കോഴിക്കോട്: പാർട്ടി രണ്ടാമതും അധികാരത്തിൽ ഏറിയത് മുതൽ സി പി എമ്മിനെക്കുറിച്ചും പോഷക സംഘടനാ നേതാക്കളെക്കുറിച്ചുമെല്ലാം വരുന്നതിൽ പലതും അത്ര സുഖകരമല്ലാത്ത വാർത്തകളാണ്. അതിനിടെയാണ് സി പി എമ്മിന്റെ യുവജന വിഭാഗമായ ഡി വൈ എഫ് ഐ നടത്തുന്ന മഹത്തായ ഒരു കാരുണ്യഹസ്തം ഏവർക്കും അനുഗ്രഹമാവുന്നത്. ഒരു വർഷത്തിൽ അധികമായി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽകോളജിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കുമായി വിതരണം ചെയ്യുന്നത് നാലായിരം പൊതിച്ചോറ്. 2021 ഓഗസ്റ്റ് ഒന്നിനാണ് പൊതിച്ചോറ് വിതരണം ആരംഭിച്ചത്. ഇതുവരെ ഒരു ദിവസംപോലും മുടങ്ങാതെ കൊടുക്കാൻ സാധിക്കുന്നുണ്ടെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

ജില്ലയിലെ മേഖലാ കമ്മിറ്റികൾക്ക് കീഴിലെ യൂണിറ്റ് കമ്മിറ്റികളാണ് ഇതിന്റെ വിതരണം സാധ്യമാക്കുന്നത്. ജില്ലയിൽ ഇരുനൂറിൽ അധികം യൂണിറ്റ് കമ്മിറ്റികൾ സംഘടനക്ക് ഉള്ളതിനാൽ വർഷത്തിൽ രണ്ടു തവണപോലും ഒരു കമ്മിറ്റിക്ക് ഇതിന്റെ ബാധ്യതവരില്ലെന്നതാണ് ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതിന്റെ രഹസ്യം. 200 ദിവസത്തിൽ അധികം കൂടുമ്പോഴാണ് ഒരിക്കൽ നൽകിയ കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലേക്കു പൊതിച്ചോറ് ശേഖരണവും മെഡിക്കൽ കോളജിലേക്കു എത്തിക്കലും ഉൾപ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്വം എത്തുക. യൂണിറ്റിന് കീഴിലെ വീടുകളിൽനിന്നാണ് ഭക്ഷണം ശേഖരിക്കുന്നത്. ഒരു വീട്ടിൽനിന്ന് രണ്ടോ മൂന്നോ പൊതിച്ചോറാണ് ആവശ്യപ്പെടാറ്. ചിലർ നാലും അഞ്ചുമെല്ലാം നൽകുമെന്നും ഇതിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. മേഖലാ കമ്മിറ്റികൾക്ക് കീഴിൽ പത്തു മുതൽ 15വരെ യൂണിറ്റ് കമ്മിറ്റികളാണ് ജില്ലയിലുള്ളത്. സാധാരണയായി 10 മുതൽ 250 വരെ വീടുകളിൽനിന്നായാണ് ശേഖരണം.

കോഴിക്കോട് കോർപറേഷൻ പരിധിക്കുപുറമേ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, ഫറോക്ക്, കുന്ദമംഗലം തുടങ്ങിയ ജില്ലയുടെ മുഴുവൻ ബാഗങ്ങളിൽനിന്നുമുള്ള കമ്മിറ്റികൾ സഹകരിച്ചാണ് ഈ മഹത്തായ സംരംഭം വൻവിജയമായി തുടരുന്നത്. കുറ്റ്യാടി, താമരശേരി തുടങ്ങിയ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള കമ്മിറ്റികൾ പുലർച്ചെ നാലു മണി മുതൽ വീടുകളിൽനിന്ന് പൊതിച്ചോറ് ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കോഴിക്കോട് കോവൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള മാക്കണംഞ്ചേരിത്താഴം ബ്രാഞ്ച് സെക്രട്ടറിയും മെഡിക്കൽകോളജിലെ പൊതിച്ചോറ് വിതരണത്തിന് നേതൃത്വം നൽകുന്ന ഇ എം എസ് മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡിക്കൽകോളജിലെ മുഖ്യ പ്രവർത്തകനുമായ ഉണ്ണി കോവൂർ വ്യക്തമാക്കി.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായി പൊതിച്ചോറ് വിതരണം മാറിയിട്ടുണ്ട്. രാവിലെ 12 മുതൽ തീരുന്നതുവരെയാണ് വിതരണം. അധികവും രണ്ടു മണിയാവുമ്പോഴേക്കും വിതരണം അവസാനിക്കാറുണ്ട്. ആശുപത്രിയിൽ അഡ്‌മിറ്റായതുമായി ബന്ധപ്പെട്ട് നൽകുന്ന പാസ് മാനദണ്ഡമാക്കിയാണ് രോഗിക്കും കൂട്ടിരിപ്പുകാർക്കും രണ്ടുവീതം പൊതിച്ചോറ് നൽകുന്നത്. ചില കേസുകളിൽ അത്യാഹിതവിഭാത്തിലും മറ്റുമുള്ള രോഗികളാവുമ്പോൾ കൂടുതൽ കൂട്ടിരിപ്പുകാർ ഉണ്ടാവുന്ന സംഭവങ്ങളിൽ നാലു പൊതിവരെ നൽകുന്നുണ്ട്. അതോടൊപ്പം ഭക്ഷണം ആവശ്യപ്പെട്ട് കൗണ്ടറിനെ സമീപിക്കുന്ന ഏതൊരാൾക്കും ഒരു പൊതിവീതവും വിതരണം ചെയ്യുന്നുണ്ട്.

