മറയൂർ: ആനയും കടുവയും പുലിയുമെല്ലാം അവരുടെ വഴിക്ക് പോകും ഞങ്ങൾക്ക് പരസ്പരം അറിയാം. ഇത് കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയല്ല, മനസുകൊണ്ട് ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലിയാണ്. ആദ്യമൊക്കെ വീട്ടുകാർക്ക് പേടിയായിരുന്നു.ഇപ്പോൾ അവർക്കും കാര്യങ്ങൾ മനസ്സിലായി.മറയൂർ ചന്ദന ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രശാന്തി പറഞ്ഞു. ഏകദേശം 5000 കോടി രൂപ മൂല്യം കണക്കാക്കുന്നതും 15 സ്‌ക്വയർ കിലോ മീറ്ററിലായി വ്യാപിച്ച് കിടക്കുന്നതുമായ ചന്ദനക്കാടിന്റെ സംരക്ഷകരായ 300 -ളം ജീവനക്കാരിലെ വനിത പ്രതിനിധകളിൽ ഒരാളാണ് പ്രശാന്തി.

കൊല്ലം സ്വദേശിനിയാണ് 5 വർഷമായി ജോലിയിൽ കയറിട്ട് മറയൂരിൽ വന്നിട്ട് മൂന്നര വർഷത്തോളമായി.വൈകിട്ട് 6 മണിക്ക് കാട്ടിലേയ്ക്ക് കയറും.തോക്കും വാക്കിടോക്കിയും ലൈറ്റും കൈയിൽ കരുതും.പുലർച്ചെ ആവുമ്പോഴേയ്ക്കും 15 -20 കിലോമീറ്ററൊക്കെ നടന്നിട്ടുണ്ടാവും. മഴയും തണുപ്പുമൊന്നും കാര്യമാക്കാറില്ല.കാട്ടുപോത്തും കരടിയും പുലിയും കടുവയും ആനയമൊക്കെയുള്ള കടാണ്.വഴിയിൽ കണ്ടുമുട്ടാറുണ്ടെങ്കിലും ഇതുവരെ ആപത്തൊന്നും നേടിടേണ്ടി വന്നിട്ടില്ല. കാട്ടുകള്ളന്മാരിൽ നിന്നുള്ള ആക്രണ ഭീഷിണി സദാസമയവും നിലനിൽക്കുന്നു. നേരത്തെ വാച്ചർമാരെ തോക്കിന്മുനയിലും കത്തിമുനയിലും നിർത്തി വനംകൊള്ളക്കാർ മരം മുറിച്ചുകടത്തിയ സംഭവങ്ങളും പറഞ്ഞുകേട്ടിട്ടുണ്ട്.

എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളിലിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. മൊബൈലിൽ പ്രത്യേക സോഫറ്റ്‌വെയറും ആഡുചെയ്തിട്ടുണ്ട്.കൺട്രോൾ റൂമിലുള്ളവർക്ക് വാച്ചർമാർ എവിടെയാണ് നിൽക്കുന്നതെന്ന് ഇതുവഴി പെട്ടെന്ന് മനസ്സിലാക്കാം.ഇതിനും പുറമെ അരമണിക്കൂർ ഇടവിട്ട് വാക്കിടോക്കിയിൽ കൺട്രോൾ റൂമിൽ നിന്നും വിളിയെത്തും.

സുരക്ഷിതത്വബോധം ഉറപ്പിക്കുന്നതിൽ ഇത് നിണ്ണായക ഘടകമാണ്.മനസുകൊണ്ട് ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലിയാണ്.അതുകൊണ്ട തന്നെ പരമാവധി ആത്മാർത്ഥയുമുണ്ട്.പ്രതികൂല സാഹചര്യങ്ങളെ എങ്ങിനെ നേരിടണമെന്ന് പരിശീലനം ലഭിച്ചിട്ടുണ്ട്.മേലുദ്യോഗസ്തരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന പിൻതുണയും കരുതലും തൊഴിൽ മേഖലയിൽ വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് സമ്മാനിക്കുന്നത്.പ്രശാന്തി കൂട്ടിച്ചേർത്തു.

ആസ്വദിച്ച്,അർപ്പണ മനോഭാവത്തോടെയാണ് ജോലിചെയ്യുന്നതെന്നും പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും ശോഭിക്കാൻ കഴിയുന്ന തൊഴിൽ മേഖലയാണ് ഇതെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞെന്നും നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദിവ്യ പറയുന്നു.

മറ്റുസ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായ ജോലി സാഹചര്യമാണ് ഉള്ളതെന്ന് മനസ്സിലാക്കിയാണ് ഇവിടെ ജോലിക്ക് കയറിയത്.സ്ത്രീകൾ പൊതുവെ പകൽ ജോലികൾ ഇഷ്ടപ്പെടുന്നവരാണ്.രാത്രി കാലങ്ങളിൽ പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോലും അവർക്ക് ഭയമാണ്.ഈ സാഹചര്യത്തിൽ മറയൂരിൽ ജോലി ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട്.ചുറ്റുമുള്ള സുരക്ഷ വലയം വലിയ ആത്മ വിശ്വാസം പകരുന്നുണ്ട്.

