തിരുവനന്തപുരം: മറുനാടൻ മലയാളിക്കെതിരായ പൊലീസ് നടപടിക്കെതിരെ സെബാസ്റ്റ്യൻ പോൾ നടത്തിയ പ്രതികരണം ചർച്ചകളിൽ. ബിബിസി റെയിഡ് അപലപിച്ചവർ ഇതും അപലപിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ ന്യൂസ് അവറിൽ പറഞ്ഞു. അപകീർത്തി കേസിൽ പൊലീസ് ഇത്ര സന്നാഹത്തോടെ നീങ്ങണമോ എന്നും സെബാസ്റ്റ്യൻ പോൾ ചോദിച്ചു. മാധ്യമസ്ഥാപനത്തിനെതിരെ ഇത്തരം നടപടി എടുക്കാൻ ആർക്കും അധികാരമില്ല. പൊലീസിനെ നിയന്ത്രിക്കുന്നവർ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും സെബാസ്റ്റ്യൻ പോൾ വിമർശിച്ചു. സിപിഎം പ്രതികരിക്കണമെന്ന ആവശ്യമാണ് പരോക്ഷമായി മുൻ എംപി ഉയർത്തുന്നത്. മറുനാടൻ മലയാളിയ്‌ക്കെതിരെയുള്ള അപകീർത്തി കേസാണെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടി ചേർത്തു. അറിയപ്പെടുന്ന ഇടതു സഹയാത്രികനാണ് സെബാസ്റ്റ്യൻ പോൾ.

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്‌ടോപ് എന്നിവയാണ് കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തത് സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകി. രാത്രി 12 മണിയോടെ ആയിരുന്നു നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്‌ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ച. സിപിഎമ്മിനൊപ്പം ചേർന്ന് നിൽക്കുന്ന പ്രമുഖ അഭിഭാഷകൻ കൂടിയായ സെബാസ്റ്റ്യൻ പോൾ ശ്രദ്ധേയ നിരീക്ഷണമാണ് നടത്തിയത്.

കോടതിയേയും വിധികളേയും ഒന്നും വിമർശിക്കാതെ തന്നെ മറുനാടൻ മലയാളിയ്‌ക്കെതിരെ നടക്കുന്ന ഇടപെടലുകളെ ശക്തമായി എതിർത്തു. എനിക്ക് പറഞ്ഞുകേട്ടിടത്തോളവും, വായിച്ചുഅറിഞ്ഞതുമായ കാര്യങ്ങളെ കുറിച്ച്, കടുത്ത വിയോജിപ്പുണ്ട്. അതുഞാൻ ആദ്യമേ രേഖപ്പെടുത്തുകയാണ്. ഒരു ഡോക്യുമെന്ററിയുടെ പേരിൽ ബിബിസി ഓഫീസിൽ, പൊലീസ് അല്ലെങ്കിൽ മറ്റുവകുപ്പുകൾ, ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോൾ, അതിനൊക്കെ എതിര ശക്തമായ നിലപാട് നമ്മളൊക്കെ സ്വീകരിച്ചിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കാനാവില്ല-സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

ഷാജൻ സ്‌കറിയയുടെ ജേണലിസത്തോട്, അദ്ദേഹത്തിന്റെ പ്രവർത്തന രീതിയോട്, ശൈലിയോട് ഒരുരീതിയിലും, യോജിപ്പുള്ള ആളല്ല ഞാൻ, അക്കാര്യത്തിലെ വിയോജിപ്പ് ആദ്യമേ രേഖപ്പെടുത്തി കൊള്ളുന്നു. പക്ഷേ ഇവിടെ മനസ്സിലാക്കിയിടത്തോളം, ഒരു എംഎൽഎ നൽകിയ അപകീർത്തി കേസാണ് വിഷയം. അപകീർത്തി കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് നമ്മുടെ നിയമത്തിൽ പറയുന്നുണ്ട്. ഒരു സ്വകാര്യ അന്യായത്തിൽ ആരംഭിക്കേണ്ടതായ വിഷയമാണിത്. അവിടെ പൊലീസ് ഇത്രവലിയ സന്നാഹത്തോടെ ഇറങ്ങി തിരിച്ചിരിക്കുന്നത് എന്തിന് വേണ്ടിയാണ് എന്നത്, മനസ്സിലാക്കാൻ പ്രയാസമുണ്ട്. ക്രിമിനൽ കേസ്, അല്ലെങ്കിൽ അപകീർത്തി കേസ്, ഡിഫമേഷൻ കേസിന്റെ ക്രിമിനൽ സ്വഭാവം തന്നെ ഇല്ലാതാക്കണം എന്ന്, ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിലാണ് ഞാൻ.

