കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വിമാന സർവീസുകൾക്കും വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകൾക്കും ഗണ്യമായ കുറവാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. പല ഫ്‌ളൈറ്റ് സർവീസുകളും കണ്ണൂരിൽ നിന്ന് ഉപേക്ഷിച്ച മട്ടാണ്. ഇതിനു പ്രധാന കാരണമായിരിക്കുന്നത് കേന്ദ്ര വ്യോമയാണ് മന്ത്രാലയം ആവിഷ്‌കരിച്ച ഉടൻ പദ്ധതി അവസാനിച്ചതാണ്. ഉടാൻ പദ്ധതി പ്രകാരം കണ്ണൂരിൽ നിന്നും സർവീസ് നടത്തിയിരുന്ന മിക്ക ഫ്‌ളൈറ്റുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല എന്നതാണ് തിരിച്ചടിയായിരിക്കുന്നത്.

സാധാരണക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാവുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഉടാൻ പദ്ധതി. താരതമ്യേന സർവീസുകൾ കുറഞ്ഞ വിമാനങ്ങളെ വിമാനത്താവളങ്ങളിലേക്ക് കൊണ്ടുവന്നു കൂടുതൽ സർവീസുകൾ എത്തിക്കുന്നതായിരുന്നു പദ്ധതി. പദ്ധതിക്ക് കീഴിൽ 425 പുതിയ റൂട്ടുകൾ തുടങ്ങിയതോടെ 29 പുതിയ കേന്ദ്രങ്ങളിലേക്ക് വിമാന യാത്ര സാധ്യമായിരുന്നു. എന്നാൽ ഇത് അവസാനിച്ചതോടെ കണ്ണൂർ വിമാനത്താവള വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഉടാൻ പദ്ധതി പ്രകാരം കണ്ണൂരിൽ നിന്ന് 5 പ്രധാന നഗരങ്ങളിലേക്ക് ആയിരുന്നു വിമാന സർവീസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജനവരിയിൽ ഉടാൻ പദ്ധതിയുടെ മൂന്നുവർഷത്തെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ കണ്ണൂരിൽ നിന്നും ഗോവ, ഹൂബ്ലി തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസ് ഇല്ലാതായി. ഇൻഡിഗോ എയർലൈൻസ് ആയിരുന്നു കണ്ണൂർ ജില്ലയിൽ നിന്നും ഗോവ, ഹൈദരാബാദ്, ഹൂബ്ലി, ചെന്നൈ ബംഗളൂരു എന്നീ നഗരങ്ങളിലേക്ക് ഉടാൻ പദ്ധതി പ്രകാരം കണ്ണൂരിൽ നിന്നും സർവീസ് നടത്തിയിരുന്നത്. കണ്ണൂരിൽ നിന്നും ഹൂബ്ലിയിലേക്ക് പൊതുവേ യാത്രക്കാർ വളരെ കുറവായിരുന്നു.

2019 മുതൽ 2022 വരെ ആയിരുന്നു കരാർ. എന്നാൽ പ്രതീക്ഷിച്ച ഒരു ലാഭം ഇടാൻ പദ്ധതി പ്രകാരം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കരാർ പുതുക്കേണ്ട എന്നുള്ള തീരുമാനം ഉണ്ടായി. സമ്മർ ഷെഡ്യൂളിങ് പ്രകാരം മറ്റു മൂന്നു നഗരങ്ങളിലേക്ക് സർവീസ് തുടർന്നപ്പോൾ ഗോവ, ഹുബ്ലി തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചു. വിമാനത്തിൽ നിരവധി യാത്രക്കാരായിരുന്നു പോയിക്കൊണ്ടിരുന്നത്. എന്നാൽ ഈ സർവീസുകൾ അവസാനിച്ചത് യാത്രക്കാർക്കും ഇപ്പോൾ തിരിച്ചടി ആയിരിക്കുകയാണ്. മട്ടന്നൂരിലെ മൂർഖൻപറമ്പിൽ വിമാനത്താവളം വലിയ പ്രതിസന്ധിയിലാണ്.

കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകളും വളരെ കുറവാണ് അതുകൊണ്ടുതന്നെ ഗോവയിൽ നിന്നായിരുന്നു പലരും കണക്ഷൻ ഫ്‌ളൈറ്റ് ഉപയോഗിച്ച് ഡൽഹിയിലേക്ക് പോയിക്കൊണ്ടിരുന്നത്. ഡൽഹി, മുംബൈ ഒഴികെയുള്ള സെക്ടറുകളിലേക്ക് ഇപ്പോൾ ഇൻഡിഗോ മാത്രമാണ് സർവീസ് നടത്തുന്നത്. ഡൽഹിയിലേക്ക് എയർ ഇന്ത്യയും മുംബൈയിലേക്ക് ഗോവസ്റ്റും ആണ് സർവീസ് ഇപ്പോൾ കണ്ണൂർ വിമാനതാവളത്തിൽ നടത്തുന്നത്.

വേണ്ടത്ര വിമാനം കണ്ണൂരിൽ നിന്ന് ഇല്ലാത്തതാണ് യാത്രക്കാരെയും മറ്റാളുകളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. വിമാനത്തിന് വരുമാനം ഉണ്ടാകുന്ന രീതിയിലുള്ള യാത്രക്കാർ കണ്ണൂരിൽ നിന്ന് ഇല്ല എന്നതാണ് പല വിമാന കമ്പനികളും നൽകുന്ന മറുപടി. കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്കും, ചെന്നൈയിലേക്കും മാത്രമാണ് പ്രതിദിനം രണ്ട് ആഭ്യന്തര സർവീസുകൾ നടത്തുന്നത്. മറ്റ് പ്രധാന നഗരങ്ങളിലേക്ക് ഒക്കെ ഓരോ സർവീസുകൾ മാത്രമാണ് നിലവിലുള്ളത്.

ഒത്തിരി അധികം വിമാന കമ്പനികൾ ഇല്ലാത്തതിനാൽ തന്നെ വിമാന കമ്പനികൾ തമ്മിൽ ഇവിടെ മത്സരമില്ല. ആഭ്യന്തരവും അന്താരാഷ്ട്രവുമായി വളരെ തുച്ഛമായ വിമാനങ്ങൾ മാത്രമാണ് നിലവിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി എല്ലാ സർവീസുകളുടെയും യാത്രാ നിരക്ക് ഉയർന്നിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ സർവീസുകൾ വന്നാൽ മാത്രമേ യാത്ര ചെയ്യുന്ന ആളുകളുടെ തോതിലും വർദ്ധന ഉണ്ടാവുകയുള്ളൂ എന്നാണ് യാത്രക്കാരുടെ പക്ഷം.