കാടാണ് വന്യമൃഗങ്ങളുണ്ട്.പേടിയില്ലെന്നൊന്നും പറയുന്നില്ല,നല്ല ഭയമുണ്ട്.ഈ ജോലിയോടുള്ള ഇഷ്ടവും കാടിനോടുള്ള സ്നേഹവും എന്തുപറ്റിയാലും ഓടിയെത്താൻ ആളുകൾ ഉണ്ടെന്നുള്ള ആത്മവിശ്വസവുമാണ് ഇതിനെയെല്ലാം അതി ജീവിക്കുന്നത്.രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസം പോലും ഓർക്കാറില്ല എന്നതാണ് വാസ്തവം.തോക്ക് കൈയിലുണ്ടെങ്കിലും ഇതുവരെ ഉപയോഗിക്കേണ്ട് സാഹചര്യം ഉണ്ടായിട്ടില്ല.ദിവ്യ വിശദമാക്കി.കൊട്ടാരക്കര സ്വദേശീനിയുമായ ദിവ്യ മൂന്നുമാസം മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

വാച്ചർമാരായ മുരികേശ്വരിക്കും വനിതമണിക്കും ചന്ദനക്കാട് കൈവെള്ളയിലെ രേഖകൾ പോലെ സുപരിചിതമാണ്.ഇവർ ഇരുവരും മറയൂർ സ്വദേശീകളാണ്.ഇരുവരും ജോലിയിൽ പ്രവേശിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു.വനം കൊള്ള രൂക്ഷമായിരുന്ന കാലത്ത് ചന്ദനത്തടി കടത്താനെത്തിയവരെ പിടികൂടാൻ തങ്ങൾ നടത്തിയ ഇടപെലുകളെക്കുറിച്ച് ഇരുവരും മറുനാടനോട് മനസുതുറന്നു.

സ്ത്രീകൾ ശരീരഭാഗങ്ങളിൽ കെട്ടിവച്ച്,സാരികൊണ്ട് മൂടിയും മറ്റുമാണ് ചന്ദനം കടത്തിയിരുന്നത്.ദേഹപരിശോധനയിൽ ഇത്തരത്തിൽ ചന്ദനം കടത്തുകയായിരുന്ന നിരവധി സ്ത്രീകളെ പിടികൂയിട്ടുണ്ട്. വനംകൊള്ളക്കാർ വ്യാപകമായി മരം മുറിച്ചുകടത്തിയിരുന്ന കാലത്താണ് ജോലിയിൽ പ്രവേശിക്കുന്നത്.മറ്റ് ജീവനക്കാർക്കൊപ്പം കഴിയാവുന്ന രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്.അന്നത്തെ ജോലി സാഹചര്യവും ഇപ്പോഴത്തെ അവസ്ഥയും തമ്മിൽ വിലയ മാറ്റമുണ്ട്.ഇതിന് ഭാഗവാക്കാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.ഇവർ വ്യക്തമാക്കി.

51000 ചന്ദനമരങ്ങളാണ് മറയൂരിൽ സർക്കാർ സംരക്ഷണയിലുള്ളത്.ഭൂമുഖത്ത് ആശേഷിക്കുന്ന സ്വഭാവിക ചന്ദനക്കാടാണ് മറയൂരിലേതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഇവിടുത്തെ ചന്ദന മരങ്ങൾ സംരക്ഷിക്കാൻ പഴുതടച്ചുള്ള സുരക്ഷയാണ് വനംവകുപ്പ് നടപ്പാക്കിവരുന്നതെന്ന് നിലവിലെ സ്ഥിതിവിരകണക്കുകളിൽ നിന്നും വ്യക്തം.

ഉണങ്ങി വീഴുന്ന ചന്ദനമരങ്ങൾ മുറിച്ച്,ലേലം ചെയ്ത് വിൽക്കുന്നത് വഴി സംസ്ഥാന ഖജനാവിലേയ്ക്ക് വർഷം 60 കോടിയോളം രൂപ എത്തുന്നുണ്ട്.ഇതിന് പുറമെ മരങ്ങളുടെ വളർച്ചയിൽ നിന്നുള്ള മൂല്യവർദ്ധന വർഷം 50 കോടിക്ക് മുകളിലും എത്തുന്നുണ്ട്.ഇത് സാമ്പത്തീക മൂല്യം മാത്രമാണ്.പരിസ്ഥിതീക മൂല്യം വിലമതിക്കാനാവുന്നതിലും അപ്പുറമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ചന്ദന മരങ്ങൾക്കൊപ്പം മേഖലയിൽ വിലപിടിപ്പുള്ള മറ്റ് നിരവധി ഇനം മരങ്ങളും അപൂർവ്വ -സസ്യ ജീവജാലങ്ങളും സംരക്ഷിച്ചുപോരുന്നുണ്ട്.

ഇവിടെ വനം കൊള്ള പൂർണ്ണമായി നിലച്ച സാഹചര്യമാണ് നിലവിലുള്ളത്.വർഷം 2500-ൽപരം മരങ്ങൾ വരെ കാട്ടുകള്ളന്മാർ മുറിച്ചുകടത്തിയിരുന്നു.ചന്ദനം കടത്തുമായി ബന്ധപ്പെട്ട് വർഷം 450 -ലേറെ കേസുകളും റിപ്പോർട്ടുചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വനംവകുപ്പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.