പല രാജ്യങ്ങളിലും, അമേരിക്കയിലും, ബ്രിട്ടനിലും, അടുത്ത് ശ്രീലങ്കയിലും ഡിഫമേഷൻ എന്നത് ക്രിമിനൽ സ്വഭാവം അല്ലാതായി കഴിഞ്ഞു. പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും, അത് ക്രിമിനൽ കേസിന് വകനൽകുന്ന ഒന്നാണ്. എന്നാൽ, പിന്നെ ആയിക്കൊള്ളട്ടെ, ഷാജൻ സ്‌കറിയയ്ക്ക് എതിരെ ശ്രീനിജനോ മറ്റാർക്കെങ്കിലുമോ,അപകീർത്തി കേസ് ഫയൽ ചെയ്യാൻ മജിസ്ട്രേറ്റ് കോടതിയിൽ, അവിടെ കാര്യങ്ങൾ മുന്നോട്ടുപോകട്ടെ, അതിനു പകരം, ഇവിടെയിപ്പോൾ, തെളിവുശേഖരണത്തിന് വേണ്ടിയാണെന്ന് പറഞ്ഞാൽ പോലും, യോജിക്കുന്നില്ല. കാരണം സ്വകാര്യ അന്യായത്തിൽ, തെളിവുശേഖരിച്ചുകൊടുക്കുക എന്നത് പൊലീസിന്റെ ചുമതലയല്ല. പക്ഷേ ഇവിടെയൊരു മാധ്യമ സ്ഥാപനം, അതെത്ര അനഭിമതമായ രീതിയിലും, സാമൂഹിക വിരുദ്ധമായ രീതിയിലും പ്രവർത്തിക്കുന്ന സ്ഥാപനം ആണെങ്കിലും, ആ സ്ഥാപനത്തെ ഇപ്രകാരം കൈകാര്യം ചെയ്യുന്നതിന്, ഒരുഭരണസംവിധാനത്തിനും, ഒരു നിയമവും അധികാരം നൽകിയിട്ടില്ല.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരു പത്ര പ്രവർത്തകനാണ് ഞാൻ. അതുകൊണ്ട് അന്നുമുതൽ സ്വീകരിച്ചിട്ടുള്ള നിലപാടുണ്ട്, ആ നിലപാടിൽ നിന്ന് മാറ്റം വരുത്താൻ എനിക്ക് കഴിയില്ല. ഇവിടെ പൊലീസിന്റെ തേർവാഴ്ച എന്നൊക്കെ ചിലപ്പോൾ പറയാറുണ്ട്. അത്തരത്തിലുള്ള കഠിനമായ പദങ്ങൾ ഉപയോഗിച്ച്, അപലപിക്കേണ്ടതായ രീതിയാണ് ആ മാധ്യമ സ്ഥാപനത്തിൽ, പൊലീസ് അഴിഞ്ഞാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. ഷാജൻ സ്‌കറിയയുടെ പേരിലുള്ള കേസിന്റെ കാര്യത്തിൽ, അതിൽ എന്തിന് വേണ്ടിയാണെന്ന് അറിയില്ല, ഈ രീതിയിലുള്ള, വലിയ തോതിൽ, എല്ലാ ഓഫീസുകളിലും റെയ്ഡ്, അത് പുലർച്ചെ മുതൽ പാതിരാ വരെ നീണ്ടുപോകുന്ന റെയ്ഡ്. അവിടെ കമ്പൂട്ടർ, ലാപ്ടോപ് ഉൾപ്പടെ എല്ലാ സാധന സാമഗ്രികളും, പൊലീസ് കണ്ടുകെട്ടുകയാണ്. അവിടേക്ക് സ്റ്റാഫിന് പ്രവേശനമില്ല. എന്നുമാത്രമല്ല, സ്ത്രീകൾ ഉൾപ്പെട്ട മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലും, പരിശോധന നടക്കുന്നു.

ഇങ്ങനെ, പരിശോധന നടത്തി എന്താണ് ഇവർക്ക് നേടിയെടുക്കാൻ ഉള്ളത് എന്ന കാര്യത്തിൽ നമുക്കാർക്കും വ്യക്തതയില്ല. അതുകൊണ്ട് കഠിനമായ ഭാഷയിൽ അപലപിക്കേണ്ടതായ പ്രവൃത്തിയാണ് ഷാജൻ സ്‌കറിയയുടെ കാര്യത്തിൽ ഇപ്പോൾ കേരള പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് മുകളിൽ ആ പൊലീസിനെ നിയന്ത്രിക്കുന്നത്, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്, കണ്ടില്ല, അറിഞ്ഞില്ല എന്നുനടിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച്, പൊലീസിനെ പിൻവലിക്കേണ്ടതാണ്.അതിനപ്പുറത്തേക്ക് ലഘുവായി ചർച്ച ചെയ്തോ, പരിഹരിക്കാവുന്ന വിഷയം അല്ലാതായി ഇതുമാറിയിരിക്കുന്നു-ഇതായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ നിലപാട് വിശദീകരണം.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. പിവി ശ്രീനിജൻ എം എൽ എയ്‌ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്‌കറിയക്കെതിരെ അടക്കം എസ് സി എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുൺ ഹർജി തള്ളിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.