അടിമാലി: മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് പിച്ചവയ്ക്കുന്ന മണിക്കുട്ടിയുടെ ഭാവി ജീവിതം ഇരുട്ടിൽ. ഓമനിക്കാനും ചേർത്തുനിർത്താനും ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ ദിവസങ്ങൾക്കുള്ളിൽ അവൾക്ക് നഷ്ടമായി. ഇന്ന് കൂട്ടായുള്ളത് മുത്തശിമാത്രം. പഠിച്ച്, ജോലി നേടി ജീവിതം സുരക്ഷിതമാക്കണമെന്ന് അവൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും ഇത് എത്രത്തോളം സാധ്യമാവുമെന്ന് കണ്ടറിയണമെന്നതാണ് നിലവിലെ ഈ കുരുന്നിന്റെ ജീവിത സാഹചര്യം.

വയനാട് പടിഞ്ഞാറെത്തറ 16-ാം മൈൽ സ്വദേശി സനൽകുമാർ-മിജിത ദമ്പതികളുടെ മകളാണ് 13 കാരിയായ മണിക്കുട്ടി എന്ന അളകനന്ദ. 11 വർഷം മുമ്പാണ്് സനൽകുമാർ മിജിതയെ വിവാഹം കഴിച്ചത്. ഏറെക്കാലം കണ്ണൂർ കൊട്ടിയൂരിൽ മിജിതയുടെ മാതാവ് ഗീതയ്ക്കൊപ്പമാണ് ദമ്പതികൾ കഴിഞ്ഞിരുന്നത്.

ഇടക്കാലത്ത് സനൽകുമാറിൽ നിന്നുള്ള ഉപദ്രവം സഹിക്കാൻ കഴിയാതെ മജിത മക്കളായ മണിക്കുട്ടിയെയും സഹോദരൻ അതുൽ കൃഷ്ണയെയും ഒറ്റയ്ക്ക് താമസം തുടങ്ങിയിരുന്നു. ഇതിനിടയിൽ വയനാട് അമ്പലവയലിൽ മുറിവാടകയ്ക്കെടുത്ത് കൂൾബാർ നടത്തി ജീവിതം കരുപ്പിടിപ്പിക്കാനും മിജിത ശ്രമിച്ചിരുന്നു.

കഴിഞ്ഞ വർഷം ജനുവരി 15 നാണ് മണിക്കുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെടുന്നതിനും വിവരാണാതീതമായ ദുരിതം സമ്മാനിക്കുകയും ചെയ്ത സംഭവപരമ്പരകളുടെ തുടക്കം. അന്ന് ഉച്ചയോടെ കൂൾബാർ നടത്തിയിരുന്ന കെട്ടിടത്തിൽ നിൽക്കുമ്പോൾ ബക്കറ്റിൽ കൊണ്ടുവന്ന ആസിഡ് സനൽകുമാർ മജിതയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മജിതയ്ക്കും അടുത്തുനിന്നിരുന്ന മണിക്കുട്ടിക്കും ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. എട്ടാം ദിവസം മജിത മരണപ്പെട്ടു.

ആക്രമണത്തിന് ശേഷം ഇവിടെ നിന്നും രക്ഷപെട്ട സനൽകുമാറിന്റെ മൃതദ്ദേഹ അവശിഷ്ടങ്ങൾ സമീപത്തെ റെയിൽവെ ട്രാക്കിൽ കാണപ്പെടുകയായിരുന്നു. ട്രെയിനിന് മുന്നിൽച്ചാടി ജീവിതം അവസാനിപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് നടപടിക്രമങ്ങൾ അവസാനിപ്പിച്ചത്.

ഒന്നനങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിൽ,കൊടിയ വേദനയും നീറ്റലും സഹിച്ച് മണിക്കുട്ടി മൂന്നരമാസത്തോളം മെഡി്ക്കൽ കോളേജിൽ ചികത്സയിൽ കഴിഞ്ഞു. കൊച്ചുമകളുടെ ദയനീയ സ്ഥിതി കണ്ട് മുത്തശി ഗീത ഒഴക്കിയ കണ്ണീന് കണക്കില്ല. മെഡി്ക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും മുറിവുകൾ കരിഞ്ഞിരുന്നില്ല, മാത്രമല്ല, പൊട്ടി രക്തം ഒലിക്കുന്നുമുണ്ടായിരുന്നു.