മെഡിക്കൽകോളജിന് ചുറ്റും ധാരാളം തീൻകടകൾ ഉണ്ടെങ്കിലും ആ കടകളിലെല്ലാം നൽകുന്ന ഭക്ഷണം കുറ്റമറ്റതാണെന്ന് ഉറപ്പില്ലാത്തതിനാൽ പണമുള്ള പലരും ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. സാധാരണയായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് മെഡിക്കൽകോളജിനെ സമീപിക്കുന്നത്. അധികവും ദിവസക്കൂലിക്കു ജോലി ചെയ്തു ജീവിക്കുന്നവരും മാറ്റുമായിരിക്കും. ഇവരെ സംബന്ധിച്ചിടത്തോളം ഭാര്യയോ, ഭർത്താവോ, മക്കളോ രോഗിയായാൽ ആശുപത്രിയുമായി കെട്ടിമറിയേണ്ടതിനാൽ ജോലിക്കുപോകാനൊന്നും സാധിക്കില്ല. പലപ്പോഴും പലരിൽനിന്നും പണം കടംവാങ്ങിയെല്ലാമാവും ആശുപത്രിയിലേക്കു എത്തുക. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹംതന്നെയാണിത്. എന്നും രാവിലെ സംഘടനാ പ്രവർത്തകർ വാർഡുതോറും കയറിയിറങ്ങി ടോക്കൺ നൽകാറുണ്ട്. ഇതിനേക്കാൽ ഫലപ്രദം ആശുപത്രി പാസ് തന്നെയാണെന്ന് ഇവർ സൂചിപ്പിച്ചു. പലപ്പോഴും പാസ് തിരിച്ചു ശേഖരിക്കുന്നതിൽ പറ്റുന്ന ബുദ്ധിമുട്ടുകളാണ് ഇതിന് കാരണം.

പൊതിച്ചോറിനൊപ്പം കിട്ടിയ 500 രൂപ

വാഴയിലയിൽ പൊതിഞ്ഞുള്ളതായതിനാൽ പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനൊപ്പം ഊണ് ചീത്താവാനുള്ള സാധ്യതയും കുറയും. ചിലർ ഊണിനൊപ്പം മീൻപൊരിച്ചതും ഉപ്പേരിയും കറികളുമെല്ലാം വച്ചാണ് പൊതിച്ചോറ് പൊതിഞ്ഞുനൽകാറ്. നിങ്ങളുടെ വീട്ടിൽ ഒരു അതിഥിവന്നാൽ നിങ്ങൾ എങ്ങനെയാണോ അവരെ സൽക്കരിക്കാറ് അതുപോലെ നൽകണമെന്നാണ് സംഘാടകർ എല്ലാവരോടും നിർദ്ദേശിച്ചിരിക്കുന്നത്. ആളുകളുടെ സാമ്പത്തിക സ്ഥിതിയും സാഹചര്യങ്ങളും അനുസരിച്ച് നൽകാവുന്നതാണെന്നതും പദ്ധതി ജനകീയമാവാൻ കാരണമായിട്ടുണ്ട്.

ഒരിക്കൽ ഒരാൾക്ക് പൊതിച്ചോറിനുള്ളിൽനിന്ന് ഭദ്രമായി സൂക്ഷിച്ച രീതിയിൽ 500 രൂപയുടെ ഒറ്റനോട്ട് കിട്ടി. അതോടൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. നിങ്ങൾ മരുന്നിനായി ഈ പണം ഉപയോഗിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നതായി അതിൽ എഴുതിയിരുന്നു. കോഴിക്കോട് കുറ്റിച്ചിറയിൽനിന്നുള്ള ഒരു കുടുംബം മെഡിക്കൽകോളജിൽ ചികിത്സക്കെത്തി. അവർക്കും ഭക്ഷണം പ്രശ്നമായതിനാൽ ട്രസ്റ്റ് നൽകുന്ന ഈ ഊണിനെയായിരുന്നു ആശ്രയിച്ചത്. രോഗം മാറി വീട്ടിൽ പോയതോടെ പതിവായി അവിടുത്തെ പ്രവർത്തകരോട് എപ്പോഴാണ് നിങ്ങൾ ഊണ് നൽകുന്നതെന്ന് ആ കുടുംബത്തിലെ വീട്ടമ്മ പല തവണ ചോദിച്ചുകൊണ്ടിരുന്നു.

മുസ് ലിം ലീഗ് അനുഭാവികളുടെ കുടുംബമായിരുന്നു. ഒടുവിൽ ആ കമ്മിറ്റിയുടെ ടേൺ വന്നപ്പോൾ നാലു പൊതി ഊണ് മതിയെന്നു പറഞ്ഞെങ്കിലും അവർ 50 പൊതി ബിരിയാണിയാണ് ആശുപത്രിയിലേക്കായി സജ്ജമാക്കിവെച്ചത്. ഇത്തരം ഒരുപാട് അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായിട്ടുണ്ടെന്നും ഉണ്ണി വ്യക്തമാക്കി.