കോഴിക്കോട്: ലിംഗ നീതിക്കും, സ്ത്രീ സ്വതന്ത്രത്തിനുമൊക്കെ വേണ്ടി പ്രവർത്തിക്കുന്നവരാണ് കവികൾ അടങ്ങിയ സാംസ്കാരിക നായകർ. പക്ഷേ ഇപ്പോൾ ഇത്തരം കവികളെകൊണ്ട് പെൺകുട്ടികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കയാണെന്നാണ് എഴുത്തുകാരി ഇന്ദുമേനോൻ പറയുന്നത്. സ്ത്രീ പീഡനത്തിലുള്ള ഒരു കുറുക്കുവഴിയായാണ് ഇവർ സാംസ്കാരിക ജീവിതത്തെ കാണുന്നത് എന്ന് അവർ എഴുതുന്നു. ഇപ്പോൾ ശരിപക്ഷത്ത് നിൽക്കുന്നുവെന്ന് അറിയപ്പെടുന്ന ഒരു പുരോഗമന യുവ കവി, ഒരു സെമിനാറിലേക്ക് ക്ഷണിച്ചുവരുത്തി, ഒരു യുവതിയെ സമ്മതമില്ലാതെ ചുംബിക്കുകയും, തുടർന്ന് ലൈംഗിക വേഴ്ചയിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോയുമാണ് പുറത്തായത്. എന്നാൽ കവിക്കെതിരെ യുവതി പരാതിപ്പെട്ടില്ല.

പക്ഷേ ഇത്തരം പരിപാടി കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ പതിവാണെന്നാണ് ഇന്ദുമേനോൻ പറയുന്നത്. 'സിനിമയിൽ കാസ്റ്റിങ് കൗച്ച് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംഗതി സാഹിത്യത്തിലും ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് കണ്ടുവന്നിരുന്നത്. പക്ഷേ ഇപ്പോൾ അത് വ്യാപകമായിട്ടുണ്ട്. കൺസെന്റ് ഇല്ലാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് പുസ്തകം പ്രസിദ്ധീകരിക്കാം, കവിത അച്ചടിക്കാം, മ്യൂസിയത്തിന്റെ ഡയറക്ടർ ആക്കാം, വിദേശ ഫെസ്റ്റിവലുകളിൽ ഉൾപ്പെടുത്താം, ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ അതിഥികളായി അവസരം നൽകാം, അവാർഡുകൾ തരപ്പെടുത്തി നൽകാം തുടങ്ങി പലവിധ ഓഫറുകൾ മുമ്പോട്ട് വെച്ചുള്ള പ്രലോഭനങ്ങളിലൂടെയാണ്''- ഇന്ദുമേനോൻ തന്റെ പോസ്റ്റിൽ തുറന്നടിക്കുന്നു.

ഈ പോസ്റ്റ് സാഹിത്യലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നേരത്തെ കഥാകൃത്ത് വി ആർ സുധീഷ്, എഴുത്തുകാരൻ സിവിക്ക് ചന്ദ്രൻ, കവി ജയദേവൻ എന്നിവർക്കെതിരെ ലൈംഗികപീഡന ശ്രമം എന്ന ആരോപണം ഉയർന്നിരുന്നു. സുധീഷിനും സിവിക്കിനുമെതിരെയുള്ള കേസുകൾ ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് പുതിയ വിവാദം വരുന്നത്. ഇതിനെ യുവധാരയുടെ ഫെസ്റ്റിവലുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഈ സംഭവം നടക്കുന്നത് വൈലോപ്പിള്ളിയിൽ വച്ചാണ് എന്നും ഇന്ദുമേനോൻ തന്റെ വിവാദ പോസ്റ്റിന്റെ അവസാനം പറയുന്നുണ്ട്.

