കോഴിക്കോട്: ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവന പുറപ്പെടുവിച്ചെന്ന് കാട്ടി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിക്കെതിരെയും വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ, ചന്ദ്രിക എന്നീ ദിനപ്പത്രങ്ങൾക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചു. ആർഎസ്എസ് കോഴിക്കോട് വിഭാഗ് പ്രചാർ പ്രമുഖ് ടി സുധീഷ് ആണ് കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. ഇ കെ സന്തോഷ് കുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

2023 ജനുവരി 16 ന് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'മിസ് സ്റ്റേറ്റി'ൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ', ഗാന്ധിവധത്തിന് നിർദ്ദേശവും തോക്കും നൽകിയത് ആർഎസ്എസ്: തുഷാർ ഗാന്ധി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെയാണ് നോട്ടീസ് അയച്ചത്. ഗാന്ധിജിക്കെതിരെ നിറയൊഴിച്ചത് ഗോഡ്‌സെ ആണെങ്കിലും തോക്കും തിരകളും ഉത്തരവും നൽകിയത് ആർഎസ്എസ് ആണെന്ന് പ്രസംഗത്തിൽ തുഷാർ ഗാന്ധി പറഞ്ഞിരുന്നു.

ഇത് വസ്തുതാവിരുദ്ധവും ആർഎസ്എസ് എന്ന മഹത്തായ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് വക്കീൽ നോട്ടീസിൽ പരാമർശിക്കുന്നു. പല സമയങ്ങളിലായി കേന്ദ്ര ഭരണകൂടങ്ങൾ നിയോഗിച്ച അന്വേഷണ കമ്മീഷനുകളും കോടതികളും ആർഎസ്എസിന് ഗാന്ധിവധവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും ഇങ്ങനെയൊരു പ്രസ്താവന തുഷാർ ഗാന്ധി പുറപ്പെടുവിച്ചത് ആർഎസ്എസിനെ കരിവാരിത്തേക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്. ഇത് തനിക്കും തന്റെ സഹപ്രവർത്തകർക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടാക്കുന്നതാണ്.

ശരിയല്ലാത്ത ഈ വാർത്ത പ്രസിദ്ധീകരിക്കുക വഴി മലയാള മനോരമ, ചന്ദ്രിക തുടങ്ങിയ പത്രങ്ങൾ ഈ അപമാനിക്കലിന് കൂട്ടുനിന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം കക്ഷികൾ തനിയേയോ കൂട്ടായോ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയോ അല്ലെങ്കിൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്‌ച്ചയ്ക്കകം നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള വാർത്ത ഒന്നാം പേജിൽ പ്രാധാന്യത്തോടു കൂടി പ്രസിദ്ധീകരിക്കുകയോ ചെയ്യേണ്ടതാണെന്നും ഇല്ലെങ്കിൽ സിവിൽ - ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.

സ്വാതന്ത്ര്യ സമരത്തിൽ ആർ എസ് എസിന്റെ പങ്ക് അവരുടെ ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകത്തിൽ കാട്ടിത്തന്നാൽ താൻ ആർ എസ് എസിൽ ചേരാമെന്നും തുഷാർ ഗാന്ധി പറഞ്ഞിരുന്നു.