പാലക്കാട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടി വിദ്യാർത്ഥി സംഘടനയായ കെ എസ് യു. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷം കെ എസ് യു യൂണിയൻ പിടിച്ചെടുത്തു. ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ ഉൾപ്പെടെ കെ എസ് യു വിജയിച്ചു. പട്ടാമ്പി ഗവ. കോളേജിൽ 42 വർഷത്തിനു ശേഷം കെ എസ് യുവിന് യൂണിയൻ ലഭിച്ചു. കെ എസ് യു ഇത്തവണത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണുണ്ടാക്കിയത്.

കാലങ്ങളായി എസ്.എഫ്.ഐ. യൂണിയൻ ഭരിച്ചിരുന്ന പല കോളേജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേർന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ എസ്.എഫ്.ഐയുടേത്.

പാലക്കാട് ജില്ലയിൽ തൃത്താല ഗവൺമെന്റ് കോളേജ്, പാട്ടാമ്പി ഗവ. കോളേജ്, ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ്, നെന്മാറ എൻ.എസ്.എസ്. കോളേജ്, പറക്കുളം എൻ.എസ്.എസ്. കോളേജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളേജ്. പട്ടാമ്പി ലിമന്റ് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു. സഖ്യം വിജയിച്ചു.

മലപ്പുറം മഞ്ചേരി എൻ.എസ്.എസ്. കോളേജ്, തൃശ്ശൂർ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, വയനാട് സുൽത്താൻ ബത്തേരി അൽഫോൻസ കോളേജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആർ.ഡി. കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമോറിയൽ കോളേജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളേജ്, മലപ്പുറം അംബേദ്കർ കോളേജ്, കോഴിക്കോട് നാദാപുരം ഗവ. കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു. വിജയം നേടി.

നെന്മാറ എൻഎസ്എസ് കോളേജിലും കെഎസ്‌യു വിജയക്കൊടി നാട്ടി. ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, തൃത്താല ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലും കെ എസ് യു ആധിപത്യം പുലർത്തി. ഇതാദ്യമായാണ് ഈ കോളേജുകളിൽ കെഎസ്‌യു മുന്നിലെത്തുന്നത്. മണ്ണാർക്കാട് എംഇഎസിൽ ആറിൽ നിന്നും പതിനെട്ടിലേക്ക് കെ എസ് യു സീറ്റ് നില ഉയർത്തി.

അതെ സമയം ചിറ്റൂർ കോളേജ് എസ്എഫ്‌ഐ നിലനിർത്തി. തൃശ്ശൂർ ജില്ലയിൽ ശ്രീ കേരളവർമ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂർ, പനമ്പിള്ളി ഗവണ്മെന്റ് കോളേജ്, എസ്എൻ വഴുക്കുംപാറ, ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂർ, ഗവണ്മെന്റ് ആർട്സ് കോളേജ് ഒല്ലൂർ, സെന്റ് അലോഷ്യസ് കോളേജ്, ഐഎച്ച്ആർഡി ചേലക്കര, ഗവണ്മെന്റ് ആർട്സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ എൻഎസ്എസ് കോളേജ്, ശ്രീകൃഷ്ണ കോളേജ്, എംഡി കോളേജ്, എംഒസി ആർട്സ് കോളേജ്, മദർ കോളേജ്, സെന്റ് ജോസഫ് ആർട്സ് കോളേജ്, ഐഎച്ച്ആർഡി നാട്ടിക, എസ്എൻ നാട്ടിക, എംഇഎസ്അസ്മാബി കൊടുങ്ങല്ലൂർ, കെകെടിഎം കൊടുങ്ങല്ലൂർ , ഐഎച്ച്ആർഡി കൊടുങ്ങല്ലൂർ, എൻഇഎസ് നാട്ടിക,ഷോൺസ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ വിജയിച്ചുവെന്ന് എസ് എഫ് ഐ പത്രക്കുറിപ്പിൽ അറിയിച്ചു.

