ആലപ്പുഴ: കുർബാന തർക്കത്തെ തുടർന്ന് എറണാകുളം സെയ്ന്റ് മേരീസ് ബസലിക്കയിൽ നടന്ന സംഘർഷം സഭയെ കൂടുതൽ നാണക്കേടിലേക്കാണ് തള്ളിവിട്ടത്. ഈ സംഭവത്തിൽ പരസ്യ വിമർശനവുമായി കൂടുതൽ പേർ രംഗത്തു വന്നു. ക്രിസ്മസിനു തൊട്ടുമുമ്പുള്ള രണ്ടുദിവസം എറണാകുളം സെയ്ന്റ് മേരീസ് ബസലിക്കയിൽ നടന്ന അനിഷ്ടസംഭവങ്ങൾ പരാമർശിക്കവേ, മഹാരാഷ്ട്രയിലെ ചന്ദ്രാപുർ ബിഷപ്പ് മാർ എഫ്രേം നരികുളം ഒരുനിമിഷം വിതുമ്പി കൊണ്ടു വിഷയം പരാമർശിക്കുന്നതും വിഷയത്തിന്റെ ഗൗരവും വിളിച്ചോതുന്നതായി.

എറണാകുളം വലിയപല്ലംതുരുത്ത് സെയ്ന്റ് മേരീസ് പള്ളിയിൽ ഒരു വൈദികന്റെ പൗരോഹിത്യ ശുശ്രൂഷാ ചടങ്ങിനിടെ ചൊവ്വാഴ്ചയായിരുന്നു പ്രസംഗം. വൈവിധ്യത്തിന്റെ മനോഭാവം എല്ലാവരും സ്വായത്തമാക്കിയാൽ സഭയിൽ ശാന്തിയും സമാധാനവും കൈവരുമെന്നും അദ്ദേഹം പറഞ്ഞത് കുർബാന വൈവിധ്യത്തെക്കുറിച്ചുള്ള കൃത്യമായ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു.

പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെ: വിശുദ്ധ ജോൺപോൾ മാർപാപ്പ ബലിയർപ്പിച്ച അൾത്താരയിലാണ് പ്രശ്‌നങ്ങളുണ്ടായത്. മിശിഹായുടെ തിരുശരീരത്തോടും തിരുരക്തത്തോടും അപമര്യാദയായി പെരുമാറുക, ദൈവദോഷത്തോടെ പ്രവർത്തിക്കുക, അൾത്താര തള്ളിയിടാൻ നോക്കുക തുടങ്ങിയ കാര്യങ്ങളുണ്ടായി. അതു ചെയ്തവർക്ക് കാരുണ്യവാനായ ദൈവം മാപ്പു നൽകും. മാപ്പു ലഭിക്കട്ടെ എന്നാണ് പ്രാർത്ഥന. പൗരോഹിത്യസ്വീകരണം പോലെ ഒരു ശുഭമുഹൂർത്തത്തിൽ ഇതു പറയുന്നതിൽ ക്ഷമിക്കണം. ഇതു പറയാതെപോയാൽ കൃത്യവിലോപമായിരിക്കും -അദ്ദേഹം പറഞ്ഞു.

ബസലിക്ക സംഭവങ്ങളെ പരസ്യമായി അപലപിക്കുന്ന രണ്ടാമത്തെ മെത്രാനാണ് മാർ എഫ്രേം. നേരത്തേ, മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം ക്രിസ്മസ് പാതിരാക്കുർബാനയ്ക്കിടെ വിശ്വാസികളോടു മാപ്പു പറഞ്ഞിരുന്നു. പൊതുസമൂഹത്തിനു മുന്നിൽ ലജ്ജിപ്പിക്കുന്ന പ്രവൃത്തികളുണ്ടായത് നിങ്ങളുടെ കൈയിൽനിന്നല്ല, സഭാ നേതൃത്വത്തിന്റെ കൈയിൽനിന്നു തന്നെയാണ്. ആ നേതൃത്വത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ നിങ്ങളോടു മാപ്പു ചോദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കുർബാനവിഷയം കൈകാര്യംചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഒമ്പതു മെത്രാന്മാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്കു കത്തെഴുതിയിരുന്നു. ഇതോടെ ജനുവരി ഏഴിനു തുടങ്ങുന്ന അടുത്ത സിനഡ് സമ്മേളനം നിർണായകമായി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് വാദിക്കുന്നവർ ഔദ്യോഗികപക്ഷത്തുണ്ട്. എന്നാൽ, സംഭാഷണങ്ങളിലൂടെ വിഷയം പരിഹരിക്കണമെന്നും പൊതുസമൂഹത്തിനു മുന്നിൽ സഭ അപമാനിക്കപ്പെടരുതെന്നും വാദിക്കുന്ന മെത്രാന്മാരുമുണ്ട്.

ഇപ്പോഴത്തെ സ്ഥിതിയിൽ വൈദികർക്കെതിരേ നടപടിയെടുത്താൽ വിഷയം കൂടുതൽ വഷളാകാനേ സാധ്യതയുള്ളൂ. എല്ലാ മെത്രാന്മാരെയും മറികടന്ന് അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് സ്വന്തം നിയമം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ് വൈദികരുടെ ആരോപണം.