....കവികളെ സുക്ഷിക്കുക

ഇന്ദുമേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.- 'സാഹിത്യത്തിനകത്ത് കവികളെന്ന നല്ല ഒന്നാന്തരം കഴപ്പന്മാരെക്കൊണ്ട് സ്ത്രീകൾക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും ജീവിക്കാൻ വയ്യാത്ത അവസ്ഥ സംജാതമായിരിക്കയാണ്. നക്സലിസവും നാടകവും ജ്യോതിഷവും ബാലസാഹിത്യവും പ്രമുഖരാഷ്ട്രീയക്കാരുമായുള്ള ആത്മബന്ധവും സമം ചേർത്ത് ഈ പരനാറിക്കൂട്ടങ്ങൾ നിലാനടത്തം നടത്തുകയും പോണപോക്കിൽ മുല പിടുത്തം തരമാക്കുകയും ചെയ്യുന്നു. പുസ്തകം പ്രസിദ്ധീകരിക്കാൻ വേണ്ടി ഉള്ള ചർച്ചയ്ക്ക് വരണം എന്ന് ആവശ്യപ്പെട്ട് സ്വന്തം പൈസയ്ക്ക് മുറിയെടുത്ത് പെൺകുട്ടികളെ കൊണ്ടു വന്നു പീഡിപ്പിക്കുന്ന മഹാവേന്ദ്രന്മാരുടെ കാലമാണിത്.

ഉറങ്ങിക്കിടക്കുന്നവരെ ഉമ്മവെയ്ക്കുക, പെൺകുട്ടികളെ കയറിപ്പിടിക്കുക, ബലാത്കാരം ചെയ്യുക, ഉമ്മോണിങ് ഉംനൈറ്റിനു ശേഷം ചുക്കാണി പടം ഒരു അവാർഡായി അയച്ചുകൊടുക്കുക, നിന്നെ ഞാൻ റേപ്പ് ചെയ്യാതെ വിട്ടില്ലെ എന്നു വീരസ്യം പറയുക തുടങ്ങി കവികളുടെ ലിംഗവിശപ്പു കാരണം മലയാള സാഹിത്യ ലോകത്ത് നിന്നും സ്ത്രീകൾക്ക് ഓടിപ്പോകേണ്ടി വരുന്ന ഒരവസ്ഥ സംജാതമാണ്.

(ഇതെല്ലാം സ്വീകാര്യമായവർക്ക് അങ്ങനെയാവാം. ഒട്ടും ജഡ്ജ്മെന്റെൽ അല്ല. കൺസെന്റുള്ളവരുടെ കാര്യവുമല്ല) കുഞ്ഞു പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും ഈ പീഡകർ വെറുതെ വിട്ടിട്ടില്ല എന്നതാണ് ദുഃഖകരം. സ്ത്രീപക്ഷത്തെയും സാഹിത്യത്തിലെയും ചില പ്രമുഖ സ്ത്രീകളും ഇത്തരം പീഡകർക്കും കുറ്റവാളികൾക്കും വേണ്ടി പൊറുത്തും അയഞ്ഞുകൊടുത്തും മാമാ പണി ചെയ്തും അവറ്റകളുടെ കോണകം കഴുകിയും ജീവിക്കുന്നതും നമ്മൾ കണ്ടു.

ഇപ്പോൾ ഇതിന്റെ അപ്ഗ്രേഡഡ് വേർഷനായി പുതിയ ഒരു ഐറ്റം ഇറങ്ങിയിട്ടുണ്ട്. 'ബലാത്സംഗത്തിൽ നിന്നും നിന്നെ ഞാൻ വെറുതെ വിട്ടു'' എന്ന് അനുമതിയില്ലാതെ ഒരു പെൺകുട്ടിയെ കയറിപ്പിടിച്ച ശേഷം പറയുന്ന കവിയുടെ ധാർഷ്ട്യം ആണത്. പല വോയിസ് മെസ്സേജുകൾ ആയി നമ്മളിൽ മേൽ കടൽക്കവിയുടെ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ ഉഷാറായി പാറി നടക്കുകയാണ്. ആ വോയിസ് സംഭാഷണത്തിൽ ഉടനീളം ധ്വനിക്കുന്ന ആക്രമണോത്സുകമായ ആണഹന്ത നമ്മളെ അറപ്പിക്കും. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്രയും അധാർമികമായി എങ്ങനെ പെരുമാറുന്നു എന്ന് അത്ഭുതം തോന്നും.

