ലണ്ടൻ: എം വി ഗോവിന്ദന്റെ താത്വികമായ ഭാഷയിൽ പറഞ്ഞാൽ ലണ്ടൻ മുതലാളിത്തത്തിന്റെ ഈറ്റില്ലമാണ്. കമ്മ്യൂണിസ്റ്റുകളോട് അത്രയ്്ക്ക് മമമത ഇല്ലാത്ത നാട്. പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എം വി ഗോവിന്ദൻ ആദ്യമായി ലണ്ടനിൽ എത്തിയിരിക്കയാണ്. അതുകൊണ്ട് തന്നെ കുറച്ചു പവറോടു കൂടി തന്നെയാണ് അദ്ദേഹം എത്തിയത്. നാട്ടിൽ പൊതുവേ ഷർട്ടും മുണ്ടും ധരിക്കുന്ന സാധാരണക്കാരനായ നേതാവ് ലണ്ടനിൽ എത്തിയപ്പോൾ അൽപ്പമൊന്നു മാറി.

വസ്ത്രധാരണം ഒന്നു മാറ്റിപ്പിടുക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായി ഷർട്ട് 'ടക്ക് ഇൻ' ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. യുകെയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നതും അൽപ്പം സ്റ്റൈലിഷായി തന്നെയാണ്.

യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തി. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് ഇവരെ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ദേശീയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

മെയ്‌ 17 നു യുകെയിലെത്തിയ എം വി ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു. 19 നു കാൾമാർക്‌സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. ഇവിടെ കറുത്ത കോട്ടു ധരിച്ചു എത്തിയ അദ്ദേഹത്തിന് മാർക്‌സിസ്റ്റ് ആചാര്യനെ കണ്ടപ്പോൾ അൽ്പ്പം വിപ്ലവം തുടിക്കുകയും ചെയ്തു. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എം വി ഗോവിന്ദന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.

തുടർന്ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ-സംവാദ സദസ്സിലും പങ്കെടുത്തു. ഇന്നും നാളെയും നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഉദ്ഘാടകനായും, സാംസ്‌കാരിക പ്രഭാഷകനായും പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് വില്യം ഷേക്‌സ്പിയറിന്റെ നാടായ വാർവിക് ഷെയർ, രണ്ടുമണിക്ക് മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ചേതം ലൈബ്രറി എന്നിവ സന്ദർശിക്കും. ആറുമണിക്ക് മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ കുടുംബ-സംഗമ സദസിനെ അഭിസംബോധന ചെയ്യുന്ന എം. വി. ഗോവിന്ദൻ ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നോർത്താംപ്റ്റണിൽ ആരംഭിക്കുന്ന മലയാളം സകൂളിന്റെ ഉദ്ഘാടനവും നിർവഹിക്കും.