ഈ സ്ഥിതിയിൽ മുന്നോട്ടുപോയാൽ കൊച്ചുമകളുടെ രൂപം വികൃതമാവുമെന്ന ആശങ്ക ഗീതയെ വല്ലാതെ വലച്ചു. അപ്പോഴണ് അടിമാലിയിലെ സ്നേഹ സാന്ത്വനം പാരമ്പര്യ തീപ്പൊള്ളൽ ചികത്സ കേന്ദ്രത്തെക്കുറിച്ച് ഗീതയ്ക്ക് വിവരം ലഭിക്കുന്നത്. ഉടൻ ഇവിടുത്തെ ചികത്സകൻ ജോർജ്ജ് വൈദ്യരെ മൊബൈലിൽ വിളിച്ച് ഗീത കര്യങ്ങൾ പറഞ്ഞു.പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് ഗീതയുടെ വിവരണം ഇങ്ങനെ..

മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക്

യഥാർത്ഥ പേര് അളകനന്ദ എന്നാണെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും അവൾ മണിക്കുട്ടിയാണ്. ചെറുപ്പത്തിലെ മകളെ മണിക്കുട്ടി എന്നാണ് മാതാവ് മിജിത വിളിച്ചിരുന്നത്. പിന്നെ ഈ വിളി ബന്ധുക്കളും നാട്ടുകാരും തുടരുകയായിരുന്നു. പൊള്ളലിനെത്തുടർന്നുള്ള പരിക്കുകൾ മൂലം ആരോഗ്യസ്ഥിതി മോശമായ നിലയിലാണ് മണിക്കുട്ടിയെ ജോർജ്ജ്് വൈദ്യരുടെ പാരമ്പര്യ ചികത്സ കേന്ദ്രത്തിൽ എത്തിക്കുന്നത്.

മുറിവുകളിൽ നിന്നും രക്തം വാർന്ന്, സഹിക്കാൻ കഴിയാത്ത വേദനയുമായിട്ടാണ് അവളെ അടിമാലിയിലേയ്ക്ക് കൊണ്ടുവന്നത്. മുഖത്തിന്റെ ഒരുവശം മുതൽ കാൽപാദം വരെ പൊള്ളലേറ്റിരുന്നു. പൊള്ളൽ ഏറ്റതിനെത്തുടർന്ന് വികൃതമായ ശരീര ഭാഗങ്ങളിലെ വ്രണങ്ങൾ ഇപ്പോൾ പൂർണ്ണമായും കരിഞ്ഞു. നന്നായി പഠിച്ച് മാർക്ക് വാങ്ങണം.. പിന്നെ ഒരു ജോലിയൊക്കെ തരപ്പെടുത്തണം. ഇതൊക്കെയാണ് അവളുടെ ആഗ്രഹം. ഇപ്പോൾ വൈദ്യശാലയിൽ സഹായി ആയി നിൽക്കുന്നു. ചികത്സയ്ക്കായി വൈദ്യർ ഇതുവരെ ഒരു രൂപ പോലും വാങ്ങിയില്ല.

പഠിക്കണം എന്ന് മണിക്കുട്ടി വാശിപിടിച്ചപ്പോൾ വൈദ്യർ ഇടപെട്ട് അവളെ കൂമ്പൻപാറ സകൂളിൽ 8-ാം ക്ലാസിൽ ചേർത്തു.ഉറക്കവും കിടപ്പുമൈല്ലാം വൈദ്യശാലയിൽ തന്നെ. പരിമിതമായ സൗകര്യത്തിലാണ് ജീവിതമെങ്കിലും അവൾ ഇപ്പോൾ വലിയ സന്തോഷത്തിലാണ്. ഇങ്ങനെ എത്രനാൾ ജീവിതം മുന്നോട്ടുപോകുമെന്ന് ഒരു നിശ്ചയവുമില്ല. ചെറിയ വരുമാനത്തിൽ എത്ര നാൾ അവളെ പഠിപ്പിക്കാൻ കഴിയുമെന്ന് എന്നാണ് ഇപ്പോഴത്തെ ചിന്ത. ഓർത്തിട്ട് ഒരു എത്തും പിടിയുമില്ല.അതിനപ്പുറമാണ് കയറിക്കിടക്കാൻ ഒരു വീടില്ലാത്തതിന്റെ വേവലാതി

കൊട്ടിയൂരിൽ ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ വീടിന്റെ പ്രമാണം പണയപ്പെടുത്തിയാണ് മകളുടെയും കൊച്ചുമകളുടെയും ചികിത്സയ്ക്കും മറ്റും പണം ചിലവഴിച്ചത്. ഇനി ആ വീട് സ്വന്തമാക്കാൻ കഴിയുമെന്ന് തോന്നില്ല. അത്ര കണ്ട് മോശമാണ് സാമ്പത്തിക സ്ഥതി. ഭാരപ്പെട്ട ജോലികൾ ചെയ്യാൻ സാധിക്കാത്ത നിലയിലാണ് ആആരോഗ്യസ്ഥിതി.