സംഭവം ഇങ്ങനെയാണ്ഛ ഏറ്റവും ക്രെഡിബിലിറ്റിയുള്ള, ശരിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു സംഘടന ആദ്യമായി യുവജനങ്ങൾക്ക് വേണ്ടി ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സാഹിത്യത്തിന്റെ എല്ലാ തലങ്ങളിലും ഉള്ള വ്യക്തികളെ ഒന്നിച്ചു ചേർത്തു വലിയ വിജയമായി തീർന്ന ഫെസ്റ്റിവലിന്റെ അമരക്കാരിൽ ഒരാളാണ് ഈ കവി. (കടപ്പൊറം ഭാഷയുടെ ചൊറുക്ക് അയച്ചു നൽകുന്നവർ ഫെസ്റ്റിവൽ കൂട്ടയ്മയുടെ പ്രെസ്സ് റിലീസ്സ് ഫോട്ടോ കൂടി ബോണസ്സായി അയച്ചു തരുന്നുണ്ട്) കവി ചെറുപ്പക്കാരനാണ്. വിദ്യാഭ്യാസം കുട്ടനെപ്പോലയല്ല വേണ്ടോളമുണ്ട്. അക്കാദമിക മേഖലയിൽ പി.എച്.ഡിയടക്കമുള്ള ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ ഒരുത്തനാണ്. കടലിന്റെ മണമുള്ള മനോഹരമായ കവിതകൾ ഒക്കെ ടിയാൻ എഴുതിയിട്ടുണ്ട്.

പ്രത്യക്ഷത്തിൽ ശരിയുടെ പക്ഷത്തും മാത്രം നിൽക്കുന്ന ഒരു കവിയായിരുന്നു ചങ്ങാതി. തലസ്ഥാനനഗരിയിലും മറ്റുപലയിടങ്ങളിലും നടക്കുന്ന പല പരിപാടികൾക്കും പെൺകുട്ടികളെ/ സ്ത്രീകളെ അതിഥികളായി ക്ഷണിക്കലാണ് ഇയാളുടെ രീതി. വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ഒരു സാഹിത്യപരിപാടി. താമസിക്കാനുള്ള മുറിയും അതിന്റെ ഡീറ്റെയിൽസും എല്ലാം പെൺകുട്ടിക്ക് അയച്ചുകൊടുക്കുന്നു. സാഹിത്യ സംഘടനയുടെ പേരിന്റെ ക്രെഡിബിലിറ്റി/ സർക്കാർ സംഘടനയുടെ പേരിന്റെ വിശ്വസ്തത ഉള്ളതുകൊണ്ട് പെൺകുട്ടി തലേന്ന് തന്നെ വെന്യൂവിൽ എത്തുന്നു. ഏതാണ്ട് 11.30 മണിയോടെ കവി അവിടെ എത്തിച്ചേരുന്നു. കുട്ടിക്ക് വേദിയില്ല എന്ന സത്യം അറിയിക്കുന്നു. ശേഷം ആശ്വസിപ്പിക്കാനായി കയറി കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു. ശാരീരികാക്രമണവും ചതിയുടെ വഴിയും മനസ്സിലാക്കിയ പെൺകുട്ടി അവിടെ നിന്നും പ്രാണനും പിടിച്ച് ഓടി രക്ഷപ്പെടുന്നു. കടല്വെരുകിന്റെ കാമം അൽപ്പം കടന്നു പോയതിനാൽ പെൺകുട്ടിയുടെ കാതമർന്ന് കമ്മൽ കുത്തി മുറിവേറ്റിട്ടുമുണ്ട്.