എസ് എഫ് ഐ അപ്രമാദിത്വമുണ്ടായിരുന്ന സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷം കെ എസ് യൂ യൂണിയൻ പിടിച്ചു. മുഴുവൻ ജനറൽ സീറ്റുകളിലും കെ എസ് യു വൻ വിജയം നേടി. സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജിലും കെ എസ് യു യൂണിയൻ പിടിച്ചു. ഒരു ജനറൽ സീറ്റ് എസ് എഫ് ഐ നേടി. പതിവ് തെറ്റിക്കാതെ മലബാർ ക്രിസ്ത്യൻ കോളേജ് എസ് എഫ് ഐക്ക് ഒപ്പം നിന്നു. ഒരു ജനറൽ സീറ്റാണ് ക്രിസ്ത്യൻ കോളേജിൽ കെ എസ് യുവിന് ലഭിച്ചത്.

വിവിധ കോളജുകളിൽ കെ എസ് യു വിജയിച്ചതിൽ സന്തോഷം രേഖപ്പെടുത്തി വിവിധ കോൺഗ്രസ് നേതാക്കൾ. തങ്ങളുടെ മേഖലകളിലെ കോളേജുകളിൽ കെ എസ് യു വിജയിച്ച സന്തോഷമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. വിക്ടോറിയ കോളേജ്, നെന്മാറ എൻഎസ്എസ് കോളേജ്, എൻഎസ്എസ് കോളേജ് ഒറ്റപ്പാലം, തൃത്താല പാറക്കുളം എൻഎസ്എസ് കോളേജ്, പട്ടാമ്പി ഗവ കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമോറിയൽ കോളേജ്, തൃത്താല മൈനോറിറ്റി കോളേജ്, ഉൾപ്പടെ നിരവധി കോളേജുകളിൽ കെ എസ് യു യൂണിയൻ പിടിച്ചെടുത്തതോടെ ആഘോഷത്തിലാണ് നേതാക്കൾ. പാലക്കാട് ജില്ലയിൽ കെഎസ്‌യു നേടിയ വിജയത്തിൽ വി ടി ബൽറാം ഫേസ്‌ബുക്കിൽ സന്തോഷം രേഖപ്പെടുത്തി.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ കെ എസ് യു വിജയിച്ചതിൽ വി കെ ശ്രീകണ്ഠൻ എംപിയും കെപിസിസി സോഷ്യൽ മീഡിയ സെൽ നേതാവ് ഡോ. സരിനും സന്തോഷം രേഖപ്പെടുത്തി രംഗത്തെത്തി. 23 വർഷത്തെ ചരിത്രം കെ എസ് യു തിരുത്തിക്കുറിച്ചിരിക്കുകയാണെന്നാണ് ശ്രീകണ്ഠൻ കുറിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പുറകോട്ട് പോകാതെ ഇലക്ഷൻ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കികൊണ്ടാണ് കെ.എസ്.യു ഇത്തവണ മിന്നും വിജയം നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 51 ൽ 28. കാലം സാക്ഷി. ചരിത്രം സാക്ഷി ! ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥികൾ കെഎസ്‌യുവിന് യൂണിയൻ കൈയേൽപ്പിക്കുന്നതായി അറിയിക്കുന്നുവെന്നാണ് സരിൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ മുഴുവൻ സീറ്റുകളിൽ വിജയിച്ചതിൽ സന്തോഷമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് ഫേസ്‌ബുക്കിൽ കുറിച്ചു. ഹൃദയമിടിപ്പിന്റെ വേഗത എത്രയെന്നു അറിയില്ല..

ഒന്നറിയാം.. ഈ വേഗതയേറിയ മിടിപ്പിന് കാരണം ഇന്ന് ഒന്നേയുള്ളു.. എന്റെ ഗുരുവായൂരപ്പൻ കോളേജ് കെ എസ് യു തിരിച്ചു പിടിച്ചു.. 3 പതിറ്റാണ്ടിന് ശേഷം മുഴുവൻ സീറ്റുകളും തൂത്തുവാരി കെ എസ് യു വിജയിച്ചു.. 9 ഔട്ട് ഓഫ് 9 ദീപശിഖാങ്കിത നീലപതാക വാനിലുയർന്നു പറക്കട്ടെ.. എന്നാണ് ജയന്ത് കുറിച്ചത്.