മണിക്കുട്ടിയുടെ ദയനീയ സ്ഥിതി മനസിലാക്കി വൈദ്യർ വീട് പണിയാൻ 5 സെന്റ് സ്ഥലം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവിടെ ഒരു വീട് ഉയരണം, തലചായ്ക്കാൻ ഒരിടം ആവുമല്ലോ.പക്ഷെ ഇതിനായി ചxലവഴിക്കാൻ കൈയിൽ നയാപൈസയില്ല.

സിസാരകാര്യങ്ങൾക്കും വഴക്കുകൂടുന്ന പ്രകൃതം, ആക്രമണം അപ്രതീക്ഷിതം

സഹികെട്ട് കഴിഞ്ഞ വർഷം അവസാനം മിജിത മക്കളുമായി വേർപിരിഞ്ഞ് താമസിക്കേണ്ടി വന്നു. ഒരുമാസത്തോളം പുറത്ത് പണിക്കുപോയിട്ടാണ് മകൾ വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. പിന്നെ അയിരംകൊല്ലിക്കടുത്ത് ഫാന്റം റോക്ക് ഭാഗത്ത് ഇരുനില കെട്ടിടം വാടകക്കെടുത്ത് അവൾ കൂൾബാർ ആരംഭിക്കുകയായിരുന്നു.

മുകൾ നിലയിൽ മക്കളും ഒന്നിച്ച് താമസവും തുടങ്ങി. ഒരു മാസം പിന്നിട്ടതോടെ ഏറെക്കുറെ പിടിച്ചുനിൽക്കാവുന്ന തരത്തിൽ വരുമാനവും ലഭിച്ചുതുടങ്ങി. കൊട്ടിയൂരിലെ സ്‌കൂളിൽ പഠിച്ചിരുന്ന മക്കളെ മിജിത താമസ്ഥലത്തിനടുത്തെ കാക്കവയൽ സ്‌കൂളിലേക്ക് ചേർക്കുകയും ചെയ്തിരുന്നു. ഒരുമാസത്തോളം മിജിതക്ക് ഒരുസഹായം ആവട്ടെ എന്ന് കരുതി ഞാനും അവർക്കൊപ്പം താമസിച്ചിരുന്നു.പിന്നെ കിട്ടുന്ന കൂലിപ്പണിക്കും പോകുമയായിരുന്നു.

കഷ്ടപ്പെട്ടിട്ടാണെങ്കിലും അവൾക്ക് പിടിച്ചുനിൽപ്പാമെന്ന ആശ്വാസിത്തിലിരിക്കുമ്പോഴാണ് നാട്ടിൽ വലിയ ഞെട്ടൽ സൃഷ്ടിച്ച ആ സംഭവം നടക്കുന്നത്. മിജിതയും മണിക്കുട്ടിയും പറഞ്ഞാണ് സംഭവിച്ചത് എന്താണെന്ന് ഞാൻ മനസിലാക്കുന്നത്.

ആസിഡ് ആക്രമണവും ആത്മഹത്യയും

ഉച്ചക്ക് വിശന്നപ്പോൾ മണിക്കുട്ടിയും സഹോദരൻ അതുൽ കൃഷ്ണയും ചോറുണ്ണാൻ കടയിൽ നിന്നും മുകളിലെ നിലയിലേക്ക് കയറി. ഈ അവസരത്തിൽ ബക്കറ്റുമായി ടെറസിന്റെ മുകളിൽ ഒളിച്ചിരിക്കുന്ന നിലയിൽ സനിൽകുമാറിനെ അതുൽ കണ്ടു. ഈ വിവരം അറയിക്കാൻ അതുൽ അമ്മയുടെ അടുത്തേക്ക് ഓടി. പിന്നാലെ സനിൽകുമാറും എത്തി.