അതിനുശേഷമുള്ള ഫോൺ സംഭാഷണമാണ് ബഹുകേമം. ഡാഷേട്ടാ നിങ്ങളെന്തിനാണ് ഇല്ലാത്ത പരിപാടിയുടെ പേരു പറഞ്ഞ് എന്നെ വിളിച്ചതെന്ന് അവൾ ചോദിക്കുമ്പോൾ നിനക്ക് എത്ര പൈസ വേണം? നീ ക്യാമ്പസ്സിലേയ്ക്ക് വാടീ. നിന്നെ ഉമ്മ വെച്ചിട്ടുണ്ട് വേറെ ഒന്നും ചെയ്തില്ലല്ലോ? വേറെയെന്തെങ്കിലും ചെയ്തോ ഞാനെത്ര സോറി പറഞ്ഞു? ഞാൻ ഇറങ്ങിപ്പോകാൻ സമ്മതിച്ചില്ലെങ്കിൽ നീയെന്തും ചെയ്യും? നിന്റെ ചേട്ടനോട് ഇതു പറഞ്ഞാൽ അയാൾ വിശ്വസിക്കുമോ? ഞാനിത് പറഞ്ഞാൽ നിന്റെ കല്യാണത്തെ ബാധിക്കും. എന്റെ കയ്യിൽ വീഴ്ചപറ്റിയതിനാൽ ഞാൻ നിന്നോട് താണൂ പറയേണ്ട കാര്യമുണ്ടോ? മുറിയെടുത്തിട്ടും 7820 രൂപ ചെലവായിട്ടും ഒന്നും നടക്കാത്ത കലിപ്പാണ് തനിക്കെന്ന് അയാൾ തുറന്നു പറയുന്നുണ്ട്.. ലക്ഷക്കണക്കിനു രൂപ അക്കൗണ്ടിലും മാറ്റാൻ ബാത്ത് വിദേശതുകയും തനിക്കുണ്ട്. ഈ സംഭാഷണം റെക്കോർഡ് ചെയ്താൽ എന്നെക്കാളുമധികം നിനക്ക് കുഴപ്പം വരുന്നത് നിനക്കാണ്. വെറിയും അമർത്തിയ തെറിയും ധാർഷ്ട്യവും കോപവും കൊണ്ട് അലറുന്ന അവസ്ഥയിലാണ് കവി. ഞാനെന്തെങ്കിലും ഫോഴ്സ്സ്ഫുള്ളി ചെയ്തിരുന്നെങ്കിൽ നിനക്കൊന്നും ചെയ്യാൻ കഴിയില്ലെടീ എന്നാണ് അന്ത്യവാചകം.

തീർത്തും ദാരിദ്രാവസ്ഥയിലുള്ളവളും, സാഹിത്യസ്നേഹിയുമാണ് പെൺകുട്ടി എന്നു സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. അടുത്ത വോയ്സ്സുകൾ അതിലേറെ ഗംഭീരമാണ്. അത് പിന്നീട് പറയാം. പെൺകുട്ടി പരാതിപ്പെട്ടാൽ അവളുടെ ജീവിതം ഭർത്താവിനോട് പറഞ്ഞു കൊടുത്ത്ു കൊഞ്ഞാട്ടയാക്കുമെന്ന ഉഗ്രഭീഷണി നിലവിലുണ്ട്.

കലയിലും സാഹിത്യത്തിലും സ്പോർട്സിലും എല്ലാം ലൈംഗിക മൂലധനം അഥവാ സെക്ഷ്വൽ ക്യാപിറ്റൽ ലിബറേറ്റ് ചെയ്തുകൊണ്ട് നിലനിൽക്കുന്ന ഒരു രീതി പാട്രിയാർക്കൽ സമൂഹത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു. സിനിമയിൽ കാസ്റ്റിങ് കൗച്ച് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംഗതി സാഹിത്യത്തിലും ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് കണ്ടുവന്നിരുന്നത്. കടൽക്കിഴവന്മാരായ കവികളുടെ ലൈംഗികചോദനങ്ങൾ പീഡനശ്രമങ്ങളായും മുലയ്ക്ക് പിടുത്തങ്ങൾ ആയും കഴുത്തു പിടിച്ചു തിരിക്കുന്നതായും ആരംഭിച്ച് സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന വിശാലപദ്ധതിയായി മാറിയിരിക്കുന്നു.

