ഷൻ നൽകാൻ എംഎൽഎ നിർദ്ദേശിച്ചു. ഓഗസ്റ്റ് 19 ന് സാധാരണ ജനങ്ങൾക്ക് കെഎസ്ഇബി സർവീസ് കണക്ഷൻ നൽകുന്നില്ലെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. ഓഗസ്റ്റ് 22 ന് കോന്നി എഇ ഈ ട്രാൻസ്‌ഫോർമറിന്റെ ശേഷി 100 കെവിഎയിൽ നിന്ന് 167 കെവിഎ ആക്കി ഉയർത്താനുള്ള ശുപാർശ നൽകി. ഇതിനായി എസ് സിനിമാസ് 2,24045 രൂപ അടയ്ക്കണം.

സെപ്റ്റംബർ ഒന്നിന് എംഎൽഎയുടെ സബ്മിഷന് മറുപടിയായി ഇക്കാര്യത്തിൽ കലക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് വേണമെന്ന് അറിയിച്ചു. രണ്ടിന് പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കോന്നി എഇയുടെ ശുപാർശ നിരസിച്ചു. മൂന്നിന് കോന്നി എഇ ചട്ടപ്പടി 4,90,227 രൂപ അടച്ചാൽ എസ് സിനിമാസിന് ഈ ട്രാൻസ്‌ഫോർമറിൽ നിന്ന് കണക്ഷൻ നൽകാമെന്ന് അറിയിച്ചു.

ഈ വിഷയത്തിലാണ് എംഎൽഎ ഭീഷണി മുഴക്കിയത്. ഇക്കാര്യത്തിൽ കലക്ടർക്ക് മേൽ എംഎൽഎ സ്വാധീനം ചെലുത്താനും ശ്രമിച്ചുവെന്നാണ് വിവരം. അതിന് കഴിയാതെ വന്നപ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെ ഫോണിലൂടെ വിരട്ടിയത്. തന്നെ അങ്ങോട്ട് വരുത്തരുത് എന്നായിരുന്നു ഭീഷണി. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണമാണ് കൂട്ട അവധി വിഷയം വിവാദമായതോടെ വീണ്ടും പൊന്തി വന്നത്.