മിജതയുടെ അടുത്തെത്തിയപ്പോൾ ബക്കറ്റിൽ കരുതിയിരുന്ന ആസിഡ് ദേഹത്തേക്ക് ഒഴിച്ചു.ഈ സമയം അടുത്തുനിന്നിരുന്ന മണിക്കുട്ടിയുടെ ദേഹത്തും ആസിഡ് വീണു.ആസിഡ് ഒഴിച്ചശേഷം സനിൽ ഓടിരക്ഷപെട്ടു. തുടർന്ന് ഓടിക്കൂടിയവർ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.ഇതാണ് സംഭവത്തെക്കുറിച്ച് അവർ രണ്ടുപേരും പറഞ്ഞത്.

മനോധൈര്യവും പക്വതയും തുണയായി

പരിശോധനയിൽ മണിക്കുട്ടിയുടെ ആന്തരിക അവയവങ്ങൾക്ക് കുഴപ്പമില്ല എന്ന് ഡോക്ടർമാർ സ്ഥീരീകരിച്ചു.ഇതറിഞ്ഞപ്പോൾ തന്നെ അവൾ ജീവിതത്തിലേക്ക് തിരച്ചുവരുമെന്ന് മനസ്സിൽ ഉറപ്പിച്ചു. അവളുടെ മനസാന്നിദ്ധ്യം കണ്ട് ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടിരുന്നു. എല്ലാകാര്യത്തിലും പ്രായത്തിൽ കവിഞ്ഞ പക്വത അവൾക്കുണ്ടായിരുന്നു.എല്ലാം സഹിക്കാനും മനസ്സിലാക്കാനും അവൾക്ക് കഴിഞ്ഞതും അതുകൊണ്ട് തന്നെയാണെന്നാണ് വിശ്വസിക്കുന്നത്.

പണം കൈപ്പറ്റാതെ ചികിത്സ, പുനരധിവാസം സാധ്യമാക്കാൻ നെട്ടോട്ടം

ഒന്നര മാസത്തോളം നീണ്ട വൈദ്യരുടെ ചികത്സയിലാണ് അവളുടെ ദേഹത്തെ വ്രണങ്ങൾ കരിഞ്ഞത്.ഇതിനകം തന്നെ പലവഴിക്ക് 2 ലക്ഷത്തിലേറെ രൂപ ചെലവായി.വൈദ്യർ ചികത്സക്ക് ഇതുവരെ പണം വാങ്ങിയിട്ടില്ല,പക്ഷെ മരുന്നിന് ചിലവുള്ളതല്ലെ,അദ്ദേഹം പാടുപെടുന്നതല്ലെ പണം കൊടുക്കാതെ പോകുന്നത് ശരിയല്ലല്ലോ..അത് പറ്റുന്നപോലെ കൊടുക്കണമെന്നാണ് കരുതുന്നത്.ഗീത പറഞ്ഞു.

കിട്ടുന്ന ജോലിക്ക് പോകും.കടങ്ങൾ തീർക്കും.പറ്റാവുന്ന രീതിയിൽ മണിക്കുട്ടിയെ പഠിപ്പിക്കും.ഇനിയുള്ള ജീവിതം മിജിതയുടെ മക്കൾക്കായി നീക്കിവയ്ക്കുകയാണ്. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും അനുബന്ധ ചെലവ്ക്കുമായി വലിയൊരുതുക വേണ്ടിവരും എന്ന ബോദ്ധ്യം മനസ്സിലുണ്ട്.ഇത് എങ്ങിനെ സംഘടിപ്പിക്കും എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു എത്തുപിടിയുമില്ല. എല്ലാം ദൈവം കാണുന്നുണ്ടല്ലോ..ഒരു വഴി തെളിയാതിരിക്കില്ല.... ഗീത വാക്കുകൾ ചുരുക്കി.

പണം കൈപ്പറ്റാതെയാണ് മണിക്കുട്ടിയുടെ ചികത്സ പൂർത്തിയാക്കിയതെന്നും ഇതിനായി താൻ ഒരു രൂപ പോലും വാങ്ങിയിട്ടില്ലന്നും അവളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ കഴിയുന്ന വഴിക്കെല്ലാം ശ്രമം നടത്തിവരികയാണെന്നും ജോർജ്ജ് വൈദ്യർ അറിയിച്ചു. കഴിഞ്ഞ ദിവസം മണിക്കുട്ടിയെയും കൂട്ടി വൈദ്യർ മന്ത്രി അഹമ്മദ് ദേവർകോവിലിനെ കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തി.വിശദവിവരങ്ങൾ അറിയിക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വീടുവയ്ക്കുന്നതിനും വിദ്യാഭ്യാസത്തിനുമുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷ.ജോർജ്ജ് വൈദ്യർ വിശദമാക്കി.