കൺസെന്റ് ഇല്ലാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് പുസ്തകം പ്രസിദ്ധീകരിക്കാം, കവിത അച്ചടിക്കാം, മ്യൂസിയത്തിന്റെ ഡയറക്ടർ ആക്കാം, വിദേശ ഫെസ്റ്റിവലുകളിൽ ഉൾപ്പെടുത്താം, ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ അതിഥികളായി അവസരം നൽകാം, അവാർഡുകൾ തരപ്പെടുത്തി നൽകാം തുടങ്ങി പലവിധ ഓഫറുകൾ മുമ്പോട്ട് വെച്ചുള്ള പ്രലോഭനങ്ങളിലൂടെയാണ്. കാമക്കഴുതകളാകട്ടെ യാതൊരു ധാർമികതയുമില്ലാതെ നുണപറഞ്ഞ് സ്ത്രീകളെ മുറികളിൽ എത്തിക്കുന്നു. ഇവറ്റകളുടെ ലിംഗവിശപ്പോളം ജീർണ്ണകരമായി മറ്റൊന്നില്ല. നവകാല സിവിക്കുമാരുടെ ദളിത് പക്ഷവും ഇടതുപക്ഷ ചായവുമൊക്കെ ശരീരത്തിന്റെ വിശപ്പൊടുക്കാനുള്ള കേവല വഴികൾ മാത്രമാണ്. നിന്നെ ഞാൻ റേപ്പ് ചെയ്യാത്തത് ഔദാര്യമെന്ന് വിളിച്ച് അഹന്തയോടെ പറയുന്ന ഇവനെയൊക്കെ വാഴ്‌ത്തുന്നവരെയും വളർത്തുന്നവന്മാരെയും വേണം ചാട്ടയ്ക്കടിക്കാൻ.

ഈ പെണ്ണുങ്ങൾക്ക് പരാതിയില്ലല്ലോ പിന്നെ നിങ്ങൾക്കെന്താ എന്ന ആനക്കാരോട്: എഴുതാനാഗ്രഹിക്കുന്നു എന്ന ഒറ്റക്കാരണത്താൽ പെണ്ണിന്റെ ശരീരത്തിനു വിലപേശുന്ന മാമമാരോട്, കടൽക്കാമക്കഴുതകളോട് സമരസമില്ല. രണ്ട് ഇങ്ങനെയൊക്കെ ചെയ്താലെ അവസരം കിട്ടുവെന്ന രീതി ഇവിടെയുണ്ടെന്ന് പുതിയ തലമുറ വിശ്വസിക്കുന്ന എനിക്ക് ലജ്ജകരവും അപമാനകരവുമാണ്. മുന്നിൽ നടന്നു പോയ പെൺ എഴുത്തുകാരി എന്ന നിലയിൽ എഴുതിയും എഴുതിയും എഴുതിയും ചെയ്ത പ്രയത്നത്തിനും കഠിനാധ്വാനത്തിനും യാതൊരു വിലയുമില്ലാതെ വരും.

സ്ത്രീകളെ ഉപദ്രവിക്കുന്നവർ (സ്ത്രീകളെ ഉപദ്രവിക്കരുത്) സാഹിത്യത്തെ അതിന്റെ ഉപകരണമാക്കരുത്. ഞങ്ങൾക്ക് പണിയുണ്ടാക്കരുത്. കുറേ സ്ത്രീകൾ കേറി ചിലപ്പോൾ ഇടപെട്ടെന്നു വരും എഡിറ്റർമാരും, ഫെസ്റ്റിവൽ ഡയറക്ടെർമാരും പാർട്ടിക്കാരുമൊക്കെ ഇത്തരക്കാരെ തിരിച്ചറിയേണ്ടതുണ്ട്.

നബി: ഇതിനെ യുവധാരയുടെ ഫെസ്റ്റിവലുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഈ സംഭവം നടക്കുന്നത് വൈലൊപ്പള്ളിയിൽ വച്ചാണ്. ഇത് രാഷ്ട്രീയ വിഷയമായി പരസ്പരം തല്ലാനും തല്ലിക്കാനുമുള്ള ഒരു പോസ്റ്റല്ല.'- ഇങ്ങനെയാണ് ഇന്ദുമേനോൻ
തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.